മഹാരാഷ്ട്രയിലെ പാൽഘറിലുള്ള വാൻഡ്രി തടാക വെള്ളച്ചാട്ടത്തിൽ വിനോദയാത്രയ്ക്കെത്തിയ സഞ്ചാരികൾ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ടു. കുട്ടികളും സ്ത്രീകളും അടങ്ങുന്ന വലിയൊരു സംഘം നിമിഷങ്ങൾക്കകം കുതിച്ചുയർന്ന കുത്തൊഴുക്കിൽ കുടുങ്ങിപ്പോകുന്ന ഭീതിജനകമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തുടക്കത്തിൽ പെയ്യുന്ന മഴ ആസ്വദിച്ച് നിന്നിരുന്ന വിനോദസഞ്ചാരികൾ, ചെളിനിറഞ്ഞ വെള്ളം ഇരച്ചെത്തിയതോടെ ജീവരക്ഷാർഥം പരസ്പരം കൈകോർത്തുപിടിച്ച് മാറാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.
അപകടം കണ്ടയുടൻ പ്രദേശവാസികളും അവിടെയുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് എല്ലാവരെയും സുരക്ഷിതമായി കരയ്ക്കെത്തിക്കാനായത്.
ഭയപ്പെടുത്താനല്ല, മറിച്ച് മഴക്കാലത്തെ യാത്രകളിൽ ജാഗ്രത വേണമെന്ന് ഓർമ്മിപ്പിക്കാനാണ് താൻ ഈ ദൃശ്യങ്ങൾ പങ്കുവെച്ചതെന്ന് ഒരു സഞ്ചാരി വ്യക്തമാക്കി.
വെറും രണ്ട് മിനിറ്റുകൊണ്ടാണ് സന്തോഷം നിറഞ്ഞ അന്തരീക്ഷം ഭയാനകമായി മാറിയതെന്നും, ഒരു വിനോദയാത്രയോ സോഷ്യൽ മീഡിയ റീലുകളോ സ്വന്തം ജീവനേക്കാൾ വലുതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
നമ്മൾ നിൽക്കുന്ന സ്ഥലത്ത് ചെറിയ മഴയേ ഉള്ളൂ എങ്കിലും, പുഴകളുടെയോ വെള്ളച്ചാട്ടങ്ങളുടെയോ മുകൾഭാഗത്ത് പെയ്യുന്ന കനത്ത മഴ പെട്ടെന്ന് വലിയ തോതിൽ വെള്ളം ഇരച്ചെത്താൻ കാരണമാകുമെന്നും, മഴക്കാലത്ത് വഴുക്കലുള്ള പാറകളും അടിയൊഴുക്കുകളും അപകടസാധ്യത വർധിപ്പിക്കുമെന്നും ദുരന്തനിവാരണ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Tags : VandriLake Palghar Maharashtra ViralVideo WaterfallRescue