പുളിക്കീഴ് ബിവറേജസ് ഗോഡൗണിലെ തീപിടിത്തം; എട്ടു കോടിയുടെ നഷ്ടം
Thursday, May 15, 2025 1:19 AM IST
തിരുവല്ല: ബിവറേജസ് കോർപറേഷന്റെ പുളിക്കീഴ് ഔട്ടലെറ്റിലും ഗോഡൗണിലും ഉണ്ടായ തീപിടിത്തത്തിൽ നഷ്ടം എട്ടുകോടി രൂപയെന്ന് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഗോഡൗണിൽ തീ പടർന്നത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഇന്നലെ പുലർച്ചെയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സ്ഥാപനം പൂർണമായി കത്തിയമർന്നു. ആസ്ബസ്റ്റോസ്് ഷീറ്റ് പാകിയ മേൽകൂര ഒന്നും അവശേഷിപ്പിക്കാതെ ചാന്പലായി. മണിക്കൂറുകൾ കഴിഞ്ഞിട്ടും മദ്യക്കുപ്പി കൂനകളിൽ തീ ജ്വാല ഉയരുന്നത് തുടർന്നു. ബിവറേജസ് കോർപറേഷൻ നിയന്ത്രണത്തിൽ ജവാൻ റം ഉത്പാദിപ്പിക്കുന്ന കേന്ദ്രം കൂടിയാണ് പുളിക്കീഴിലേത്.
1937ൽ ട്രാവൻകൂർ പമ്പാ ഷുഗർ ഫാക്ടറിയായി ബ്രിട്ടീഷ് നിയന്ത്രണത്തിൽ പ്യാരി ആൻഡ് കമ്പനി ആരംഭിച്ച സ്ഥാപനം ഇപ്പോൾ ഏകദേശം നവതിയുടെ ഘട്ടത്തിൽ എത്തി നിൽക്കവേയാണ് വൻ ദുരന്തം ഉണ്ടായത്. കെട്ടിടവും മദ്യവും അടക്കം എട്ട് കോടിയുടെ നഷ്ടം കണക്കാക്കുന്നു. സ്പിരിറ്റ് സൂക്ഷിച്ച ആയിരക്കണക്കിന് ലിറ്റർ ടാങ്കുകളുടെ പരിസരത്ത് അഗ്നിബാധ എത്തിയില്ലെന്നത് ആശ്വാസമായി.
ഗോഡൗണിനു തൊട്ടടുത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ സംഭവിച്ച വൈദ്യുതി തകരാറാണ് വലിയ അഗ്നിബാധയ്ക്കു കാരണമായതെന്നു പറയുന്നുണ്ടെങ്കിലും വിശദമായ അന്വേഷണത്തിൽ മാത്രമേ യാഥാർഥ്യം മനസിലാക്കാനാകൂ.
42,000 കെയ്സ് വിവിധയിനം വിദേശമദ്യം ഗോഡൗണിൽ ഉണ്ടായിരുന്നതായി ഡെപ്യൂട്ടി മാനേജർ അരുൺ പറഞ്ഞു. മന്ത്രി എം.ബി. രാജേഷ്, ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ സ്ഥലത്തെത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.