തെളിവെടുപ്പ് പ്രതിസന്ധിയിൽ
തെളിവെടുപ്പ് പ്രതിസന്ധിയിൽ
കൊച്ചി: പ്രമാദമായ ജിഷ കൊലക്കേസിലെ പ്രതിയെ പിടികൂടിയതോടെ ഇനി പ്രതിയുടെ മുഖം കാണാനുള്ള ആകാംക്ഷയിലാണു നാട്ടുകാർ. ക്രൂരമായ കൊല നടത്തിയതാരാണെന്ന് എത്രയും വേഗം അറിയാനുള്ള ആഗ്രഹം ഓരോ മലയാളിയും പ്രകടിപ്പിച്ചിരുന്നു. ജനങ്ങളുടെ രോഷപ്രക ടനം തെളിവെടുപ്പ് പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക പോലീസിനുണ്ട്.

സമീപകാലത്തു കേരളക്കര കേൾക്കാനാഗ്രഹിച്ച ഒരു പേരായിരുന്നു ജിഷയുടെ കൊലയാളിയുടേത്. പിടികൂടിയ പ്രതിയുടെ മുഖം ഇതുവരെ പോലീസ് പൊതുസമൂഹത്തിൽ പ്രദർശിപ്പിച്ചിട്ടില്ല. പ്രതിയുടെ മുഖം പുറത്തുകാണിക്കാതെയാണു പ്രതിയെ ആലുവ പോലീസ് ക്ലബിലെത്തിച്ചത്. മാധ്യമങ്ങൾക്കും അവിടെ എത്തിയിരുന്ന ജനങ്ങൾക്കും പ്രതി എങ്ങനെ ഇരിക്കുന്ന ആളാണെന്നതു സംബന്ധിച്ച് ഒരു സൂചനയും നൽകാത്ത രീതിയിലാണു പോലീസ് പ്രതിയെ എത്തിച്ചത്്. കേസന്വേഷണത്തിനിടെ പ്രതിയുടേതെന്ന പേരിൽ മൂന്നു രേഖാചിത്രങ്ങൾ വരച്ചിരുന്നു. ഈ ചിത്രവുമായി എത്രത്തോളം സാമ്യമുള്ള മുഖമാണു പ്രതിയുടേതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് നാട്ടുകാർ.

കഴിഞ്ഞ അമ്പതു ദിവസമായി നാട്ടുകാരും അല്ലാത്തവരുമായ നിരവധിപേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. 200 ഓളം പേരെ പോലീസ് പലപ്പോഴായി ചോദ്യം ചെയ്തു. അവസാനമാണ് അമിറുൽ ഇസ്ലാമിനെ കിട്ടുന്നത്. പോലീസിനെയും നാട്ടുകാരെയും ഇത്രയക്ക് വലച്ച ഇയാളെ ഒരുനോക്കു കാണാനായി ഇന്നലെ ആലുവ പോലീസ് ക്ലബ് പരിസരത്തും നിരവധി ആളുകൾ കൂടിയിരുന്നു. ഇവരെ നിയന്ത്രിക്കുന്നതിനുപോലീസ് പാടുപെട്ടിരുന്നു. പ്രതിയെ കൊണ്ടുവന്ന വാഹനത്തെ ചെറിയതോതിൽ ആക്രമിക്കാനും ശ്രമം നടന്നിരുന്നു. ഇന്നു കോടതിയിൽ ഹാജരാക്കാൻ എത്തിക്കുമ്പോഴും പ്രതിയെ കാണാൻ ജനങ്ങൾ കൂടാനുള്ള സാധ്യതകളേറെയാണ്.


ഡിജിപി ഇന്നു കൊച്ചിയിലെത്തുന്നുണ്ട് എന്ന വാർത്ത പോലീസ് ഇന്ന് പത്രസമ്മേളനം നടത്തി പ്രതിയുടെ മുഖം പൊതുസമൂഹത്തിനു കാണിച്ചുതരും എന്ന തരത്തിലുള്ള പ്രചാരണത്തിനു ശക്‌തി വർധിപ്പിച്ചിട്ടുണ്ട്. ഇന്നലെയും പോലീസ് പത്രസമ്മേളനം നടത്തും എന്ന രീതിയിൽ പ്രചാരണം ഉണ്ടായിരുന്നു. പ്രതിയെ ഇന്നു തെളിവെടുപ്പിനായി പെരുമ്പാവൂരിൽ എത്തിക്കാനുള്ള സാധ്യതയുമുണ്ട്. ഇന്നലെ പ്രതിയെ പിടിച്ച വിവരമറിഞ്ഞ് പെരുമ്പാവൂരിൽ നിന്ന് ആളുകൾ ആലുവയിൽ എത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.