കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നു ജിഷയുടെ അച്ഛൻ
കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നു ജിഷയുടെ അച്ഛൻ
കൊച്ചി: ജിഷയെ കൊല്ലിച്ചവനെ രക്ഷിക്കാൻ സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുകയാണെന്ന് ജിഷയുടെ പിതാവ് കെ.വി. പാപ്പു. കൊലപാതകിയെന്നു പറയുന്ന ആസാം സ്വദേശിക്ക് ജിഷയോടുള്ള വ്യക്‌തിവൈരാഗ്യത്തിന് പോലീസ് മെനഞ്ഞ കഥ താൻ വിശ്വസിക്കുന്നില്ല. യഥാർഥ പ്രതിയെ പിടികൂടാൻ കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ പാപ്പു ആവശ്യപ്പെട്ടു.

ആരോപണവിധേയനായ രാഷ്ട്രീയ നേതാവിന്റെ മകൻ ആളെ വച്ച് ജിഷയെ കൊല്ലിച്ചതാണെന്നാണു തന്റെ സംശയം. മുഖ്യമന്ത്രിയിൽ ഇനി വിശ്വാസമില്ല. കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. ഇപ്പോൾ ആയുധം കത്തിയായി മാറി. ജിഷ തലയണയ്ക്കടിയിൽ വാക്കത്തിവച്ച് ഉറങ്ങേണ്ടിവന്നതും ശരീരത്തിൽ പെൻകാമറ ഘടിപ്പിച്ചതും ആരെ ഭയന്നിട്ടാണെന്ന് പോലീസ് പറയണം. കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പല തവണ കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ ജിഷ പരാതി പറഞ്ഞിരുന്നു. ഇത് ഏത് ഉന്നതനെതിരെയാണ്? കേസന്വേഷണം തുടക്കത്തിലേ അട്ടിമറിച്ചു. ഇതെല്ലാം സാധാരണക്കാരനായ ആസാം സ്വദേശിക്കുവേണ്ടിയായിരുന്നുവെന്ന് വിശ്വസിക്കാനാകില്ല. കേസ് സിബിഐക്കു കൈമാറാൻ സംസ്‌ഥാന സർക്കാർ തയാറാകണം. ഇല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാപ്പു പറഞ്ഞു.


പ്രതിക്ക് ജിഷയോടു വൈരാഗ്യമുള്ളതായി പറയുന്ന കുളിക്കടവ് സംഭവം വിശ്വാസയോഗ്യമല്ലെന്ന് പാപ്പുവിനൊപ്പമുണ്ടായിരുന്ന ബിജെപി സംസ്‌ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ ചൂണ്ടിക്കാട്ടി. കൊലപാതകത്തിനു പ്രേരണ നൽകിയത് ആരാണെന്ന് പോലീസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.