പെരുമ്പാവൂരിന്റെ പേര് കളങ്കമാക്കിയ അരുംകൊലയിലെ ആശങ്കകളൊഴിയുന്നില്ല
പെരുമ്പാവൂരിന്റെ പേര് കളങ്കമാക്കിയ അരുംകൊലയിലെ ആശങ്കകളൊഴിയുന്നില്ല
ആലുവ: കഥകളും ഉപകഥകളും കൊണ്ട് സമ്പന്നമായിരുന്നു പ്രമാദമായ പെരുമ്പാവൂർ ജിഷ കൊലക്കേസ്. ഇതരസംസ്‌ഥാനക്കാരെ മുതൽ സ്വന്തം നാട്ടിലെ സമുന്നതനായ നേതാവിനെ വരെ പ്രതിക്കൂട്ടിലാക്കിയ ഈ കേസിലെ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് കഴിഞ്ഞെങ്കിലും പെരുമ്പാവൂരുകാരുടെ ആശങ്കകളൊഴിയുന്നില്ല. ഓരോ ദിവസവും പുറത്തുവരുന്ന നിറംപിടിപ്പിച്ച കഥകൾക്ക് കൊലനടന്ന് അമ്പതാം ദിവസമാണ് ഒരു ക്ലൈമാക്സ് ഉണ്ടായത്. പക്ഷേ, വെറും ലൈംഗികമോഹത്തിന് വേണ്ടി മാത്രം ഇത്രയും പൈശാചികമായി ഒരു കൊലനടത്തുമോയെന്നാണ് പലരുടെയും സംശയം.
ഡൽഹി പീഡനത്തിനിരയായ പെൺകുട്ടിയുടെ മരണത്തിന്റെ ഓർമയുണർത്തുന്നതായിരുന്നു ജിഷവധം. ഒറ്റക്കയ്യൻ ഗോവിന്ദചാമി റെയിൽവേ ട്രാക്കിലിട്ട് കടിച്ചുകീറികൊന്ന സൗമ്യവധത്തിനുശേഷം കേരളത്തിന്റെ ജനകീയ ജാഗ്രത നേടിയതും ഈ കൊലക്കേസാണ്. കുറുപ്പംപടിയിലെ കനാൽ പുറമ്പോക്കിൽ അടച്ചുറപ്പില്ലാത്ത ആ ഒറ്റമുറി വീടിനുള്ളിൽ നിയമ വിദ്യാർഥിനി കൂടിയായ ജിഷ ഏപ്രിൽ 28ന് അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ദേശീയ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയമായി മാറിയ ഈ കേസിലെ പ്രതിയെ പിടികൂടാൻ അമ്പതു ദിവസമെടുത്തെങ്കിലും ശാസ്ത്രീയ കുറ്റാന്വേഷണത്തിലൂടെ കേരള പോലീസ് കൈയടി നേടിയിരിക്കുകയാണ്.

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കഷ്‌ടതകൾ അനുഭവിച്ചത് ജിഷയുടെ നാട്ടുകാരായിരുന്നു. അയ്യായിരത്തിലധികം ആളുകളുടെ ഫിംഗർപ്രിന്റ് പരിശോധിച്ചതായി പോലീസ് തന്നെ ഔദ്യോഗികമായി അംഗീകരിക്കുമ്പോൾ ഇതിൽ അധികംപേരും നാട്ടുകാരുതന്നെയാണ്. പലർക്കും ജോലിക്ക് കൃത്യമായി പോകാൻ കഴിഞ്ഞിരുന്നില്ല. അന്വേഷണവുമായി സഹകരിക്കാൻ നിർബന്ധിതരായ പലരുടെയും പണിയും പോയി. കൊലയാളിയെ കണ്ടെത്തിയതോടെ ശ്വാസം നേരെ വീണവരിൽ തൊട്ടടുത്ത അയൽവാസി സാബു, പഞ്ചായത്ത് മെമ്പർ എന്നിവർ ഉൾപ്പെടും. ഗുണ്ടാനേതാവ് വീരപ്പൻ സന്തോഷും ഈ കേസിൽ വില്ലൻ കഥാപാത്രമായിരുന്നു. തന്റെ രാഷ്ര്‌ടീയ ഭാവിയെ തന്നെ തകർത്തുകളയുന്ന വിധത്തിലുള്ള കടുത്ത ആരോപണത്തിന് വിധേയനായ മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചനും പ്രതിയുടെ അറസ്റ്റ് ഏറെ ആശ്വാസമാണ് നൽകുന്നത്.

