വീണ്ടും മഞ്ഞുരുകുന്നു: അഖിലേഷും മുലായവും കൂടിക്കാഴ്ച നടത്തി
Tuesday, January 10, 2017 2:38 PM IST
ന്യൂഡൽഹി: നിലനിൽപ്പ് മുന്നിൽക്കണ്ട് സമാജ്വാദി പാർട്ടിയിൽ ഒരിക്കൽ കൂടി സമവായനീക്കങ്ങൾ. ഇരുചേരികളിലായി നിലയുറപ്പിച്ച മുലായം സിംഗും മകൻ അഖിലേഷ് യാദവും ഇന്നലെ ഒന്നരമണിക്കൂറോളം ആശയവിനിയമം നടത്തിയതോടെ പാർട്ടി അണികളും പ്രതീക്ഷയിലാണ്. മഞ്ഞുരുകുമ്പോഴും പാർട്ടിചിഹ്നമായ സൈക്കിളിനുവേണ്ടിയുള്ള പിടിവലി തുടരുകയാണ്. സൈക്കിളിനായി മുലായം സിംഗ് ക്യാമ്പും അഖിലേഷ് യാദവ് ക്യാമ്പും അവകാശവാദം ഉന്നയിച്ചതോടെ 13 ന് അന്തിമതീരുമാനമെടുക്കാമെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. പ്രശ്നത്തിൽ അന്ന് വാദംകേൾക്കുമെന്നു കാണിച്ച് ഇരുഭാഗത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിച്ചുതുടങ്ങുന്ന 17 നു മുമ്പ് അന്തിമതീരുമാനമെടുക്കാനാണ് ആലോചന.

എംഎൽഎമാരുടെയും എംപിമാരുടെയും എംഎൽസിമാരുടെയും ഒപ്പിന്റെ പിൻബലത്തിലാണു സൈക്കിളിനായി അഖിലേഷ് ക്യാമ്പ് അവകാശവാദമുന്നയിക്കുന്നത്. എന്നാൽ, ഇതിനായി സമർപ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നും പാർട്ടി ഭരണഘടനയനുസരിച്ച് ചിഹ്നം മുലായം ക്യാമ്പിനാണെന്നും മറുവിഭാഗം സമർഥിക്കുന്നു. സമയവായശ്രമമുണ്ടായില്ലെങ്കിൽ സൈക്കിൾ ചിഹ്നം മരവിപ്പിക്കാനും കമ്മീഷൻ തുനിഞ്ഞേക്കും.

മുലായവും അഖിലേഷും ധാരണയിലെത്തിയാൽ പ്രശ്നങ്ങൾ അവസാനിക്കുന്നെന്നു കരുതുന്ന നേതാക്കളും പാർട്ടിയിലുണ്ട്. ഇന്നലെ മുലായമിന്റെ വസതിയിലെത്തി അഖിലേഷ് കൂടിക്കാഴ്ച നടത്തിയതു ശുഭസൂചനയാണെന്ന് ഈ വിഭാഗം കരുതുന്നു. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി അഖിലേഷാണെന്നു തിങ്കളാഴ്ച രാത്രി മുലായം പ്രഖ്യാപിച്ചതാണു കൂടിക്കാഴ്ചയ്ക്കു വഴിതെളിച്ചത്.


അഖിലേഷിനോട് ഇടഞ്ഞുനിൽക്കുന്ന ശിവ്പാൽ യാദവ്, രാജ്യസഭാംഗം അമർ സിംഗ് തുടങ്ങിയവരെ ഒഴിവാക്കിയായിരുന്നു ഇരുനേതാക്കളുടെയും ചർച്ച. ഇതിനുശേഷം പ്രതികരണങ്ങൾക്കൊന്നും തയാറാതെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അഖിലേഷ് തിരിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ചയും സമാനമായ അന്തരീക്ഷത്തിൽ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ പ്രശ്നങ്ങൾ പെട്ടെന്നു സങ്കീർണമായി. അഖിലേഷിനെ മുഖ്യമന്ത്രിസ്‌ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ മുലായം വിസമ്മതിച്ചതാണ് അനുരഞ്ജന നീക്കങ്ങൾ പരാജയപ്പെടുന്നതിനു കാരണം. അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്നായിരുന്നു മുലായത്തിന്റെ നിലപാട്.

ഇതിൽനിന്നു പിന്നോക്കം പോയതോടെ അഖിലേഷ് ക്യാമ്പും വിട്ടുവീഴ്ചകൾക്കു സന്നദ്ധത പ്രകടിപ്പിച്ചേക്കുമെന്നാണു നിരീക്ഷകർ കരുതുന്നത്.