രാമേശ്വരം മനുഷ്യക്കടലായി...
രാമേശ്വരം മനുഷ്യക്കടലായി...
Friday, July 31, 2015 12:45 AM IST
സ്റാഫ് ലേഖകന്‍

രാമേശ്വരം: തങ്ങളുടെ പ്രിയപ്പെട്ട അബ്ദുള്‍ കലാമിനെ ഒരുനോക്കു കാണാനായി ജനത ഒന്നാകെ രാമേശ്വരത്തേയ്ക്ക് ഒഴുകിയെത്തിയപ്പോള്‍ ഈ ചെറുപട്ടണം ഒരു മനുഷ്യക്കടലായി മാറി. ഇന്നലെ പുലര്‍ച്ചെ മുതല്‍ പതിനായിരങ്ങളാണ് സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാമേശ്വരത്തേയ്ക്ക് എത്തിയത്.

രാവിലെ എട്ടോടെ മധുര - രാമേശ്വരം ദേശീയ പാതയലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. ഒരുലക്ഷത്തിലധികം ജനങ്ങള്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തതായാണ് സൂചന. രാമേശ്വരം പട്ടണം മുതല്‍ സംസ്കാരച്ചടങ്ങു നടക്കുന്ന സ്ഥലം വരെയുള്ള ആറുകിലോമീറ്റര്‍ റോഡ് ജനങ്ങളെക്കൊണ്ടു രാവിലെ പത്തോടെ നിറഞ്ഞു. ഡോ. കലാമിന്റെ ചിത്രവുമായാണു ജനങ്ങള്‍ എത്തിയത്.

പൊതുജനങ്ങള്‍ക്കു കബറടക്കത്തില്‍ പങ്കെടുക്കുന്നതിനായി റെയില്‍വേ മധുരയില്‍നിന്നു രാമേശ്വരത്തേക്കും തിരിച്ചും ഇന്നലെ പ്രത്യേക തീവണ്ടി സര്‍വീസ് നടത്തി. പ്രതീക്ഷിച്ചതിലുമേറെ ആളുകള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തതിനാല്‍ പലപ്പോഴും ക്രമീകരണങ്ങള്‍ പാളി. സംസ്കാരം നടത്തിയ മൈതാനത്തിന്റെ വശത്തു കെട്ടിയ വേലികള്‍ തകര്‍ന്നു. ജനത്തെ നിയന്ത്രിക്കാന്‍ പോലീസിനു ലാത്തിവീശേണ്ടി വന്നു.


കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്‍, എന്നിവരാണു സംസ്കാരം നടക്കുന്ന സ്ഥലത്ത് ആദ്യമെത്തിയത്. തമിഴ്നാട് ധനമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ഏഴു സംസ്ഥാന മന്ത്രിമാര്‍ സന്നിഹിതരായിരുന്നു.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കേരളസംഘം രാവിലെ 10.30 നു രാമേശ്വത്തെത്തി. മധുര വരെ വിമാനത്തിലും അവിടെ നിന്നു പെരുന്തൂര്‍ നേവി ആസ്ഥാനത്തു ഹെലികോപ്ടറിലും എത്തി. തുടര്‍ന്നു കാര്‍ മാര്‍ഗമാണ് സംസ്കാര സ്ഥലത്ത് എത്തിയത്. മുഖ്യമന്ത്രിക്ക് ഒപ്പം മകന്‍ ചാണ്ടി ഉമ്മനും ഉണ്ടായിരുന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാവിലെ 8.30 ന് മധുരയില്‍ വിമാനമിറങ്ങി. തുടര്‍ന്നു കാര്‍ മാര്‍ഗമാണ് രാമേശ്വരത്തെത്തിയത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ രാമേശ്വരത്ത് എത്തിയിരുന്നു.

ഡോ. കലാമിനെ സംസ്കരിച്ച സ്ഥലത്തു കലാമിന്റെ ഓര്‍മയ്ക്കായി സ്മാരകം നിര്‍മിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.