ആകാംക്ഷയുടെ 50 ദിവസങ്ങൾ
ആകാംക്ഷയുടെ 50 ദിവസങ്ങൾ
ആലുവ: 2016 ഏപ്രിൽ 28. പെരുമ്പാവൂരിനു സമീപമുള്ള കുറുപ്പംപടി ഇരിങ്ങോൾ ഗ്രാമവാസികൾ ഒരിക്കൽപ്പോലും ഈ രാത്രി മറന്നേക്കില്ല. അന്നാണു നിയമവിദ്യാർഥിനിയായ ജിഷയെന്ന പെൺകുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്. കനാൽ ബണ്ടിലെ പുറമ്പോക്കിൽ ഒറ്റമുറി വീട്ടിൽ ഒരു അമ്മയും നിയമവിദ്യാർഥിയായ മകളും താമസിച്ചിരുന്നു. ജിഷയും അമ്മ രാജേശ്വരിയും. സംഭവദിവസം ജോലികഴിഞ്ഞെത്തിയ അമ്മയാണ് മകൾ ക്രൂരമായി കൊല ചെയ്യപ്പെട്ടതിന്റെ ആദ്യ ദൃക്സാക്ഷി. വയർ കുത്തികീറി കുടൽമാല പുറത്തെടുത്ത് മുപ്പതിലധികം മാരക മുറിവുകൾ, നെഞ്ചിൽ ആഴത്തിൽ കത്തി കുത്തിയിറക്കി. ബീഭത്സമായ ഈ രംഗങ്ങൾക്ക് സാക്ഷിയാകാൻ രാത്രി എട്ടരയോടെ കുറുപ്പംപടി പോലീസ് എത്തി. മരണം സ്‌ഥിരീകരിച്ച പോലീസ് ഇൻക്വസ്റ്റ് തയാറാക്കി ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചു.

പോലീസിന്റെ ക്രൈം ഡയറിയിൽ ഇതൊരു സാധാരണ കൊലപാതം മാത്രമായി ഇടം പിടിച്ചു. അതുകൊണ്ടുതന്നെ അരുംകൊലയുടെ വാർത്ത പുറംലോകമറിഞ്ഞതുമില്ല. പിറ്റേദിവസം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തപ്പോൾ നേരം ഏറെ വൈകി. എങ്കിലും അന്നുതന്നെ ദഹിപ്പിക്കാമെന്നു പോലീസും ചില നാട്ടുകാരും. ഒടുവിൽ നിയമം ലംഘിച്ചു പെരുമ്പാവൂർ നഗരസഭയുടെ പൊതുശ്മശാനത്തിൽ രാത്രി ഒൻപതിനു ജിഷയുടെ സംസ്കാരം. എന്നാൽ, കത്തിയെരിഞ്ഞടങ്ങിയ ചിതയിലെ ചാരക്കൂമ്പാരത്തിൽ നിന്ന് ആ നിഷ്ഠൂര കൊലപാതകത്തിന്റെ പൊടിപടലങ്ങൾ ഉയർന്നുതുടങ്ങി.

കാര്യമായ ബന്ധുബലമോ സാമ്പത്തികമോ ഇല്ലാത്ത ഒരു പെൺകുട്ടിയുടെ മരണമെന്ന നിലയിൽ പോലീസും തുടക്കത്തിൽ കേസ് അന്വേഷണത്തിന് ഗൗരവം കൊടുത്തില്ല. എന്നാൽ, തുടക്കത്തിൽ ജിഷയുടെ സഹപാഠികൾ സോഷ്യൽ മീഡിയയിലൂടെയും പിന്നീട് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. ഡൽഹിയിൽ നിർഭയ ക്രൂരമായി കൊലചെയ്യപ്പെട്ടതിനോട് താരതമ്യം ചെയ്യപ്പെട്ടതോടെ ദേശീയ തലത്തിൽ തന്നെ ചർച്ചയായി. തെരഞ്ഞെടുപ്പ് അടുത്തുവന്ന സമയമായതിനാൽ രാഷ്ട്രീയപ്പാർട്ടികളും സംഭവം ഏറ്റെടുത്തു. കേന്ദ്രമന്ത്രിമാരും സംസ്‌ഥാന മന്ത്രിമാരും പ്രതിപക്ഷ പാർട്ടികളും പെരുമ്പാവൂരിലേക്ക് ഒഴുകി.