ജിഷയുടെ അയൽവാസികൾ, ഇതരസംസ്‌ഥാന തൊഴിലാളികൾ, കോളജിലെ സഹപാഠികൾ, സഹോദീ ഭർത്താവ് തുടങ്ങി പലരും സംശയത്തിന്റെ നിഴലിലായിരുന്നു. ഒരുവേള ജിഷയുടെ അമ്മയേയും സഹോദരിയേയും വരെ പ്രതിസ്‌ഥാനത്ത് പ്രതിഷ്ഠിച്ചു. റിയൽ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് ചില രഹസ്യങ്ങൾ അടങ്ങിയ ഫയലുകൾ ജിഷയിൽ നിന്നും തട്ടിയെടുക്കാൻ അവരയച്ച വാടകക്കൊലയാളിയാണ് കൃത്യം നടത്തിയതെന്ന് മറ്റൊരുകഥയും പ്രചരിച്ചു. ഒടുവിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച പ്രത്യേക സൈബർ സെല്ല് ഉദ്യോഗസ്‌ഥരെ ഉപയോഗിച്ച് ഇരുപതുലക്ഷത്തിലധികം ഫോൺകോളുകൾ പരിശോധിച്ചും ഏകദേശം 1500 ലധികം ആളുകളെ നേരിൽ കണ്ട് മൊഴിയെടുത്തും, വെസ്റ്റ് ബംഗാൾ, ഒഡീഷ, ആസാം, ഛത്തീസ്ഗഡ്, ബിഹാർ, തമിഴ്നാട് എന്നിവിടങ്ങളിൽ പ്രത്യേക സംഘത്തെ കൊണ്ടും അന്വേഷിച്ചാണ് യഥാർത്ഥ പ്രതിയായ ആസാം സ്വദേശി അമീറുൽ ഇസ്ലാമിലെത്തിയത്.


എന്നാൽ, അന്യസംസ്‌ഥാനക്കാർക്കിടയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഇതരസംസ്‌ഥാനക്കാർ ജോലി ചെയ്തുവരുന്ന പെരുമ്പാവൂരിൽ ഏതാനും ചിലരുടെ ഇത്തരം പ്രവൃത്തികൾ പണിയെടുത്ത് ജീവിക്കുന്ന ആയിരങ്ങൾക്ക് ദുരിതം സമ്മാനിക്കുകയാണ്. ഒന്നരലക്ഷത്തോളം ഇതരസംസ്‌ഥാനക്കാർ താമസിക്കുന്ന പെരുമ്പാവൂരിലും പരിസര സ്റ്റേഷനുകളിലുമായി രണ്ടുവർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് അമ്പതിലേറെ കേസുകളാണ്. ഇതിലാകട്ടെ അഞ്ച് കൊലപാതക കേസുകളുമുണ്ട്.

അല്ലപ്രയിൽ ഒരമ്മയെയും പിഞ്ചു കുഞ്ഞിനെയും കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയെയും ഒന്നരമാസത്തിനുശേഷം ആസാമിൽ നിന്നാണ് പിടികൂടിയത്. രണ്ടു വർഷം മുൻപ് സുഹൃത്തിനെ കൊന്നു കടഞ്ഞുകളഞ്ഞവരെ പിടികൂടിയതും ഈയടുത്തിടെയാണ്. അതേസമയം, ഇതര സംസ്‌ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളുടെ പെരുപ്പത്തിൽ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നുവെന്നാണ് ജിഷവധം കാട്ടിതരുന്നത്. യഥാർത്ഥത്തിലുള്ള അന്യസംസ്‌ഥാനക്കാരുടെ കണക്കുകൾ എവിടെയും ലഭ്യമല്ല. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ 2013 ലെ കണക്കനുസരിച്ച് 25 ലക്ഷത്തിലേറെപ്പേർ കേരളത്തിൽ പണിയെടുക്കുന്നുണ്ടെന്നാണ്. വർഷം തോറും രണ്ടരലക്ഷത്തോളം പേർ തൊഴിൽ തേടി എത്തുന്നുമുണ്ട്. കുറ്റവാളികളുടെ ഒരു ഒളിത്താവളമായിട്ടാണ് കേരളത്തെ കാണുന്നത്.

കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം ഒളിവിൽ കഴിയാനും ലഹരിമരുന്നും കള്ളനോട്ടും വിതരണം നടത്താനും ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറാനും കഴിയുന്ന സുരക്ഷിതമായ താവളമായി പെരുമ്പാവൂർ പോലുള്ള പ്രദേശങ്ങൾ ഇതരസംസ്‌ഥാനക്കാർ തെരഞ്ഞെടുക്കുകയാണ്. കുറ്റവാസനയുള്ളവർ കുറച്ചേയുള്ളുവെങ്കിലും അവരുടെ ക്രൂരകൃത്യങ്ങൾ നല്ലരീതിയിൽ പണിയെടുത്ത് സമാധാനത്തോടെ ജീവിക്കുന്ന മറ്റു അന്യനാട്ടുകാരിലേക്കും സംശയത്തിന്റെ മുൾമുനയായി നീളുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.