ജിഷ വധക്കേസ് നാൾവഴി
ജിഷ വധക്കേസ് നാൾവഴി
<യ>ഏപ്രിൽ 28:

പെരുമ്പാവൂർ കുറുപ്പംപടി ഇരിങ്ങോൾ ഇരവിച്ചിറ കനാൽ പുറമ്പോക്കിലെ വീട്ടിൽ ജിഷയെ മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

<യ>ഏപ്രിൽ 29:

കൊലപാതകം എന്ന വകുപ്പ് മാത്രം ചേർത്ത് കുറുപ്പംപടി സിഐ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജിഷയുടെ ശരീരത്തിൽനിന്നു ശേഖരിച്ച സാമ്പിളുകളും വീടിനുള്ളിൽനിന്നു ലഭിച്ച വിരലടയാളങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നു.

<യ>മേയ് ഒന്ന്:

ജിഷയുടെ വീടിന്റെ പരിസരത്തുനിന്ന് പ്രതിയുടേത് എന്നു സംശയിക്കുന്ന ഒരു ജോടി കറുത്ത പ്ലാസ്റ്റിക് ചെരിപ്പ് പോലീസ് കണ്ടെടുക്കുന്നു. വീടിനു സമീപത്തെ കനാലിന്റെ ചെരുവിൽ പുല്ലുകൾക്കിടയിൽനിന്ന് ഇടതുകാലിലെ ചെരുപ്പും രണ്ടുമീറ്റർ അകലെനിന്ന് വലതുകാലിലെ ചെരുപ്പും ലഭിച്ചു. ജിഷയുടെ വീടിനടുത്തുള്ള ഇതരസംസ്‌ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു.

<യ>മേയ് രണ്ട്:

കൊലപാതകിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഡൽഹിയിലും പ്രതിഷേധം. അന്വേഷണ മേൽനോട്ടം കൊച്ചി റേഞ്ച് ഐജി മഹിപാൽ യാദവിന്.

<യ>മേയ് മൂന്ന്:

ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തുന്നു. നാലുപേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുന്നു.

<യ>മേയ് നാല്:

പ്രതികളെക്കുറിച്ച് സൂചനകളില്ല. സംഭവം മാധ്യമങ്ങൾ ഏറ്റെടുക്കുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ എത്തുന്നു. ഇടതു യുവജനസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് അദ്ദേഹത്തിന് ജിഷയുടെ അമ്മയെ കാണാനാകാതെ മടങ്ങുന്നു.

<യ>മേയ് നാല്:

പ്രതിയെന്നു കരുതുന്ന ആളുടെ രേഖചിത്രം പോലീസ് പുറത്തുവിട്ടു.

<യ>മേയ് നാല് :

പ്രതികളെന്ന പേരിൽ രണ്ടുപേരെ മുഖം മറച്ച് പോലീസ് മാധ്യമങ്ങൾക്കു മുന്നിൽ കൊണ്ടുവന്നത് വിവാദമായി. ഇത് രണ്ട് പോലീസ് ഉദ്യോഗസ്‌ഥരാണെന്നും ആരോപണമുണ്ടായി.

<യ>മേയ് അഞ്ച്:

ക്രൂരമായ ആക്രമണവും പീഡനവും മൂലമാണു മരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജിഷയുടെ ശരീരത്തിൽ 38 മുറിവുകളേറ്റതായും റിപ്പോർട്ടിൽ. അന്വേഷണ ചുമതല ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ജിജിമോനെ ഏൽപ്പിക്കുന്നു.

<യ>മേയ് ഏഴ്:

അന്നത്തെ ഡിജിപി ടി.പി.സെൻകുമാർ, ഇന്റലിജൻസ് മേധാവി എ.ഹേമചന്ദ്രൻ എന്നിവർ സംഭവസ്‌ഥലം സന്ദർശിക്കുന്നു.

<യ>മേയ് ഏഴ്:

250ലധികം പേരെ ചോദ്യം ചെയ്തതായി പോലീസ്. ആസൂത്രിത കൊലപാതകമെന്ന് എഡിജിപി കെ. പത്മകുമാർ.

<യ>മേയ് ഏഴ്:

അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് പോലീസ് കംപ്ലയിന്റ് അഥോറിറ്റി.

<യ>മേയ് ഏഴ്:

ജിഷയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരിൽ എൽഡിഎഫിന്റെ രാപകൽ സമരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

<യ>മേയ് എട്ട്:

അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ച് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ പോലീസിൽനിന്ന് വിശദീകരണം തേടി.

<യ>മേയ് ഒമ്പത്:

തലയണക്കീഴിൽ വാക്കത്തിയുമായാണ് ജിഷ ഉറങ്ങിയിരുന്നതെന്ന് പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പുറത്തുവിടുന്നു.


<യ>മേയ് 12:

ജിഷയുടെ ശരീരത്തിൽ കടിയേറ്റ പാടുകളുടെ അടിസ്‌ഥാനത്തിൽ മുൻനിരയിലെ പല്ലുകളിൽ വിടവുള്ളയാളാണ് പ്രതിയെന്ന് സൂചന.

