x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വായയിൽ 3D പ്രിന്‍ററുണ്ടോ?; കാരറ്റ് കടിച്ചു മുറിച്ചു അത്ഭുതങ്ങൾ തീർക്കുന്ന 'ദന്ത ശില്പി'


Published: April 3, 2026 03:02 PM IST | Updated: April 3, 2026 03:02 PM IST

പല്ലുകൾ കൊണ്ട് ക്യാരറ്റിൽ വിസ്മയങ്ങൾ തീർക്കുന്ന ഒരു ചൈനീസ് യുവതിയുടെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്നുള്ള 25- കാരിയായ ചെൻ ക്വിൻ ആണ് ഈ വേറിട്ട കലാരൂപത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത്.

ഒരു സാധാരണ പച്ചക്കറിയെ തന്‍റെ ഉമിനീരും പല്ലുകളും മാത്രം ആയുധമാക്കി അതിമനോഹരമായ ശില്പങ്ങളാക്കി മാറ്റാനുള്ള ചെന്നിന്‍റെ കഴിവ് ലോകത്തെ അമ്പരപ്പിക്കുകയാണ്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മൃഗങ്ങളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും രൂപങ്ങൾ മുതൽ ചൈനയിലെ വൻമതിൽ, മഞ്ഞ ക്രെയിൻ ടവർ തുടങ്ങിയ സങ്കീർണമായ നിർമ്മിതികൾ വരെ ഈ യുവതി തന്‍റെ പല്ലുകൾ ഉപയോഗിച്ച് കരണ്ടെടുത്ത് നിർമ്മിക്കാറുണ്ട്.

കൂടാതെ മിയാവോ വംശജരുടെ പാരമ്പര്യ വെള്ളിത്തൊപ്പികളും ഫീനിക്സ് കിരീടങ്ങളും വരെ ഇത്തരത്തിൽ ക്യാരറ്റിൽ വിരിയിക്കാൻ ചെന്നിന് സാധിക്കുന്നുണ്ട്. പല്ലുകളല്ലാതെ മറ്റൊരു ഉപകരണവും ഇതിനായി ഉപയോഗിക്കുന്നില്ലെന്നാണ് യുവതി അവകാശപ്പെടുന്നത്. തന്‍റെ വീഡിയോകളിലൂടെ ഈ പ്രക്രിയയുടെ ഓരോ ഘട്ടവും അവർ പങ്കുവെക്കുന്നുണ്ട്.

ഇന്‍റർനെറ്റിലെ ആദ്യത്തെ 'ദന്ത ശില്പി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കലാകാരിയുടെ പ്രാവീണ്യം കണ്ട് പലരും അത്ഭുതപ്പെടാറുണ്ട്. ചിലർ തമാശരൂപേണ ചെന്നിന്‍റെ വായിൽ ഒരു 3D പ്രിന്‍റർ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് വരെ ചോദിക്കുന്നു.

സ്കൂൾ കാലഘട്ടത്തിൽ ഗ്രാഫിക് ഡിസൈനിംഗിലും 3D മോഡലിംഗിലും ലഭിച്ച അറിവ് ഈ വിദ്യയിൽ തനിക്ക് സഹായകമായിട്ടുണ്ടെന്ന് ചെൻ പറയുന്നുണ്ടെങ്കിലും ഔദ്യോഗികമായി ശില്പകലയിൽ താൻ പരിശീലനം നേടിയിട്ടില്ലെന്ന് അവർ വ്യക്തമാക്കുന്നു.

പെട്ടെന്ന് ഒരു ദിവസം വെറുതെയിരുന്ന് ക്യാരറ്റ് കഴിക്കുമ്പോഴാണ് തനിക്ക് പല്ലുകൾ കൊണ്ട് രൂപങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് അവർ തിരിച്ചറിഞ്ഞത്. പിന്നീട് നിരന്തരമായ പരിശ്രമത്തിലൂടെ ഈ വിദ്യ അവർ സ്വായത്തമാക്കി. തന്‍റെ വീട്ടിലെ കൃഷിയിടത്തിൽ നിന്നുള്ള ക്യാരറ്റുകൾ തന്നെയാണ് ഇതിനായി ഉപയോഗിക്കുന്നത്. എങ്കിലും ഈ കലാരൂപം അത്ര എളുപ്പമല്ലെന്ന് ചെൻ പറയുന്നു.

മണിക്കൂറുകളോളം ക്യാരറ്റ് കടിച്ചു മുറിക്കുന്നത് കാരണം തന്‍റെ താടിയെല്ലിനും കവിളുകൾക്കും കഠിനമായ വേദന അനുഭവപ്പെടാറുണ്ടെന്നും താടിയെല്ലിന്‍റെ ഘടനയിൽ പോലും മാറ്റങ്ങൾ വരുന്നതായും അവർ തുറന്നു സമ്മതിക്കുന്നു. എങ്കിലും തന്‍റെ ക്രിയാത്മകമായ ഈ യാത്രയിൽ നൂറിലധികം ശില്പങ്ങൾ ഇതിനോടകം തന്നെ അവർ പൂർത്തിയാക്കിക്കഴിഞ്ഞു.

 

Tags : ChenQin CarrotArt ToothSculptor ChinaTrends ViralNews

Recent News

Corehub Up