ഹിമാലയൻ മലനിരകളുടെ സൗന്ദര്യമോ മനോഹരമായ സൂര്യാസ്തമയങ്ങളോ ആണ് സാധാരണയായി വിദേശസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കാറുള്ളതെങ്കിൽ, 25 വയസുകാരിയായ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ഇനെസ് ഫരിയയെ ഇന്ത്യയുടെ ആരാധകയാക്കിയത് ഇവിടുത്തെ ഒരു ചെറിയ മരുന്നുഷോപ്പും അവിടെ നിന്ന് ലഭിച്ച ഒരു ബില്ലുമാണ്.
കോർപ്പറേറ്റ് ലോകത്തെ തിരക്കുകൾ ഉപേക്ഷിച്ച് ലോകസഞ്ചാരത്തിനിറങ്ങിയ ഈ പോർച്ചുഗീസ് യുവതി, കേരളത്തിൽ വെച്ച് അപ്രതീക്ഷിതമായി പിടിപെട്ട ചുമയ്ക്ക് മരുന്ന് വാങ്ങാൻ എത്തിയപ്പോഴാണ് ലോകത്തെ അമ്പരപ്പിക്കുന്ന ആ അനുഭവം ഉണ്ടായത്.
വിദേശരാജ്യങ്ങളിൽ ആരോഗ്യപരിരക്ഷയ്ക്ക് ഭീമമായ തുക ചിലവാക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ കുറഞ്ഞ മരുന്നുവില ഇനെസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഇനെസ് പങ്കുവെച്ച വീഡിയോയിൽ, ഒരു കഫ് സിറപ്പിനും മൂന്ന് പാക്കറ്റ് തൊണ്ടവേദനയ്ക്കുള്ള ഗുളികകൾക്കുമായി വെറും 252 രൂപ മാത്രമാണ് ചിലവായതെന്ന് അവർ വ്യക്തമാക്കുന്നു. ഏകദേശം 2.70 യൂറോ മാത്രം വരുന്ന ഈ തുക കണ്ട്, "ഇത്രയും കുറഞ്ഞ ചിലവാണോ, എങ്കിൽ ഞാൻ ഇങ്ങോട്ട് താമസം മാറാൻ തയ്യാറാണ്" എന്ന് അവർ തമാശരൂപേണ കുറിച്ചു.
ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലാവുകയും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്‍റെ ചെലവ് കുറഞ്ഞ ആരോഗ്യമേഖലയെ ചർച്ചയാക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഈ വാർത്ത പ്രചരിച്ചതോടെ നിരവധി മലയാളികളും ഇന്ത്യക്കാരും ഇനെസിന് പിന്തുണയുമായി എത്തി.
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ പോയിരുന്നെങ്കിൽ ഈ ചികിത്സ തികച്ചും സൗജന്യമായി ലഭിക്കുമായിരുന്നു എന്ന് പലരും കമന്‍റുകളിലൂടെ അവരെ ഓർമ്മിപ്പിച്ചു. ഉപ്പുവെള്ളം കവിൾകൊള്ളുന്നതും തേനും കുരുമുളകും ചേർത്ത മിശ്രിതവും കരിപ്പെട്ടി കാപ്പിയും പോലുള്ള പ്രകൃതിദത്തമായ ചികിത്സാ രീതികളെക്കുറിച്ചുള്ള അറിവുകളും ഇനെസിന്‍റെ പോസ്റ്റിന് താഴെ നിറഞ്ഞു.
ആഗോളതലത്തിൽ ചികിത്സാ ചിലവുകൾ കുതിച്ചുയരുമ്പോൾ, സാധാരണക്കാർക്ക് താങ്ങാനാവുന്ന വിധത്തിൽ മികച്ച മരുന്നുകൾ ലഭ്യമാകുന്ന ഇന്ത്യ ഒരു മികച്ച 'മെഡിക്കൽ ഡെസ്റ്റിനേഷൻ' കൂടിയാണെന്ന് ഈ സംഭവം ഒരിക്കൽ കൂടി അടിവരയിടുന്നു.
Tags : InesFaria KeralaTourism MunroeIsland MedicalTourism ViralNews