പ്രതിയെ പിടികൂടിയത് എവിടെവച്ച് ? തൃശൂരോ, കാഞ്ചിപുരത്തോ ?
പ്രതിയെ പിടികൂടിയത് എവിടെവച്ച് ? തൃശൂരോ, കാഞ്ചിപുരത്തോ ?
ആലുവ: സൗമ്യവധക്കേസിനു ശേഷം കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമ്പതുദിവസങ്ങൾക്കു ശേഷം പിടിയിലായി. എന്നാൽ, പ്രതി അമിറുൾ ഇസ്ലാമിന്റെ അറസ്റ്റ് സംബന്ധിച്ചു വ്യത്യസ്ത വിവരങ്ങൾ പുറത്തുവരുന്നത് ആശയക്കുഴപ്പത്തിനു കാരണമാകുന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്തു വച്ച് അന്വേഷണസംഘത്തിന്റെ വലയിലാകുകയായിരുന്നുവെന്നാണ് ഇന്നലെ പോലീസ് ക്ലബിൽനിന്നു മാധ്യമങ്ങൾക്കു നൽകിയ പ്രസ് റിലീസിലെ ഔദ്യോഗിക വിശദീകരണം. എന്നാൽ, പ്രതിയെ പിടികൂടിയതു തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് സംഘമാണെന്നാണു പോലീസ് വൃത്തങ്ങളിൽനിന്നുള്ള മറ്റൊരു സൂചന. തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ശിങ്കിടിപാക്കത്തെ കാർ നിർമാണശാലയിൽ ഇയാൾ കുറച്ചുദിവസമായി ജോലി ചെയ്തുവരികയായിരുന്നു. കേരളം വിട്ടതോടെ രക്ഷപ്പെട്ടതായി കരുതിയ ഇയാൾ ഇവിടെനിന്ന് ഇടയ്ക്കിടയ്ക്ക് കുറുപ്പംപടിയിലെ വിശേഷങ്ങൾ കൂട്ടുകാരെ വിളിച്ചു തിരക്കിയിരുന്നു. ഇതു പ്രതിയുടെ ലൊക്കേഷൻ കണ്ടെത്താൻ പോലീസിനെ സഹായിച്ചുവെന്നാണു പറയുന്നത്.

ശിങ്കടിപാക്കത്തെത്തിയ പോലീസ് പഴവർഗങ്ങളോടു പ്രിയമുള്ള പ്രതി പഴക്കടകളിൽ എത്താനുള്ള സാധ്യത കണക്കിലെടുത്തു രണ്ടുദിവസം നിരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കമ്പനിയിലെ ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങുന്നവരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിടിയിലായദിവസം രാത്രി എട്ടുമണിയുടെ ഷിഫ്റ്റ് കഴിഞ്ഞ് പുറത്തുവന്ന തൊഴിലാളികളിൽനിന്ന് അമിറുൾ ഇസ്ലാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് ഒരു വിശദീകരണം.

എന്നാൽ, തൃശൂരിൽനിന്നു വ്യത്യസ്തമായ സൂചനകളാണു ലഭിക്കുന്നത്. മണ്ണുത്തിയിലെ കെട്ടിട നിർമാണ സ്‌ഥലത്തുനിന്നു തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് സംഘമാണു പ്രതിയെ കണ്ടെത്തിയതെന്നു പറയുന്നു. തൃശൂർ നഗരത്തിൽ ജോലി ചെയ്ത ശേഷം ദിവസങ്ങൾക്കു മുൻപാണ് മണ്ണുത്തിയിൽ കെട്ടിട നിർമാണ സ്‌ഥലത്തെത്തിയത്. രേഖാചിത്രത്തോടു സാദൃശ്യം തോന്നിയതിനാൽ രണ്ടുദിവസം നിരീക്ഷിച്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരുമ്പാവൂരിൽ ജോലി ചെയ്തിരുന്നതായി സമ്മതിച്ചതോടെ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്നു തൃശൂർ റൂറൽ എസ്പി ആർ. നിശാന്തിനി ഈ വിവരം എഡിജിപി സന്ധ്യയെ അറിയിച്ചു.


പ്രത്യേക അന്വേഷണ സംഘം എഡിജിപിയുടെ നേതൃത്വത്തിൽ തൃശൂരിൽ രണ്ടുദിവസം ഇയാളെ ചോദ്യം ചെയ്തതായും പ്രതിയെന്ന് ഉറപ്പായശേഷം ആലുവയിലേക്ക് എത്തിക്കുകയായിരുന്നെന്നും പറയുന്നു. ഇതിനിടയൽ ബുധനാഴ്ച കസ്റ്റഡിയിലുണ്ടായ പ്രതിയെ മണ്ണുത്തിയിലെ കെട്ടിട നിർമാണം നടക്കുന്നിടത്ത് എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തിയതായും സൂചനയുണ്ട്. എന്നാൽ, ഇത്രയേറെ കോളിളക്കം സൃഷ്‌ടിച്ച കേസിലെ പ്രതിയെ അമ്പതു ദിവസങ്ങൾക്കു ശേഷം കേരളത്തിൽനിന്നുതന്നെ കസ്റ്റഡിയിലെടുത്തു എന്ന വാർത്ത വന്നാൽ അതു പോലീസിനു നാണക്കേടാകും എന്നതുകൊണ്ട് ഔദ്യോഗിക വിശദീകരണത്തിൽ അറസ്റ്റ് കാഞ്ചീപൂരത്തേക്കു മാറ്റിയതെന്നാണ് സൂചന. അതേസമയം, പ്രതി താമസിച്ചിരുന്ന പെരുമ്പാവൂർ ഇരിങ്ങോൾ വൈദ്യശാലപ്പടിയിലെ ക്വാർട്ടേഴ്സിൽ ഇന്നലെ രാത്രി വൈകി അന്വേഷണ സംഘവും ഫോറൻസിക് വിഭാഗവും തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെനിന്നു ജിഷയെ കൊല്ലാൻ ഉപയോഗിച്ച രക്‌തം പുരണ്ട കത്തി കണ്ടെടുത്തതായുള്ള വാർത്തകൾ ശരിയല്ലെന്ന് അന്വേഷണ സംഘത്തിലെ പ്രമുഖൻ ദീപികയോടു പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.