നിർണായകമായതു കൊലയാളിയുടെ ചെരുപ്പുകൾ
നിർണായകമായതു കൊലയാളിയുടെ ചെരുപ്പുകൾ
പെരുമ്പാവൂർ: കോളിളക്കം സൃഷ്‌ടിച്ച ജിഷവധക്കേസിൽ നിർണായക വഴിത്തിരിവായത് ജിഷയുടെ വീടിനു സമീപത്തെ കനാൽക്കരയിൽ അമിറുൾ ഉപേക്ഷിച്ച ചെരുപ്പാണ്. ചെരുപ്പിൽ ജിഷയുടെ രക്‌തകോശങ്ങൾ കണ്ടെത്തിയിരുന്നു. പ്രതി അമിറുൾ ആണെന്ന് ഉറപ്പിക്കാൻ നിർണായക തെളിവായതും ഇതുതന്നെ. തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിലാണു രക്‌തകോശങ്ങൾ കണ്ടെത്തിയത്. കൊലയാളിയിലേക്കുള്ള അന്വേഷണം ഇതോടെ ഈ ചെരുപ്പിന്റെ ഉടമയിലേക്കു മാത്രമാക്കി.

ഇതിന്റെ ഭാഗമായി പെരുമ്പാവൂരിലും കുറുപ്പംപടിയിലുമുള്ള ചെരുപ്പ് കടകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. വില കുറഞ്ഞതരം ചെരുപ്പ് വിറ്റ കടകൾ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് കുറുപ്പംപടിയിലെ കടയുടമ ഇത്തരത്തിലുള്ള ചെരുപ്പ് അടുത്തിടെ ഒരു അന്യസംസ്‌ഥാന തൊഴിലാളി വാങ്ങിയതായി മൊഴി നല്കിയത്. കടയുടമയെ ചോദ്യംചെയ്യൽ കേന്ദ്രത്തിലെത്തിച്ചപ്പോൾ അവിടെയുണ്ടായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിന് വഴിയൊരുക്കിയത്.

പെരുമ്പാവൂർ കുറുപ്പുംപടിക്കടുത്ത് വട്ടോളിപ്പടിയിൽ ഇരിങ്ങോളിൽ അമ്മ രാജേശ്വരിക്കൊപ്പം താമസിക്കുകയായിരുന്ന ജിഷ ഏപ്രിൽ 28നാണു കൊലചെയ്യപ്പെടുന്നത്. അന്നു രാവിലെ ജോലിക്കു പോകുന്ന വഴി അമിറുൾ ജിഷയോട് മോശമായി പെരുമാറിയിരുന്നു. ജിഷ പ്രതികരിച്ചതോടെ മടങ്ങിയ ഇയാൾ ഉച്ചകഴിഞ്ഞു മൂന്നോടെ മദ്യപിച്ചെത്തി ജിഷയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു മൃതദേഹത്തിൽ ക്രൂരമായി വെട്ടി മുറിവേൽപിച്ചു. പിറ്റേന്ന് ആലുവ വഴി ആസാമിലേക്കു മടങ്ങി.


അമിയൂറിന്റെ സുഹൃത്തുക്കളെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് കസ്റ്റഡിയിൽവച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി വലയിലാകുന്നത്.

അയ്യായിരത്തിലധികം ആളുകളുടെ വിരലടയാളങ്ങൾ പരിശോധിച്ചും ഇരുപതു ലക്ഷത്തിലധികം ഫോൺകോളുകൾ പരിശോധിച്ചുമാണ് പോലീസ് അന്വേഷണം നടത്തിയത്. പശ്ചിമ ബംഗാൾ, ഒഡീഷ, ആസാം, ഛത്തീസ്ഗഡ്, ബിഹാർ, തമിഴ്നാട് സംസ്‌ഥാനങ്ങളിൽ സ്പെഷൽ ടീം അന്വേഷണം നടത്തിയിരുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.