വഴിത്തിരിവിലെത്തിയതു കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച കൊലക്കേസ്
വഴിത്തിരിവിലെത്തിയതു കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച കൊലക്കേസ്
കൊച്ചി: ഒരു തെരഞ്ഞെടുപ്പുകാലം ഉൾപ്പെടെ ആഴ്ചകളോളം കേരള രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിച്ച കൊലപാതകക്കേസാണ്, അമ്പതാം നാളിൽ പ്രതിയെ പിടികൂടിയതിലൂടെ വഴിത്തിരിവിലെത്തുന്നത്. കേരളത്തെയാകെ നടുക്കിയ കൊലപാതകത്തിന്റെ നാലാം നാൾ തുടങ്ങിയ രാഷ്ട്രീയമായ ആരോപണ, പ്രത്യാരോപണങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കി. ഒടുവിൽ പ്രതി അകത്തായപ്പോഴും ഇടതു, വലത് മുന്നണികളുടെ അവകാശവാദങ്ങളും ആരോപണങ്ങളും അവസാനിക്കുന്നില്ല.

ഏപ്രിൽ 28നു ജിഷ എന്ന ദളിത് പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ, അവിടേക്കു കടന്നുചെല്ലാൻ പ്രധാന രാഷ്ട്രീയക്കാർ ആരും ഉണ്ടായിരുന്നില്ലെന്നിരിക്കെയാണ്, പിന്നീട് കേരള, ദേശീയ രാഷ്ട്രീയത്തിലെ ചൂടുള്ള ചർച്ചയായി ഇതു മാറുന്നത്. ജിഷയുടെ മരണം ദാരുണമായ പീഡനത്തിനുശേഷമാണെന്നും പിന്നിൽ ദുരൂഹതകളുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന മേയ് രണ്ടിനുശേഷമാണു കൂടുതൽ മാധ്യമങ്ങളുടെയും രാഷ്ട്രീയകേരളത്തിന്റെയും ശ്രദ്ധ വിഷയത്തിലുണ്ടാവുന്നത്. പിന്നാലെ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടു രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക സംഘടനകളുടെ സമരപരമ്പരകൾക്കും തുടക്കമായി.
കേസിലെ ദുരൂഹതകൾ കണ്ടെത്താനാകാതെ തെളിവുകളെല്ലാം നശിപ്പിച്ചെന്നുള്ള ആരോപണമുയർത്തി സർക്കാരിനെയും യുഡിഎഫിനെയും ആക്രമിച്ച് ഇടതുപക്ഷമാണു വിഷയത്തിന് ആദ്യം രാഷ്ട്രീയമാനം നൽകിയത്. തെരഞ്ഞെടുപ്പടുക്കുന്ന ഘട്ടമായതിനാൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരവും വിഷയവുമായി. ശേഷം കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും പെരുമ്പാവൂരിലേക്ക്.

മേയ് നാലിനു അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിലെത്തിയെങ്കിലും ഇടതു യുവജന സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് അദ്ദേഹത്തിനു ജിഷയുടെ അമ്മയെ കാണാനാവാതെ മടങ്ങേണ്ടിവന്നു. സമരക്കാർക്കെതിരെ ലാത്തിച്ചാർജും പെരുമ്പാവൂരിൽ അരങ്ങേറി. വൈകാതെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും പെരുമ്പാവൂരിലെത്തിയപ്പോൾ, സ്‌ഥലം എംഎൽഎ സാജു പോളിനെതിരെ ജിഷയുടെ മാതാവ് രാജേശ്വരി നടത്തിയ വെളിപ്പെടുത്തലുകൾ, കേസിനു രാഷ്ട്രീയനിറം കൂട്ടി. ജിഷയുടെ കുടുംബത്തിന്റെ ആവശ്യങ്ങളുമായി സമീപിച്ചപ്പോൾ, പരിഗണിച്ചില്ലെന്ന രാജേശ്വരിയുട വെളിപ്പെടുത്തൽ, യുഡിഎഫും കാര്യമായി പ്രചാരണായുധമാക്കി. ആരോപണങ്ങൾ സാജു പോൾ നിഷേധിച്ചെങ്കിലും തന്റെ തെരഞ്ഞെടുപ്പു പരാജയത്തിന് അതും കാരണമായെന്ന് അദ്ദേഹവും സിപിഎമ്മും കരുതുന്നു.


എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണത്തിനു പിന്നാലെ പോകാതെ സർക്കാരിനെതിരെ രാപകൽ സമരവുമായി തെരഞ്ഞെടുപ്പുകാലത്തു വിഷയം കത്തിച്ചു നിർത്താനാണു ഇടതുപക്ഷം തീരുമാനിച്ചത്. പിണറായി വിജയൻ തന്നെയെത്തി സമരം ഉദ്ഘാടനം ചെയ്തു. സിപിഎം നേതാക്കൾ നിരനിരയായി പെരുമ്പാവൂരിലെത്തി. ഇടതുസമരങ്ങൾ കൊച്ചിയിലും തിരുവനന്തപുരത്തും രാജ്യതലസ്‌ഥാനത്തുമുണ്ടായി.
ആദ്യ അന്വേഷണ സംഘത്തിന്റെ നിരീക്ഷണങ്ങളെയും പ്രവർത്തനങ്ങളെയും കണക്കിനു കളിയാക്കാൻ സിപിഎം നേതാക്കൾ മടിച്ചില്ല. ആദ്യം തയാറാക്കിയ പ്രതിയുടെ രേഖാചിത്രം ആർട്ടിസ്റ്റ് നമ്പൂതിരിയെക്കൊണ്ടാണു വരപ്പിച്ചതെന്നും,തെളിവായി കണ്ടെത്തിയതു വള്ളിച്ചെരുപ്പുമാത്രമാണെന്നും ഇടതുനേതാക്കൾ പരിഹസിച്ചു. യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനും ജിഷ കേസിലെ രാഷ്ര്‌ടീയവിവാദങ്ങളിൽ ഉൾപ്പെട്ടു. അഴിമതിയാരോപണങ്ങൾക്കു പുറമേ, ജിഷ വധക്കേസിലെ പ്രതിയെ കണ്ടെത്താനാവാതിരുന്നതും സർക്കാരിന്റെ പതനത്തിനു കാരണമായെന്നു യുഡിഎഫ് നേതാക്കളും അടക്കം പറയുന്നു.

പുതിയ സർക്കാർ അധികാരത്തിലേറിയപ്പോൾ അന്വേഷണസംഘത്തിലുണ്ടായ മാറ്റങ്ങൾക്കുമുണ്ടായി രാഷ്ട്രീയനിറം. റൂറൽ എസ്പി യതീഷ് ചന്ദ്രയെ മാറ്റിയതോടെ രാഷ്ട്രീയം കൂടുതൽ വ്യക്‌തമായി. ബിജെപിയും ജിഷ വധക്കേസിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞു നിലപാടെടുത്തതും ശ്രദ്ധേയമായി. കേന്ദ്രമന്ത്രിമാർ ഉൾപ്പടെയുള്ളവർ പെരുമ്പാവൂരിലെത്തി. പ്രധാനമന്ത്രിയും രാഷ്ട്രീയമാനമുള്ള പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. വിഷയം പാർലമെന്റിലും ചർച്ച ചെയ്യപ്പെട്ടു. പ്രതി അകത്തായപ്പോഴും മുൻ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തെ കുറ്റപ്പെടുത്താൻ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറന്നില്ല.

യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്ന കൊലക്കേസിലെ പ്രതിയെ കണ്ടെത്തിയതു എൽഡിഎഫ് സർക്കാരാണെന്ന വാദമോ വസ്തുതയോ രാഷ്ട്രീയകേരളത്തിലെ ചർച്ചകളിൽ ഏറെക്കാലമെങ്കിലും ഇടംപിടിക്കുമെന്നുറപ്പ്.

<യ>സിജോ പൈനാടത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.