അത്യാധുനിക ആഡംബര വാഹനങ്ങളും കനത്ത സുരക്ഷാ വ്യൂഹങ്ങളും നിറഞ്ഞ പതിവു ജീവിതചര്യകളിൽനിന്ന് മാറി, മുംബൈ ഘാട്കോപ്പറിലെ തിരക്കേറിയ തെരുവിൽ പെട്ടെന്നൊരു ദിവസം ഒരു യാചകൻ പ്രത്യക്ഷപ്പെട്ടു.
കണ്ടുനിന്നവർ ആദ്യം അത്ഭുതപ്പെട്ടെങ്കിലും, പിന്നീട് കാര്യമറിഞ്ഞപ്പോൾ ഞെട്ടി. മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും ധനികനായ ബിജെപി എംഎൽഎ പരാഗ് ഷായായിരുന്നു ആ യാചകവേഷത്തിൽ.
2024-ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം 3,383 കോടി രൂപയിലധികം സ്വത്തുവകകളുള്ള ഒരു ജനപ്രതിനിധിയാണ് ആഡംബരങ്ങളെല്ലാം മാറ്റിവെച്ച് മണിക്കൂറുകളോളം തെരുവിൽ ചെലവഴിച്ചത്.
ഏതാനും വർഷങ്ങൾ കൊണ്ട് 500 കോടിയിൽനിന്ന് അയ്യായിരത്തോളം കോടിയിലേക്ക് ആസ്തി വളർന്ന റിയൽ എസ്റ്റേറ്റ് വ്യവസായി കൂടിയായ ഈ ജനപ്രതിനിധിയുടെ നീക്കം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
എന്നാൽ, തന്റെ ഈ അപൂർവ്വ അനുഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോ പരസ്യ താല്പര്യങ്ങളോ ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ജെയിൻ മതവിശ്വാസികൾക്കിടയിൽ പവിത്രമായി കരുതപ്പെടുന്ന ചാതുർമാസ്യ വ്രതകാലത്തിന്റെ ഭാഗമായി, ആത്മീയ ഗുരു നമ്റമുനിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം ഈ പരീക്ഷണത്തിന് തയ്യാറായത്.
അഹങ്കാരവും ലൗകിക സുഖങ്ങളും വെടിഞ്ഞ്, സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരുടെ ജീവിതവും പ്രയാസങ്ങളും നേരിട്ടറിയുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
തന്റെ അംഗരക്ഷകരെയും വാഹനങ്ങളെയും ഒഴിവാക്കി തെരുവിലിറങ്ങിയ പരാഗ് ഷാ, വഴിയരികിൽ ഇരിക്കുകയും യാചിക്കാതെ തന്നെ ആഹാരം കഴിക്കുകയും ചെയ്തു.
ഒരു സിനിമയിലെ രംഗത്തെ ഓർമ്മിപ്പിക്കുന്ന ഈ അനുഭവത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ പിന്നീട് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞതും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായതും.
ആഡംബരങ്ങളുടെ നടുവിൽ ജീവിക്കുന്ന ഒരാൾ ലളിത ജീവിതത്തിന്റെ വ്യാപ്തി മനസിലാക്കാൻ നടത്തിയ ഈ അപൂർവ്വ പരിശ്രമം ഇപ്പോൾ വ്യാപകമായ ശ്രദ്ധ നേടുകയാണ്.
Tags : ParagShah MumbaiNews BillionaireToBeggar ViralVideo MaharashtraPolitics