പെരുമഴയത്ത് ശകാരവർഷവുമായി ജനക്കൂട്ടം
പെരുമഴയത്ത് ശകാരവർഷവുമായി ജനക്കൂട്ടം
പെരുമ്പാവൂർ: ജിഷ വധക്കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ് ഇന്നലെ രാവിലെ മുതൽ നൂറുകണക്കിനാളുകളാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്. ടെലിവിഷൻ വാർത്താ ചാനലുകൾ രാവിലെ തന്നെ തത്സമയം സംപ്രേക്ഷണം ആരംഭിച്ചതോടെ ജനത്തിരക്ക് വർധിക്കുകയും ചെയ്തു. പ്രതിയെ എത്തിക്കാൻ മുനിസിപ്പൽ ലൈബ്രറി റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചിരുന്നു. വൻ പോലീസ് സംഘത്തെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.

വൈകുന്നേരം നാലോടെ പ്രതിയെയും കൊണ്ടുള്ള വാഹനം എത്തിച്ചേരുമെന്നറിഞ്ഞതോടെ തടിച്ചുകൂടിയവർ ശകാരവർഷങ്ങളുമായി കാത്തിരിക്കാൻ തുടങ്ങി. ഇതിനിടെ കനത്ത മഴയുമെത്തി. എങ്കിലും ആരും പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. മാധ്യമപ്രവർത്തകർക്കും അഭിഭാഷകർക്കും മാത്രമാണ് കോടതി വളപ്പിലേക്ക് പ്രവേശനം അനുവദിച്ചത്. കോടതി വളപ്പിൽ ഫോട്ടോ എടുക്കുന്നത് കോടതിയും പോലീസും വിലക്കിയിരുന്നു. ഇതു ലംഘിച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞു. ഇത് വാക്കേറ്റത്തിന് ഇടയാക്കി.

നാലരയോടെ ആദ്യ പോലീസ് വാഹനമെത്തി. ജനങ്ങളുടെ വികാരം മനസിലാക്കുന്നതിനു വേണ്ടി ആദ്യം ട്രയൽ റൺ നടത്തിയിരുന്നു. പ്രതിയുണ്ടെന്ന തോന്നലുളവാക്കിയെത്തിയ വാഹനത്തിനുനേരെ ജനക്കൂട്ടത്തിൽ നിന്നു കല്ലേറുണ്ടായി. ഇതോടെ പോലീസ് ചെറിയ തോതിൽ ലാത്തിവീശി. ചിതറിയോടിയ ജനക്കൂട്ടം പൈലറ്റ് വാഹനത്തിനു നേരെ വന്നതോടെ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. സമീപത്തെ മരത്തിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. റോഡരികിൽ പാർക്കു ചെയ്തിരുന്ന മറ്റൊരു വാഹന ത്തിലും ജീപ്പ് ഇടിച്ചു.


കാത്തിരിപ്പിനൊടുവിൽ പ്രതിയുമായി പോലീസ് വാനെത്തി. അറസ്റ്റു ചെയ്ത ദിവസം കറുത്തതുണികൊണ്ടാണ് മുഖം മറച്ചിരുന്നതെങ്കിൽ ഇന്നലെ ഒരു ഹെൽമറ്റ് കൂടി പ്രതിയെ ധരിപ്പിച്ചിരുന്നു. കോടതിയിൽ ഹാജരാക്കി മിനിറ്റുകൾക്കുള്ളിൽ ജുഡീഷൽ കസ്റ്റഡിയിലേക്കു റിമാൻഡു ചെയ്യപ്പെട്ട പ്രതിയെയുംകൊണ്ട് പോലീസ് വാൻ കാക്കനാട് ജില്ലാ ജയിലിലേക്ക് തിരിച്ചു. തിരികെയുള്ള യാത്രയിൽ അമിറുളിനെ വാനിന്റെ പ്ലാറ്റ്ഫോമിൽ കിടത്തിയാണ് കൊണ്ടുപോയത്. പ്രതിയെ കാണാൻ സാധിക്കാത്തതിന്റെ നിരാശയിൽ കൂക്കിവിളിച്ചും അസഭ്യവർഷം നടത്തിയുമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.