ജിഎസ്ടിഎൻ: കേരളത്തിന്റെ ആവശ്യം തള്ളി
ജിഎസ്ടിഎൻ: കേരളത്തിന്റെ ആവശ്യം തള്ളി
Tuesday, August 30, 2016 12:56 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുതിയ നികുതിഘടന നടപ്പാക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന ജിഎസ്ടി നെറ്റ് വർക്ക് കമ്പനിയുടെ (ജിഎസ്ടിഎൻ) കാര്യത്തിൽ കേരളത്തിന്റെ ആവശ്യം ഉന്നതാധികാര സമിതി തള്ളി. കമ്പനിയുടെ ചെലവ് കേന്ദ്രസർക്കാരും സംസ്‌ഥാനങ്ങളും ചേർന്നു വഹിക്കാനാണ് ഇന്നലെ ഡൽഹിയിൽ ചേർന്ന ജിഎസ്ടി ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനമായത്. ചെലവ് പൂർണമായും കേന്ദ്രം വഹിക്കണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം.

ജിഎസ്ടി കമ്പനിയുടെ 49 ശതമാനം ഓഹരി മാത്രമാകും സർക്കാർ കൈവശം വയ്ക്കുക. 51 ശതമാനം ഓഹരിപങ്കാളിത്തം ഐടി കമ്പനികൾ ഉൾപ്പെടെയുള്ള വിവിധ സ്വകാര്യ സ്‌ഥാപനങ്ങൾക്കായിരിക്കും. നികുതി പിരിവിന്റെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയിൽ ഭൂരിപക്ഷം ഓഹരി പങ്കാളിത്തം സ്വകാര്യ സ്‌ഥാപനങ്ങളുടെ കൈവശമാകുന്നതിൽ കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ ആശങ്ക അറിയിച്ചിട്ടുണ്ട്.

ജിഎസ്ടി നടപ്പിലാകുമ്പോൾ കേരളത്തിനകത്തെ നികുതി പിരിവിന്റെ വിവരങ്ങൾ തങ്ങൾ തന്നെ സൂക്ഷിച്ചോളാമെന്നും കേരളവും മറ്റു സംസ്‌ഥാനങ്ങളുമായി ബന്ധപ്പെട്ട നികുതിവിവരങ്ങൾ മാത്രം ജിഎസ്ടി കമ്പനിയുടെ സെർവറിൽ സൂക്ഷിച്ചാൽ മതിയെന്നുമാണ് ഉന്നതാധികാര സമിതിയിൽ സംസ്‌ഥാനം വാദിച്ചത്.

അതേസമയം, ചെലവു സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്‌ഥാന ധനമന്ത്രിമാർ അടങ്ങിയ സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. സമിതിയിൽ കേരളവും അംഗമാകും. ചില സംസ്‌ഥാനങ്ങൾ തങ്ങളുടെ നികുതി സംബന്ധമായ കണക്കുകൾ സ്വകാര്യ കമ്പനികൾക്കുകൂടി ഓഹരി പങ്കാളിത്തമുള്ള ജിഎസ്ടിഎന്നിനു നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നികുതി നിരക്കിന്റെ കാര്യത്തിൽ ഇനിയും സമവായമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് യോഗത്തിനു ശേഷം സംസ്‌ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. ചരക്കു സേവന നികുതിക്കായുള്ള ഭരണഘടന ഭേദഗതി ബില്ലിന് അടുത്ത നിയമസഭ സമ്മേളനത്തിൽ അംഗീകാരം നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.


സംസ്‌ഥാനാന്തര നികുതി പങ്കിടൽ, പരമാവധി പിരിക്കാവുന്ന നികുതിയുടെ പരിധി എന്നീ കാര്യങ്ങളിൽ കേരളത്തിന് അഭിപ്രായ ഭിന്നതകളുണ്ട്. എതിർപ്പു ചൂണ്ടിക്കാട്ടി കേരളം കേന്ദ്രത്തിനു കത്തയച്ചിരുന്നു. എന്നാൽ, ഉപഭോക്‌തൃസംസ്‌ഥാനമായ കേരളത്തിന് ജിഎസ്ടി ഗുണം ചെയ്യുമെന്ന വിലയിരുത്തലന്റെ അടിസ്‌ഥാനത്തിലാണ് ബില്ലിന് സംസ്‌ഥാനം അംഗീകാരം നൽകുന്നത്.

ഇ–കൊമേഴ്സ് സൈറ്റുകളെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശം വ്യവസായികൾ ഉന്നതാധികാര സമിതി മുമ്പാകെ വച്ചു. ഇ–കൊമേഴ്സ് സൈറ്റുകളെ ഒഴിവാക്കാനാകില്ലെന്നതായിരുന്നു സമിതിയിലെ പൊതുവികാരം. ചില്ലറ വ്യാപാര മേഖലയിൽ നടന്നു വരുന്ന ഉദ്യോഗസ്‌ഥ പീഡനങ്ങൾ, അഴിമതികൾ എന്നിവ ഇല്ലാതാക്കാൻ ഏകമുഖ നികുതി സമ്പ്രദായം കൊണ്ടു വരണമെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി വൈസ് പ്രസിഡന്റും ദേശീയ ജനറൽ സെക്രട്ടറിയുമായ മാരിയിൽ കൃഷ്ണൻ നായർ ആവശ്യപ്പെട്ടു.

ദേശീയ എംപവേഡ് കമ്മിറ്റി ചെയർമാൻ അമിത് മിത്ര(ബംഗാൾ) അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്‌ഥാന ധനമന്ത്രിമാരും വ്യാപാരി പ്രതിനിധികളായി കെവിവിഇഎസ് സീനിയർ വൈസ് പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം, വിജയപ്രകാശ് ജയിൻ, ബാലകൃഷ്ണ അഗർവാൾ തുടങ്ങിയവരും പങ്കെടുത്തു.

<ആ>ജിഎസ്ടി 18 ശതമാനം മതിയെന്ന്

ന്യൂഡൽഹി: ചരക്ക്സേവന നികുതി (ജിഎസ്ടി) യുടെ പൊതുനിരക്ക് 18 ശതമാനമാക്കണമെന്നു വ്യവസായികൾ. അടുത്ത ഏപ്രിൽ ഒന്നിന് പുതിയ നികുതി സമ്പ്രദായം നടപ്പാക്കൽ പ്രയാസകരമാണെന്നും അവർ പറഞ്ഞു.

സംസ്‌ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതിക്കു മുമ്പാകെയാണു വിവിധ വ്യവസായി സംഘടനകൾ നിലപാട് അറിയിച്ചത്. 18 ശതമാനം നികുതി സംസ്‌ഥാനങ്ങൾക്കു റവന്യൂ നഷ്‌ടം ഇല്ലാതാക്കുമെന്നും നികുതിദായകരെ സഹായിക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. നഷ്‌ടം വരുന്ന സംസ്‌ഥാനങ്ങൾക്ക് അഞ്ചു വർഷം കേന്ദ്രം പൂർണമായി നഷ്‌ടം നികത്തി നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.