സ്വകാര്യ മേഖലയിലെ വൻ ജോലിഭാരവും കുറഞ്ഞ ശമ്പളവും നൽകിയ പ്രയാസങ്ങളിൽ നിന്ന് പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന നിലയിലേക്ക് ഉയർന്ന ഡൽഹി സ്വദേശി മൻസിയുടെ അനുഭവ കഥ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുന്നു.
മുൻപ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് കഠിനാധ്വാനം ചെയ്തിട്ടും വെറും 22,000 രൂപ മാത്രമായിരുന്നു മൻസിക്ക് പ്രതിമാസം ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് സർക്കാർ ജോലിയിലേക്ക് മാറിയതോടെ അവരുടെ ജീവിതം മാറിമറിയുകയായിരുന്നു.
നിലവിൽ പ്രതിമാസം 90,000 രൂപയാണ് സർക്കാർ ജോലിയിലൂടെ മൻസിക്ക് ശമ്പളമായി ലഭിക്കുന്നത്. ജോലിക്ക് പുറമെ പാർട്ട് ടൈം ആയി ഇൻസ്റ്റാഗ്രാമിൽ കണ്ടന്റ് ക്രിയേറ്ററായി പ്രവർത്തിക്കുന്നതിലൂടെയും മികച്ചൊരു തുക അവർ അധിക വരുമാനമായി കണ്ടെത്തുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം ശമ്പളവും സോഷ്യൽ മീഡിയ ബ്രാൻഡ് സഹകരണങ്ങളും വഴി ആകെ 1.56 ലക്ഷം രൂപ സമ്പാദിക്കാൻ കഴിഞ്ഞതായി ഒരു വീഡിയോയിലൂടെ മൻസി വെളിപ്പെടുത്തി.
ഓഗസ്റ്റിൽ മാത്രം പിയേഴ്സ്, പ്ലഷ്, ഇൻഡെ വൈൽഡ് തുടങ്ങിയ അഞ്ച് മുൻനിര ബ്രാൻഡുകളുമായി ഇവർ പങ്കാളികളായി. ഒരോ ബ്രാൻഡിൽ നിന്നും 50,000 മുതൽ 10,000 രൂപ വരെ പ്രതിഫലം ലഭിച്ചതിലൂടെ 66,000 രൂപ കണ്ടന്റ് ക്രിയേഷനിൽ നിന്ന് മാത്രം നേടാനായി.
സാമ്പത്തികമായി വലിയ പിന്തുണ നൽകുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ പ്രവർത്തനം ഒരു പാർട്ട് ടൈം സംരംഭമായി മാത്രമാണ് കാണുന്നതെന്നും സർക്കാർ ജോലിക്കാണ് മുൻഗണനയെന്നും മൻസി വ്യക്തമാക്കുന്നു. എന്നാൽ താൻ ഏത് സർക്കാർ വകുപ്പിലാണ് ജോലി ചെയ്യുന്നതെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല.
സ്വകാര്യ മേഖലയിലെ തുച്ഛമായ വേതനത്തിൽ നിന്ന് ഇപ്പോഴത്തെ മികച്ച സാമ്പത്തിക നിലയിലേക്ക് എത്തിയത് തന്റെ കഠിനാധ്വാനം കൊണ്ടാണെന്നും, ഇതൊരു തുടക്കം മാത്രമാണെന്നും മൻസി പങ്കുവെച്ച പോസ്റ്റിൽ കുറിക്കുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ നിരവധി ആളുകളാണ് മൻസിക്ക് പിന്തുണയുമായി എത്തിയത്.
കൂടാതെ ഒരു സർക്കാർ ജീവനക്കാരന് സോഷ്യൽ മീഡിയയിലൂടെ പാർട്ട് ടൈം വരുമാനം നേടാൻ അനുവാദമുണ്ടോ എന്ന ഉപയോക്താവിന്റെ സംശയത്തിന് നിയമപരമായി തടസങ്ങളില്ലെന്ന് അവർ മറുപടിയും നൽകി.
അമിത ജോലിഭാരം അനുഭവിക്കുന്ന സ്വകാര്യ മേഖലയിലെ നിരവധിയാളുകൾക്ക് പ്രതീക്ഷ നൽകുന്നതാണ് മൻസിയുടെ ഈ യാത്ര.
Tags : CareerGrowth SuccessStory ViralNews MotivationDaily LifeUpdate