മലപ്പുറം കൊണ്ടോട്ടിയിലെ ഒരു വിവാഹച്ചടങ്ങിൽ അതിഥിയായെത്തിയ സോഷ്യൽമീഡിയ താരം അലിൻ ജോസ് പെരേരയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്.
വിവാഹത്തിന് ക്ഷണിച്ചുവരുത്തിയ ശേഷം പരസ്യമായി അപമാനിക്കുകയും, വസ്ത്രങ്ങൾ അഴിപ്പിച്ച് റോഡിലൂടെ ഓടിച്ചുവെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. ഇതിന്‍റെ ദൃശ്യങ്ങൾ ഉൾപ്പെടെ വിവിധ ഫേസ്ബുക്ക് പേജുകൾ വഴി പ്രചരിക്കുന്നുണ്ടെങ്കിലും, ഔദ്യോഗികമായി ഇതുവരെ പൊലീസിൽ പരാതികൾ ലഭിച്ചിട്ടില്ല.
ഈ വിഷയത്തിൽ അലിൻ ജോസ് പെരേരയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരാളെ വിളിച്ചുവരുത്തി ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നത് സാമൂഹിക മര്യാദകൾക്ക് നിരക്കാത്തതാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ, മറുവിഭാഗം ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന സംശയമാണ് ഉയർത്തുന്നത്.
സോഷ്യൽമീഡിയയിൽ വലിയൊരു വിഭാഗം ആളുകൾ പിന്തുടരുന്ന അലിൻ ജോസ് പെരേര, പണം വാങ്ങി ഉദ്ഘാടനങ്ങൾക്കും വിവാഹങ്ങൾക്കും അതിഥിയായി എത്താറുണ്ട്. നേരത്തെ ഒരു ഉബർ ഡ്രൈവർ തന്നെ കാറിലിട്ട് മർദ്ദിച്ചുവെന്ന ഗുരുതരമായ ആരോപണവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു.
ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, ഇപ്പോഴത്തെ സംഭവവികാസങ്ങളിലും കൃത്യമായ സ്ഥിരീകരണമില്ലാത്ത സാഹചര്യത്തിൽ പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് സൈബർ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.
Tags : AlinJosePereira SocialMediaControversy Malappuram KeralaViral InfluencerLife