<യ>മേയ് 15:

പ്രതിയുടേതെന്നു സംശയിക്കുന്ന ഡിഎൻഎ സാമ്പിൾ കണ്ടെത്തുന്നു. ജിഷയുടെ ചുരിദാറിൽ പറ്റിയിരുന്ന ഉമിനീരിൽ നിന്നാണ് ഡിഎൻഎ സാമ്പിൾ ലഭിക്കുന്നത്.

<യ>മേയ് 25:

പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിൽ ജിഷ വധക്കേസ് അന്വേഷണച്ചുമതല ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയ്ക്ക്.

<യ>മേയ് 27:

ബി.സന്ധ്യയുടെ മേൽനോട്ടത്തിലുള്ള പുതിയ സംഘം അന്വേഷണച്ചുമതല ഏറ്റെടുക്കുന്നു. ക്രൈംബ്രാഞ്ച് എസ്പി പി.എൻ.ഉണ്ണിരാജനെ എറണാകുളം റൂറൽ എസ്പിയാക്കി. അതുവരെ അന്വേഷണത്തിനു നേതൃത്വം നൽകിയ എറണാകുളം റൂറൽ എസ്പി യതീഷ് ചന്ദ്ര, പെരുമ്പാവൂർ ഡിവൈഎസ്പി എന്നിവരെ ചുമതലകളിൽ നിന്നുമാറ്റി.

<യ>ജൂൺ രണ്ട്:

ലോക്നാഥ് ബെഹ്റ പുതിയ ഡിജിപിയായി ചുമതലയേൽക്കുന്നു.

<യ>ജൂൺ മൂന്ന്:

പുതിയ അന്വേഷണ സംഘം കൊലയാളിയുടേതെന്ന് പറയപ്പെടുന്ന പുതിയ രേഖാചിത്രം തയാറാക്കി.

<യ>ജൂൺ നാല്:

ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തി.

<യ>ജൂൺ അഞ്ച്:

ഡിജിപി ലോക്നാഥ് ബെഹ്റ പെരുമ്പാവൂരിലെത്തി ജിഷയുടെ വീട് സന്ദർശിച്ചു. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ മനസിലാക്കുന്നു.

<യ>ജൂൺ ആറ്:

ജിഷയുടെ ഫോണിലെ കോൾലിസ്റ്റിന്റെ അടിസ്‌ഥാനത്തിൽ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു.

<യ>ജൂൺ ഏഴ്:

പൊതുജനങ്ങളിൽ നിന്നു വിവരങ്ങൾ ശേഖരിക്കാൻ പെരുമ്പാവൂർ ടൗണിൽ പോലീസ് മൂന്ന് ഇൻഫർമേഷൻ ബോക്സുകൾ സ്‌ഥാപിച്ചു

<യ>ജൂൺ ഒമ്പത്:

പോലീസ് ഉദ്യോഗസ്‌ഥർക്കെതിരേ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജിഷയുടെ പിതാവ് പാപ്പു പരാതി നൽകി.

<യ>ജൂൺ പത്ത്:

വീടിനടുത്തുള്ള വളക്കടയിലെ സിസിടിവി കാമറയിൽ നിന്ന് കൊലയാളിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ കിട്ടി. മുഖം തിരിച്ചറിയാൻ കഴിഞ്ഞില്ല.

<യ>ജൂൺ 15:

വീടിന്റെ പരിസരത്തു നിന്നു ലഭിച്ച ചെരുപ്പിൽ ജിഷയുടെ രക്‌തകോശങ്ങൾ കണ്ടെത്തി. തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിലാണു രക്‌തകോശങ്ങൾ കണ്ടെത്തിയത്.

<യ>ജൂൺ 15:

ജിഷ വധക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയുടേതെന്ന് കരുതുന്ന ചെരുപ്പ് കുറുപ്പംപടിയിലെ ഒരു കടയിൽ നിന്നു വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തി. കടയുടമയെ പോലീസ് ചോദ്യം ചെയ്തു.

<യ>ജൂൺ 16:

ജിഷയുടെ കൊലയാളി ആസാം സ്വദേശി തഞ്ചാവൂരിൽ പോലീസ് പിടിയിൽ. ഡിഎൻഎ പരിശോധനയിലും ഇയാൾ പ്രതിയാണെന്ന് ഉറപ്പിക്കുന്ന തെളിവുകൾ ലഭിച്ചു. പ്രതിയെ പിടികൂടിയെന്ന് മുഖ്യമന്ത്രിയും ഡിജിപിയും അന്വേഷണസംഘം മേധാവി ബി.സന്ധ്യയും സ്‌ഥിരീകരിക്കുന്നു. വൈകുന്നേരം അഞ്ചോടെ പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി ആലുവ പോലീസ് ക്ലബിൽ എത്തിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.