സോഷ്യൽ മീഡിയയിൽ എപ്പോഴും അമ്പരപ്പിക്കുന്ന തരത്തിലുള്ള വിചിത്ര ദൃശ്യങ്ങൾ വൈറലാകാറുണ്ട്. അത്തരത്തിൽ, ഒരേസമയം ചിരിയും അതിശയവും ഉണർത്തുന്ന ഒരു പിക്കപ്പ് വാഹനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ചർച്ചയാകുന്നത്.
വണ്ടിയിൽ കൊള്ളുന്നതിലും അപ്പുറം സാധനങ്ങൾ കയറ്റുന്നത് പതിവാണെങ്കിലും, ഈ ഡ്രൈവർ കാണിച്ച സാഹസം കണ്ട് തലയിൽ കൈ വെക്കുകയാണ് സോഷ്യൽ മീഡിയ.
പിക്കപ്പിന്റെ ബോണറ്റിന് മുകളിൽ വരെ വലിയ ചാക്കുകൾ അടുക്കിവെച്ചിരിക്കുകയാണ്. ഇതിനാൽ മുന്നിലെ റോഡ് ഒട്ടും കാണാൻ പറ്റാത്ത അവസ്ഥയിലാണ് ഡ്രൈവർ. എന്നാൽ വണ്ടി നിർത്താൻ ഇവർ തയ്യാറായില്ല.
പകരം, വശത്തെ വാതിലിൽ തൂങ്ങിക്കിടന്നുകൊണ്ട് മറ്റൊരു യുവാവ് നൽകുന്ന നിർദേശങ്ങൾ അനുസരിച്ചാണ് ഡ്രൈവർ വണ്ടി മുന്നോട്ട് എടുക്കുന്നത്. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും പണയപ്പെടുത്തിയുള്ള ഈ അഭ്യാസപ്രകടനം വലിയ മണ്ടത്തരമാണെന്ന് വീഡിയോ കാണുമ്പോൾ വ്യക്തമാകും.
ഈ വീഡിയോ ഇതിനോടകം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സുഹൃത്തുക്കൾ തമ്മിലുള്ള വിശ്വാസം വേറെ ലെവൽ ആണെന്നും, ഇതൊരു 'ഹെവി ഡ്രൈവിംഗ്' ആയിപ്പോയെന്നും പറഞ്ഞ് വലിയൊരു വിഭാഗം ആളുകൾ ഇതിനെ തമാശയായി കാണുമ്പോൾ, ഇതിനെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.
ട്രാഫിക് നിയമങ്ങൾ പൂർണമായി ലംഘിച്ചുള്ള ഇത്തരം അപകടകരമായ യാത്രകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് എത്രയും പെട്ടെന്ന് കർശന നടപടിയെടുക്കണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.
Tags : ViralVideo TrendingNow SocialMediaViral InstagramViral ViralPost