യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ ട്രംപ് പുറത്താക്കി
Saturday, May 3, 2025 1:32 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ പ്രസിഡന്റ് ട്രംപ് പുറത്താക്കി.
വാൾട്സിനെ അമേരിക്കയുടെ യുഎൻ അംബാസഡർ പദവിയിലേക്കു നാമനിർദേശം ചെയ്യുമെന്നു ട്രംപ് അറിയിച്ചു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഇടക്കാല ചുമതല വഹിക്കും.
വിവാദമായ ‘സിഗ്നൽ ആപ്’ ചോർച്ചയ്ക്കു കാരണക്കാരനായ വാൾട്സിനോടു ട്രംപിനു കടുത്ത അതൃപ്തിയുണ്ടായിരുന്നു. സുപ്രധാന കാബിനറ്റ് പദവി വഹിക്കുന്നയാളെ പുറത്താക്കുന്നതിനായി ഭരണത്തിൽ നൂറു ദിനം തികയ്ക്കുന്നതുവരെ ട്രംപ് കാത്തിരുന്നുവെന്നാണു സൂചന.
മാർച്ചിൽ യെമനിലെ ഹൂതികൾക്കെതിരേ അമേരിക്കൻ സേന നടത്താൻ പോകുന്ന ആക്രമണം ചർച്ച ചെയ്യാനായി സിഗ്നൽ ആപ്പിൽ രൂപവത്കരിച്ച ഗ്രൂപ്പിൽ ഒരു മാധ്യമപ്രവർത്തകനെക്കൂടി വാൾട്സ് അബദ്ധത്തിൽ ഉൾപ്പെടുത്തിയതാണു ചോർച്ചയ്ക്കു കാരണം.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് തുടങ്ങിയ ഉന്നതരും പങ്കെടുത്ത ചർച്ചയിൽ ആക്രമണസ്ഥലവും സമയവും അടക്കമുള്ള സുപ്രധാന വിവരങ്ങൾ പങ്കുവച്ചതായി മാധ്യമപ്രവർത്തകൻ പിന്നീട് വെളിപ്പെടുത്തിയതോടെയാണു സംഭവം വിവാദമായത്. വീഴ്ചയുടെ ഉത്തരവാദിത്വം വാൾട്സ് ഏറ്റെടുത്തിരുന്നു.
ഗാസ, യുക്രെയ്ൻ, ഇറാൻ വിഷയങ്ങളിൽ നയതന്ത്ര സമീപനം പുലർത്തുന്ന ട്രംപിന്റെ നിലപാടിനോടു വാൾട്സ് എതിർപ്പു പ്രകടിപ്പിച്ചിരുന്നതും പുറത്താകലിനു കാരണമായെന്ന സൂചനയുണ്ട്. ദേശീയസുരക്ഷാ ഉപദേഷ്ടാവെന്ന നിലയിൽ അമേരിക്കയിലെ വിവിധ ഏജൻസികളുടെ വിദേശനയം ഏകീകരിക്കുന്നതിലും വാൾട്സ് പരാജയമാണെന്ന വിലയിരുത്തൽ ട്രംപിനുണ്ടായിരുന്നു.
അതേസമയം, നാറ്റോ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളെ പിന്തുണച്ചിരുന്ന വാൾസ്ട് പുറത്തായത് അമേരിക്കയുടെ യൂറോപ്യൻ മിത്രങ്ങൾക്കു തിരിച്ചടിയാകും. വാൾട്സിനു ലഭിക്കാൻ പോകുന്ന യുഎൻ അംബാസഡർ പദവി കുറച്ചുനാളായി ഒഴിഞ്ഞുകിടക്കുകയാണ്.