ഗർഭാവസ്ഥയും പ്രസവവും കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുന്ന അപൂർവ്വ ഡിസൈനിലുള്ള പാവ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
പ്രമുഖ ടോയ് നിർമ്മാതാക്കളായ 'സുരു' വിപണിയിലിറക്കിയ 'മൈ മിനി ബേബി മോം ആൻഡ് ബേബി സർപ്രൈസ്' എന്ന കളിപ്പാട്ടമാണ് ഇപ്പോൾ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്.
പ്രസവാനന്തര രംഗങ്ങൾ പുനഃസൃഷ്ടിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ പാവയുടെ രൂപകൽപ്പന. ഗർഭിണിയായ അമ്മയുടെ വയറിന് സമാനമായ വലിയ അറയ്ക്കുള്ളിലാണ് കുഞ്ഞിനെ വച്ചിരിക്കുന്നത്.
'Xoxo Toyz' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച അൺബോക്സിംഗ് വീഡിയോയിലാണ് ഈ കളിപ്പാട്ടത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്നത്.
പാവയുടെ വയറ്റിലെ അറ തുറന്ന്, ആംനിയോട്ടിക് സഞ്ചിക്ക് സമാനമായ കവറിനുള്ളിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്ത് വസ്ത്രം ധരിപ്പിച്ച ശേഷം അമ്മയുടെ കൈകളിൽ വെച്ചു നൽകാൻ ഇതിലൂടെ സാധിക്കും.
തുടർന്ന് പാവയുടെ വയറ്റിലെ ഭാഗം പഴയപടിയാക്കി മാറ്റുകയും ചെയ്യാം. സോഷ്യൽ മീഡിയയിൽ എത്തിയതോടെ ഈ വ്യത്യസ്ത ഡിസൈൻ വലിയ തോതിലുള്ള പ്രതികരണങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
പ്രസവം പോലുള്ള സങ്കീർണമായ വിഷയങ്ങൾ കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ ഉൾപ്പെടുത്തുന്നത് അവരുടെ കുട്ടിത്തത്തെയും മാനസിക വളർച്ചയെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോൾ, മറ്റ് ചിലർ രസകരമായ തമാശകളിലൂടെയാണ് ഇതിനെ സമീപിക്കുന്നത്.
യഥാർഥ ജീവിതത്തിലും പ്രസവം ഇത്രയും ലളിതമായിരുന്നെങ്കിൽ എന്ന് ആശംസിക്കുന്നവരും, കുട്ടിയുടെ അച്ഛനെ വേറെ വാങ്ങേണ്ടി വരുമോ എന്ന് തമാശ രൂപേണ ചോദിക്കുന്നവരും ഇതിലുണ്ട്.
Tags : Zuru ZuruToys MyMiniBaby Unboxing ViralToy