സിറിയയ്ക്കു കൈ കൊടുത്ത് ട്രംപ്
Wednesday, May 14, 2025 10:38 PM IST
റിയാദ്: അമേരിക്കയുടെ സിറിയൻ നയം പ്രസിഡന്റ് ട്രംപ് പൊളിച്ചെഴുതി. നാലര പതിറ്റാണ്ടായി സിറിയയ്ക്കെതിരേ തുടരുന്ന അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കുമെന്ന് സൗദി സന്ദർശനത്തിൽ ട്രംപ് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ സിറിയൻ ഭരണാധികാരി അഹമ്മദ് അൽ ഷാരയുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ഇസ്രയേലുമായുള്ള ബന്ധം സിറിയ മെച്ചപ്പെടുത്തണമെന്നു ഷാരയോടു ട്രംപ് നിർദേശിച്ചു.
റിയാദിൽ നടന്ന കൂടിക്കാഴ്ച ഹ്രസ്വമായിരുന്നു. സൗദിയുടെ ഭരണം നിയന്ത്രിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ടും തുർക്കി പ്രസിഡന്റ് എർദോഗൻ വീഡിയോ ലിങ്കിലൂടെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ ബന്ധം വീണ്ടെടുത്ത ഏബ്രഹാം ഉടന്പടിയിൽ സിറിയ ഒപ്പുവയ്ക്കുക, വിദേശ തീവ്രവാദികളെ, പ്രത്യേകിച്ച് പലസ്തീൻ തീവ്രവാദികളെ സിറിയയിൽനിന്നു പുറത്താക്കുക, ഇസ്ലാമിക് സ്റ്റേറ്റിനെതിരായ അമേരിക്കൻ പോരാട്ടത്തിൽ സഹായിക്കുക എന്നീ കാര്യങ്ങൾ ചെയ്യണമെന്നു ഷാരയോട് ട്രംപ് ആവശ്യപ്പെട്ടു. സൗദി ഉചിതമായ സമയത്ത് ഏബ്രഹാം ഉടന്പടിയിൽ പങ്കാളിയാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഒരിക്കൽ അമേരിക്ക ഒരു കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്ന, ജിഹാദി പാരന്പര്യമുള്ള ഷാരയോട് ട്രംപ് ഭരണകൂടം അടുക്കുന്നതിൽ ഇസ്രേയലിനു കടുത്ത എതിർപ്പുള്ളതായി സൂചനയുണ്ട്.
അതേസമയം, ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസാദിനെ പുറത്താക്കി ഭരണം പിടിച്ച ഷാരയ്ക്കു ട്രംപിന്റെ പ്രഖ്യാപനങ്ങൾ വലിയ ആശ്വാസമാണ്. ഉപരോധങ്ങൾ നീങ്ങുന്നതോടെ സിറിയയിൽ വിദേശ നിക്ഷേപത്തിനും ജീവകാരുണ്യ സംഘടനകളുടെ പ്രവർത്തനത്തിനും അവസരമൊരുങ്ങും. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സിറിയൻ ജനത വൻ ആഘോഷപ്രകടനങ്ങൾ നടത്തി.
1979ൽ ഹഫീസ് അൽ അസാദ് പ്രസിഡന്റായിരിക്കേയാണ് അമേരിക്ക സിറിയയ്ക്കെതിരേ ഉപരോധം ചുമത്താൻ തുടങ്ങിയത്. ഹഫീസിന്റെ മകൻ ബഷാർ അൽ അസാദിന്റെ ഭരണകാലത്ത് സിറിയ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായപ്പോൾ അമേരിക്ക ഉപരോധങ്ങൾ കർശനമാക്കി.
ഹിസ്ബുള്ളയെ പുറത്താക്കിയാൽ ലബനനും അവസരം
ഹിസ്ബുള്ള ഭീകരരിൽനിന്നു മുക്തി നേടിയാൽ ലബനനും ശോഭന ഭാവിക്കുള്ള അവസരമുണ്ടാകുമെന്നു ട്രംപ് റിയാദിൽ പ്രഖ്യാപിച്ചു. ഇറാനുമായി കരാറുണ്ടാക്കാനും ആഗ്രഹമുണ്ട്.
പക്ഷേ, ഇറാൻ ഭീകരവാദികളെ പിന്തുണയ്ക്കുന്നത് നിർത്തണമെന്നും അണ്വായുധം സ്വന്തമാക്കാൻ ശ്രമിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. സൗദി സന്ദർശനം പൂർത്തിയാക്കിയ ട്രംപ് തുടർന്ന് ഖത്തറിലേക്കു പോയി.