വീട്ടിലെത്തിയ തത്തയ്ക്ക് കെ.കെ. അജയഘോഷ് തീറ്റ നൽകുന്നു
തുറവൂർ: ഒരു തക്കാളിയിൽ തുടങ്ങിയ സൗഹൃദം. വീട്ടിലെ അതിഥിയായി മാറിയ തത്തയ്ക്കും പറയാനുണ്ടൊരു സ്നേഹത്തിന്റെ കഥ. ഓണത്തിന് രണ്ടു ദിവസം മുമ്പ് രാവിലെ വീട്ടുമുറ്റത്ത് നിന്നപ്പോഴാണ് കെ.കെ. അജയഘോഷ് ആദ്യമായി തത്തയെ കാണുന്നത്. വീടിനു സമീപത്തെ മരക്കൊമ്പിൽ അനങ്ങാതെ ഇരിക്കുകയായിരുന്ന പച്ചനിറമുള്ള അതിഥി. പിന്നീട് വീട്ടിലെ ഒരംഗത്തെപ്പോലെ മാറുമെന്ന് അന്ന് അദ്ദേഹം കരുതിയിരുന്നില്ല.
കുറച്ചുനേരം കഴിഞ്ഞിട്ടും തത്ത പറന്നുപോകാതിരുന്നതോടെ കൗതുകത്താൽ അജയഘോഷ് അടുക്കളയിൽ നിന്ന് ഒരു തക്കാളിയെടുത്ത് തത്തയ്ക്ക് നേരെ നീട്ടി. എന്നാൽ, തത്ത പ്രതികരിച്ചില്ല. തുടർന്ന് തത്തയെ കാണുന്നിടത്തിന് സമീപം ടെറസിൽ തക്കാളി വച്ചശേഷം അദ്ദേഹം മടങ്ങി. അൽപസമയം കഴിഞ്ഞ് മരത്തിൽ തത്തയെ കാണാതായതോടെ ടെറസിൽ ചെന്നുനോക്കിയപ്പോൾ, താൻ വച്ച തക്കാളി കൊത്തിത്തിന്നുന്ന തത്തയെയായിരുന്നു കണ്ടത്. അജയഘോഷിനെ കണ്ടതോടെ തത്ത പറന്നുപോയെങ്കിലും ആ സന്ദർശനം അവിടെ അവസാനിച്ചില്ല.
വൈകുന്നേരമായപ്പോൾ തത്ത വീണ്ടും അതേ മരത്തിലെത്തി. ശ്രദ്ധ ആകർഷിക്കുന്നതുപോലെ ശബ്ദമുണ്ടാക്കിയ തത്തയ്ക്ക് അജയഘോഷ് കുറച്ച് ചോറ് നൽകി. മനുഷ്യസാന്നിധ്യത്തെ ഭയന്ന് അകലെയിരുന്ന തത്ത പിന്നീട് പതുക്കെ താഴെയിറങ്ങി ചോറ് കൊത്തി. അതിന് ശേഷമാണ് ആ അപൂർവ സൗഹൃദത്തിന്റെ തുടക്കം.
അടുത്ത ദിവസങ്ങളിലും തത്തയുടെ വരവ് തുടർന്നു. അജയഘോഷ് വീട്ടിലില്ലാത്ത സമയങ്ങളിൽ മകൾ സനയും ഭാര്യ നിതയും അമ്മയും ചേർന്ന് തത്തയ്ക്ക് ഭക്ഷണം നൽകാൻ തുടങ്ങി. ആദ്യമൊക്കെ വീട്ടിൽ നിന്ന് അകലെ മാറിനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. പിന്നീട് അകലം കുറഞ്ഞു. ആദ്യം വാട്ടർ ടാങ്കിന് മുകളിൽ ഇരുന്ന് ഭക്ഷണം കഴിച്ച തത്ത പിന്നീട് ഉമ്മറത്തേക്കും വീട്ടുകാരുടെ തൊട്ടരികിലേക്കും എത്തിത്തുടങ്ങി.
രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഒരു ദിവസം പോലും മുടങ്ങാതെ തത്തയെത്തി ഭക്ഷണം കഴിച്ച് മടങ്ങുന്നത് പതിവായി. ഓരോ ദിവസവും മനുഷ്യരോടുള്ള ഭയം കുറഞ്ഞുവന്ന തത്ത ഇപ്പോൾ വീട്ടുകാരുടെ അടുത്തെത്തി യാതൊരു മടിയുമില്ലാതെ ഭക്ഷണം കഴിക്കുന്നതായി അജയഘോഷ് പറയുന്നു.
വീട്ടിലുള്ളവർ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയാൽ ജനലിനരികിലെത്തി ചിലച്ച് ശബ്ദമുണ്ടാക്കും. അതിനും പ്രതികരണമില്ലെങ്കിൽ ജനലിലൂടെയോ വാതിലിലൂടെയോ വീടിനുള്ളിലേക്കും കടക്കും. വീട്ടുകാരോട് ചേർന്ന് നിൽക്കുമ്പോൾ ചുറ്റുമുള്ള കാക്കകളോ പൂച്ചകളോ മറ്റ് പക്ഷികളോ തന്നെ ഉപദ്രവിക്കില്ലെന്ന ആത്മവിശ്വാസം തത്തയകക് ഉണ്ടായതായി തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു.
ഒരുപക്ഷി മനുഷ്യനെ വിശ്വസിക്കാൻ തുടങ്ങിയതിന്റെ കഥയാണ് ഇതെന്ന് അജയഘോഷ് പറയുന്നു. ഭക്ഷണം നൽകിയതിലൂടെ മാത്രം രൂപപ്പെട്ട ബന്ധമല്ല ഇത്. ദിവസങ്ങൾക്കൊണ്ട് അകലങ്ങൾ കുറച്ച് ഭയത്തെ വിശ്വാസമാക്കി മാറ്റിയ ഒരു സ്നേഹബന്ധമാണ്. ഒരു തക്കാളിയിൽ ആരംഭിച്ച പരിചയം ഇന്ന് വീട്ടുമുറ്റത്തെ പതിവ് സന്ദർശനമായി മാറിയിരിക്കുകയാണ്. ഇന്നും തത്തയെത്തി ഭക്ഷണം കഴിച്ച് പറന്നുപോയതായി അജയഘോഷ് പറയുന്നു. നമ്മളെ ഇനിയും വിശ്വസിക്കുന്നുണ്ടെങ്കിൽ തത്തമ്മ വീണ്ടും വരട്ടെ എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു.
മനുഷ്യനും പ്രകൃതിയും തമ്മിൽ രൂപപ്പെടുന്ന നിശബ്ദമായ ബന്ധത്തിന്റെ മനോഹരമായ ഉദാഹരണമായി മാറുകയാണ് ഈ തത്തയും കുടുംബവും തമ്മിലുള്ള അപൂർവ സൗഹൃദം.