കുറുപ്പംപടി പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കണ്ടതോടെ കേസന്വേഷണം അന്നത്തെ എഡിജിപി കെ. പത്മകുമാറിനെ ഏല്പിച്ചു. ആദ്യഘട്ടത്തിൽ കാര്യമായ തെളിവുകൾ ശേഖരിച്ചിരുന്നില്ലാത്തതിനാൽ അന്വേഷണം ആദ്യം മുതൽ തുടങ്ങേണ്ടിവന്നു. സമീപവാസികൾ നൽകിയ മൊഴിയനുസരിച്ച് പ്രതിയുടേതെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കി. ഇതിനും കാര്യമായ പ്രതികരണം ലഭിക്കാത്തതിനാൽ അന്വേഷണം മറ്റുവഴികളിലേക്കു തിരിഞ്ഞു.


ഈ കാലഘട്ടത്തിൽ രാഷ്ട്രീയപരമായ പല മാറ്റങ്ങൾക്കും കേരളം സാക്ഷിയായി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു. പിണറായി വിജയൻ അധികാരമേറ്റയുടനെ നിലവിലെ അന്വേഷണസംഘത്തെ അടിമുടി മാറ്റി. ടി.പി. സെൻകുമാറിനു പകരം ലോക്നാഥ് ബെഹ്റ ഡിജിപിയായി. എഡിജിപി ബി. സന്ധ്യയെ അന്വേഷണച്ചുമതല ഏല്പിച്ചു.

പുതിയ പോലീസ് സംഘവും വരപ്പിച്ചു ഒരു മഞ്ഞഷർട്ടുകാരന്റെ രേഖാചിത്രം. പഴയതിനെക്കാൾ പ്രതികരണം ഈ ചിത്രത്തിനു കിട്ടി. ചിത്രത്തോട് സാമ്യമുണ്ടായിരുന്ന പലർക്കും പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ടിവന്നു. ജിഷ വധത്തെക്കുറിച്ച് ഒരുവാക്ക് പോലുമില്ലാതെ മാധ്യമവാർത്തകൾ ഇല്ലെന്നായി. കാര്യമായ തുമ്പില്ലാതെ അന്വേഷണം മുന്നോട്ടു പോകുന്നതിനിടെ കുറുപ്പംപടി വട്ടോളിപ്പടി ജംഗ്ഷനിലെ കടയിലെ സിസി ടിവി കാമറയിൽനിന്നു ജിഷയുടെയും മഞ്ഞഷർട്ടുകാരന്റെയും ദൃശ്യം ലഭിക്കുന്നു.

എന്നാൽ ദൃശ്യങ്ങൾ അവ്യക്‌തമായിരുന്നു. ഇതേ സമയത്തുതന്നെ ചില ഫോൺനമ്പറുകൾ പിന്തുടർന്ന് പോലീസ് സംഘങ്ങൾ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. ഇതിനിടെ പെരുമ്പാവൂരിലെ പ്രമുഖ പൊതുപ്രവർത്തകനാണ് കൊലപാതകത്തിനു പിന്നിലെന്ന ആരോപണവും ഉയർന്നു. അതോടെ, കൊലപാതകത്തിനു രാഷ്ട്രീയമാനം കൈവന്നു.

പോലീസ് ഇരുട്ടിൽ തപ്പുന്നതിനിടെയാണ് ജിഷയുടെ വീടിനു സമീപത്തു നിന്നു കിട്ടിയ ചെരുപ്പ് തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ പരിശോധിച്ച റിപ്പോർട്ട് വന്നത്. ചെരുപ്പിലെ രക്‌തം ജിഷയുടേതാണെന്നു സ്‌ഥിരീകരിക്കുന്ന ശുഭവാർത്ത. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഏതൊരു കുറ്റകൃത്യത്തിലും അവശേഷിപ്പിക്കുന്ന ചെറു തെളിവിൽ പോലീസ് പ്രതിയെ കണ്ടെത്തി. അതും കൊലനടന്ന് 50–ാം നാൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.