അഗസ്ത വെസ്റ്റ്ലാൻഡ് ഇടപാട് ഇതുവരെ
അഗസ്ത വെസ്റ്റ്ലാൻഡ് ഇടപാട് ഇതുവരെ
Wednesday, April 27, 2016 12:58 PM IST
വിവിഐപികളുടെ യാത്രയ്ക്കു ഹെലികോപ്റ്റർ വാങ്ങാൻ 1999–ൽ ആലോചന തുടങ്ങി. റഷ്യൻ എംഐ–8 ഹെലികോപ്റ്ററിനു പകരം ആയിരുന്നു ഇത്. രണ്ടു കമ്പനികൾ രംഗത്തുവന്നു. അമേരിക്കയിലെ സികോർസ്കിയും ബ്രിട്ടനിലെ അഗസ്ത വെസ്റ്റ്ലാൻഡും. ഇറ്റലിയിലെ ഫിൻമെക്കാനിക്ക കോർപറേഷന്റെ ഉപ കമ്പനിയാണു വെസ്റ്റ്ലാൻഡ്.

2002 മാർച്ചിൽ ആഗോള അപേക്ഷ ക്ഷണിച്ചു. 2010 ജനുവരിയിൽ കാബിനറ്റിന്റെ സുരക്ഷാകാര്യ കമ്മിറ്റി 3700 കോടി രൂപയ്ക്കാണ് 12 ഹെലികോപ്റ്റർ വാങ്ങാൻ അനുവദിച്ചു. അപ്പോഴേക്കു ഹെലികോപ്റ്റർ സംബന്ധിച്ച സാങ്കേതിക വ്യവസ്‌ഥകളിൽ നിരവധി മാറ്റങ്ങൾ വരുത്തി. ഇതു സികോർസ്കി കമ്പനിയെ ഒഴിവാക്കാനായിരുന്നു എന്നാണ് ആക്ഷേപം. 2010 ഫെബ്രുവരി എട്ടിനു പ്രതിരോധമന്ത്രാലയം 12 എഡബ്ല്യു 101 ഹെലികോപ്റ്റർ വാങ്ങാൻ കരാർ ഒപ്പിട്ടു.

2012 ഫെബ്രുവരിയിൽ ഇടപാടിൽ കൈക്കൂലി ഉണ്ടെന്ന ആരോപണം ഇറ്റാലിയൻ മാധ്യമങ്ങളിൽവന്നു. പ്രതിരോധ മന്ത്രാലയം റോമിലെ എംബസിയോടു വസ്തുതാന്വേഷണം നടത്താൻ ആവശ്യപ്പെട്ടു.

ഫെബ്രുവരി 12–ന് ഇറ്റാലിയൻ പോലീസ് ഫിൻമെക്കാനിക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജ്യൂസെപ്പെ ഓർസിയെ അറസ്റ്റ്ചെയ്തു. ഹെലികോപ്റ്റർ ഇടപാടിൽ കൈക്കൂലി കൊടുത്തെന്നു കേസ്.


ഫെബ്രുവരി 15–നു കരാർ റദ്ദാക്കാൻ പ്രതിരോധമന്ത്രാലയം നടപടി തുടങ്ങി. പണം കൊടുക്കൽ നിർത്തി. കമ്പനിക്കു നോട്ടീസ് അയച്ചു. സിബിഐയോടു കേസ് എടുക്കാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 25–നു സിബിഐ പ്രാരംഭാന്വേഷണം രജിസ്റ്റർ ചെയ്തു. മുൻ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയും പ്രതിപട്ടികയിൽ.

2013 മാർച്ച് 13–നു സിബിഐ എഫ്ഐആർ സമർപ്പിച്ചു. ത്യാഗി അടക്കം 13 പ്രതികൾ. നവംബറിൽ അഗസ്ത വെസ്റ്റ്ലാൻഡ് പ്രതിനിധികൾ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെടുന്നു. ചോദ്യാവലിക്കു മറുപടി നൽകി.

2014 ജനുവരി ഒന്നിന് അഗസ്ത വെസ്റ്റ്ലാൻഡുമായുള്ള കരാർ ഇന്ത്യ റദ്ദാക്കി. 2016 ഏപ്രിൽ 26–നു മിലാനിലെ അപ്പീൽകോടതി വിധിവന്നു. അതിൽ കോൺഗ്രസ് നേതാക്കളുടെ പേരു പരാമർശിച്ചു. ഫിൻമെക്കാനിക്കയുടെ മുൻ മേധാവി ജ്യൂസെപ്പെ ഓർസിയും അഗസ്ത വെസ്റ്റ്ലാൻഡിന്റെ മുൻ മേധാവി ബ്രൂണോ സ്പഞ്ഞോളിനിയും അഴിമതി നടത്തിയെന്നു തെളിഞ്ഞു. അവർക്കു നാലരവർഷം വീതം തടവുശിക്ഷ വിധിച്ചു. ഇറ്റാലിയൻ അന്വേഷകരുമായി യുപിഎ സർക്കാർ വേണ്ടത്ര സഹകരിച്ചില്ലെന്നു കോടതി പരാമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.