സ്ഥിരം മുഖങ്ങളെ ഒഴിവാക്കണം: ചെറിയാൻ ഫിലിപ്പ്
Tuesday, May 13, 2025 7:16 PM IST
തിരുവനന്തപുരം: കെപിസിസി, ഡിസിസി ഭാരവാഹികളുടെ പുനഃസംഘടനയിൽ വിവിധ സ്ഥാനങ്ങളിൽ വർഷങ്ങളായി മാറിമാറി തുടരുന്ന സ്ഥിരം മുഖങ്ങളെ ഒഴിവാക്കണമെന്നു കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്.
ഗ്രൂപ്പു നേതാക്കളുടെ പിന്തുണയില്ലാത്തതിനാൽ അവഗണിക്കപ്പെട്ട, കോണ്‍ഗ്രസിനു വേണ്ടി ജീവിതം ഹോമിച്ച, പാരമ്പര്യവും അർഹതയും യോഗ്യതയുമുള്ളവരെയാണ് ആദ്യം പരിഗണിക്കേണ്ടത്.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ കോണ്‍ഗ്രസിൽ എല്ലാ തലത്തിലും തലമുറമാറ്റം അനിവാര്യമാണ്. സംഘടനാ ദൗർബല്യം പരിഹരിക്കണമെങ്കിൽ പുതുരക്തപ്രവാഹം ഉണ്ടായേ തീരൂ.
അമ്പതു ശതമാനം സ്ഥാനങ്ങൾ അമ്പതു വയസിനു താഴെയുള്ളവർക്ക് നൽകണമെന്ന എഐസിസി റായ്പൂർ സമ്മേളന തീരുമാനം നടപ്പാക്കണം. 25 ശതമാനം വീതം വനിതകൾക്കും പിന്നാക്കക്കാർക്കും നൽകണമെന്ന നിബന്ധന ലംഘിക്കരുത്.
ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു വർഗമാണ് കോണ്‍ഗ്രസിലുള്ളത്. ചെറുപ്പം മുതൽ തുടർച്ചയായി അധികാരസ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്ന ചില നേതാക്കൾക്ക് അധികാര ആർത്തി ഇനിയും അവസാനിച്ചിട്ടില്ല.
അവഗണനയിലും വഞ്ചനയിലും കടത്തിലും മനംനൊന്ത് ഹൃദയം പൊട്ടി മരിച്ച സതീശൻ പാച്ചേനിയുടെ കദനകഥ ആരും മറക്കരുത്. രാഷ്ട്രീയ പ്രതിയോഗികളുടെയും പോലീസിന്റെയും പീഡനമേറ്റ് ആരോഗ്യം ക്ഷയിച്ച് സ്ഥിരം ചികിത്സയിൽ കഴിയുന്ന ജീവിക്കുന്ന രക്തസാക്ഷികളെയാണ് പുനഃസംഘടനാവേളയിൽ ഓർമിക്കേണ്ടതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.