പ്രതിയാക്കപ്പെട്ടവർക്ക് ആശ്വാസം!
പ്രതിയാക്കപ്പെട്ടവർക്ക് ആശ്വാസം!
കൊച്ചി: ജിഷവധക്കേസിൽ യഥാർഥ പ്രതി പിടിയിലായതോടെ ആശ്വാസം കൊള്ളുന്നത് രേഖാചിത്രത്തോടുള്ള സാമ്യം കൊണ്ടു കുഴപ്പത്തിലായവരും. പോലീസ് രണ്ടാമത്തെ രേഖാചിത്രം പുറത്തുവിട്ടതോടെ ഇതിനോടു സാമ്യമുള്ള നിരവധി പേരെയാണ് സോഷ്യൽ മീഡിയ കൊല്ലാക്കൊല ചെയ്തത്. ഇതിൽ എറണാകുളം സ്വദേശിയായ യുവാവ് ആണ് ഏറെ തേജോവധം ചെയ്യപ്പെട്ടത്. ഈ യുവാവിന്റെ ചിത്രം പ്രതിയുടെ രേഖാചിത്രവുമായി ചേർത്തുവച്ചു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതോടെ വീടിനു പുറത്തിറങ്ങാൻ പറ്റാതായ യുവാവ് ഒടുവിൽ തന്റെ നിരപരാധിത്വം വെളിപ്പെടുത്താൻ മാധ്യമങ്ങളെ നേരിട്ടു കണ്ടു. ഇതുകൂടാതെ നിരവധി പേർ രേഖാചിത്രവുമായുള്ള സാമ്യം മൂലം പോലീസിന്റെ ചോദ്യംചെയ്യലിനു വിധേയരായി. ഇടുക്കിയിൽനിന്ന് ഇങ്ങനെയൊരു യുവാവിനെ നാട്ടുകാർ പോലീസിനു കൈമാറി. ഇങ്ങനെ അമ്പതോളം പേരെക്കുറിച്ചുള്ള വിവരങ്ങളാണ് പലേടത്തുനിന്നും നാട്ടുകാർ പോലീസിനു കൈമാറിയത്. ഇവരിൽ ചിലരെയൊക്കെ പോലീസ് ചോദ്യം ചെയ്തു. ചിലരെ കസ്റ്റഡിയിലെടുത്തു. കൂടുതൽ സംശയം തോന്നിയവരുടെ രക്‌തസാമ്പിളുകളും ശേഖരിച്ചു. എന്തായാലും ആസാം സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ ആയതോടെ നിരപരാധികളായ ഇവർക്കെല്ലാം ആശ്വാസമായിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.