അമിറുളിനെ നേരത്തെ സംശയം ഉണ്ടായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്നവർ
അമിറുളിനെ നേരത്തെ സംശയം ഉണ്ടായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്നവർ
കൊച്ചി: അമിറുൾ ഇസ്ലാം ആരുമായും അത്ര സൗഹൃദം പുലർത്തിയിരുന്ന ആളായിരുന്നില്ലെന്ന് വൈദ്യശാലപ്പടിയിൽ ഒപ്പം താമസിച്ചിരുന്ന ഇതരസംസ്‌ഥാന തൊഴിലാളികൾ. നാലു മാസം മുമ്പാണ് ഇയാൾ ഇവിടെ താമസിക്കാനെത്തിയത്. മറ്റുള്ളവർ രാവിലെ ജോലിക്കു പോകുമ്പോഴും കിടന്നുറങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്. സ്‌ഥിരമായി ഒരു ജോലിക്കും പോയിരുന്നില്ല. ഇടയ്ക്ക് ഭാര്യയെന്നു പറഞ്ഞ് ഒരു സ്ത്രീയെ കൊണ്ടുവന്നിരുന്നു. ഇവരെ കെട്ടിടത്തിന്റെ മുകൾനിലയിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഒരു തവണ നാട്ടിലേക്കെന്നു പറഞ്ഞു പോയ അമിറുളിനൊപ്പം ഈ സ്ത്രീയും പോയിരുന്നു. പിന്നീട് അവർ തിരിച്ചുവന്നില്ല.

ജിഷ കൊല്ലപ്പെട്ട ദിവസം തന്നെ അമിറുൾ സ്‌ഥലംവിട്ടു. ആരോടും ഒന്നും പറയാതെ രാത്രിയിലാണു പോയത്. വസ്ത്രം ഉൾപ്പെടെയുള്ള സാധനങ്ങളൊന്നും കൊണ്ടുപോയിരുന്നില്ല. അത്ര പരിചയമില്ലാത്ത ആളായിരുന്നതിനാൽ പിന്നീട് ഇയാളെ വിളിച്ചതുമില്ല. ജിഷ കൊല്ലപ്പെട്ടശേഷമുള്ള ദിവസങ്ങളിൽ പോലീസ് ഇവിടെ അന്വേഷണത്തിനെത്തിയിരുന്നു. അമിറുളാണോ കൊലയ്ക്കു പിന്നിലെന്ന് അന്നേ സംശയമുണ്ടായിരുന്നതായും ഒപ്പം താമസിച്ചിരുന്നവർ പറയുന്നു. എന്നാൽ അമിറുൾ ഇവിടെ താമസിച്ചിരുന്നതായി അറിയില്ലെന്നാണ് കെട്ടിട ഉടമയുടെ നിലപാട്. ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.