തീൻമേശയിലെ ദുരന്തങ്ങൾക്കെതിരേ പുതിയ പോരാട്ടം
തീൻമേശയിലെ ദുരന്തങ്ങൾക്കെതിരേ പുതിയ പോരാട്ടം
Wednesday, June 29, 2016 12:25 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: തീൻമേശയിൽ ബീഫ് ഒരു വിവാദ വിഭവമായതോടെയാണു രാജ്യത്ത് ആഹാരത്തെച്ചൊല്ലി ആശങ്കകളും അക്രമങ്ങളും ആരംഭിച്ചത്. ഈ അവസരത്തിൽ ഭക്ഷണത്തെച്ചൊല്ലിയുള്ള അക്രമങ്ങൾക്കും അസഹിഷ്ണുതകൾക്കും ഇടയിൽ ആഹാരത്തെ പോലും വേലികെട്ടിത്തിരിക്കുന്ന ജാതിബോധത്തെ മറികടക്കാൻ പുതിയൊരു സംരഭവുമായെത്തുകയാണു ഡൽഹിയിൽ നിന്നു പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ചന്ദ്രബാൻ പ്രസാദ്. ദളിത്ഫുഡ്സ് ഡോട് കോം എന്ന പേരിൽ ചന്ദ്രബാന്റെ ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖല ജൂലൈ രണ്ടിനു പ്രവർത്തനം ആരംഭിക്കും. ബീഫ് എന്ന വാക്ക് സ്ക്രിപ്റ്റിൽ ഉൾപ്പെട്ടു പോയതു കൊണ്ട് ഒരു ഹ്രസ്വചിത്രത്തിനു പോലും കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച ഡൽഹിയിൽ നിന്നു തന്നെയാണ് ഈ ഓൺലൈൻ ആഹാര ശൃംഖലയുടെ തുടക്കമെന്നതും ഏറെ ശ്രദ്ധേയമാണ്. ബീഫിനെ ചൊല്ലിയുള്ള അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും ബീഫ് കടത്തിയെന്നാരോപിച്ചു ചാണകം തീറ്റിക്കുന്നതുൾപ്പടെയുള്ള പ്രാകൃത ശിക്ഷകൾ തുടരുന്നതിനിടെയാണ് ഭക്ഷണത്തിലെ ജാതിബോധങ്ങളെ മറികടക്കാനുള്ള പുതിയ ശ്രമം.

രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നു ദളിത് വിഭാഗങ്ങളുടെ തനതു രുചിയിലും വൈവിധ്യത്തിലുമുള്ള ഭക്ഷ്യോത്പനങ്ങൾ സമാഹരിച്ച് ഇ–കോമേഴ്സ് രംഗത്തു പ്രചാരണം നൽകുകയുമാണു തന്റെ ലക്ഷ്യമെന്നു ചന്ദ്രബാൻ ദീപികയോടു പറഞ്ഞു. മായം കലരാത്ത ഭക്ഷ്യോത്പന്നങ്ങൾ സ്വദേശത്തും വിദേശത്തും പ്രചരിപ്പിക്കുകയും ദളിതരായ കർഷകർക്കും ഉത്പാദകർക്കും വിപണിയിൽ ഇടപെടാൻ കൂടുതൽ അവസരം ഉണ്ടാക്കുകയുമാണു ചന്ദ്രബാന്റെ ലക്ഷ്യം.

ചന്ദ്രബാനൊപ്പം ഭാര്യ മീര സരോജും ഈ സംരഭത്തിൽ സജീവ പങ്കാളിയായുണ്ട്. വിതരണത്തിനുള്ള സൗകര്യത്തിനായി അച്ചാർ രൂപത്തിലും ഉപ്പിലിട്ടതുമായ സംസ്കരിച്ച വിഭവങ്ങളാണ് ഇപ്പോഴുള്ളത്. ബീഫ്, ചിക്കൻ തുടങ്ങിയ വിഭവങ്ങളും തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ചന്ദ്രബാൻ പറഞ്ഞു. തുടക്കത്തിൽ അച്ചാറുകളും വിവിധയിനം ജൈവ കറിപ്പൊടികളും ചണവിത്തുകളും ഉൾപ്പടെയുള്ള വിഭവങ്ങളാണുള്ളത്. ഡോ. ജെ.ജെ ഇറാനി, ഡോ. നാഥാറാം സരയ്യ തുടങ്ങിയവരാണ് ദളിത് ഫുഡ്സ് ഡോട്കോമിന്റെ ബ്രാൻഡ് അംബാസിഡർമാർ.


ഭക്ഷ്യ വസ്തുക്കൾക്കായുള്ള ദളിത് ഫുഡ്സ് ഡോട് കോമിനു പുറമേ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുൾപ്പടെയുള്ള ദളിത് വിഭാഗങ്ങൾ പ്രാദേശികമായി നിർമിക്കുന്ന വിവിധ ഉത്പന്നങ്ങൾ ഏകീകരിച്ചു ഓൺലൈൻ മേഖലയിൽ വിറ്റഴിക്കുന്നതിനുള്ള ദളിത് ഷോപ്സ് ഡോട്കോമും ഇവർ തുടങ്ങുന്നുണ്ട്. ഇതും അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി ചേർന്നാണു രണ്ടു സംരംഭങ്ങളുടെയും പ്രവർത്തനം.

ദളിത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ ഉപദേശകൻ കൂടിയാണ് ചന്ദ്രബാൻ. പ്രമുഖ ഇംഗ്ളീഷ് മാധ്യമങ്ങളിലെ കോളമെഴുത്തുകാരനുമാണ്. പയനിയർ ദിനപത്രത്തിൽ ദളിത് ഡയറി എന്ന പേരിൽ സ്‌ഥിരമായി കോളമെഴുതിയിരുന്നു. ഇന്ത്യയിലെ ദളിത് വിഷയങ്ങളെ അധികരിച്ച് പ്രിസണേഴ്സ് ഓഫ് ദേർ ഇൻഹെറിറ്റൻസ് എന്നതുൾപ്പടെ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും ചന്ദ്രബാൻ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ് പത്രങ്ങളിലെ കോളമെഴുതുന്ന ഇന്ത്യയിലെ ഏക ദളിതൻ എന്ന നിലയിലാണ് ചന്ദ്രബാൻ പ്രസാദ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഉത്തർപ്രദേശിലെ അസംഗഡ്് ജില്ലയിലാണ് അദ്ദേഹം ജനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.