ഹൈദരാബാദിലെ സരൂർനഗറിൽ അപകട നാടകത്തിലൂടെ കാൽനടയാത്രക്കാരന്റെ മൊബൈൽ ഫോൺ കവർന്ന സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരാളുടെ മുന്നിലേക്ക് ബൈക്ക് ഓടിച്ചെത്തി മനഃപൂർവ്വം വീണ് അപകടം സൃഷ്ടിക്കുകയായിരുന്നു ഒരു മോഷ്ടാവ്.
ഇതുകണ്ട് മനുഷ്യത്വത്തിന്റെ പേരിൽ സഹായിക്കാൻ ഓടിയെത്തിയ കാൽനടയാത്രക്കാരൻ ബൈക്ക് ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് കവർച്ച നടന്നത്.
സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടിയ രണ്ടാമൻ, ഇയാളുടെ ശ്രദ്ധ മാറിയ തക്കത്തിന് പോക്കറ്റിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന സ്മാർട്ട്ഫോൺ തട്ടിയെടുക്കുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ കവർച്ച പൂർത്തിയാക്കി ഇരുവരും ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ഫോൺ നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞ് ഇയാൾ ബൈക്ക് യാത്രക്കാരെ തിരഞ്ഞെങ്കിലും അപ്പോഴേക്കും അവർ രക്ഷപ്പെട്ടിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ഇത്തരം വഞ്ചനകൾ കാരണം ഭാവിയിൽ റോഡരികിൽ ശരിക്കും അപകടത്തിൽപ്പെടുന്നവരെപ്പോലും സഹായിക്കാൻ ആളുകൾ ഭയപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് പൊതുജനങ്ങൾ ആശങ്കപ്പെടുന്നു.
വ്യാജ അപകടങ്ങളും നാടകങ്ങളും സൃഷ്ടിച്ച് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ട് പണവും ആഭരണങ്ങളും കവരുന്ന സംഘങ്ങൾ നഗരങ്ങളിൽ സജീവമാണെന്നും, അപരിചിതരെ സഹായിക്കാൻ ഇറങ്ങുമ്പോൾ സ്വന്തം സാധനങ്ങളുടെ സുരക്ഷയിൽക്കൂടി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
Tags : Hyderabad distraction theft Saroornagar staged accident Fake road accident robbery CCTV viral theft Hyderabad Good Samaritan phone theft