ഡിജിറ്റൽ ക്ലോക്ക്: അഞ്ചു ലക്ഷത്തിന്റെ സമ്മാനവുമായി റെയിൽവേ
Friday, May 16, 2025 1:59 AM IST
കൊല്ലം: രാജ്യത്തെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ ക്ലോക്ക് മികച്ച രീതിയിൽ ഡിസൈൻ ചെയ്താൽ അഞ്ച് ലക്ഷം രൂപ സമ്മാനം. ആകർഷകമായ ഡിജിറ്റൽ ക്ലോക്ക് ഡിസൈൻ ചെയ്യുന്നവർക്ക് റെയിൽവേ ഇത്തരമൊരു സമ്മാന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത് ചരിത്രത്തിൽ ആദ്യമാണ്.
വ്യത്യസ്തമായ ആശയവും ഭാവനയും ഉള്ളതായിരിക്കണം പുതിയ ക്ലോക്കുകൾ. ഇതിനായി നൂതന ഡിസൈനുകൾ തേടി റെയിൽവേ അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. പ്രഫഷണലുകൾ, സർവകലാശാലാ വിദ്യാർഥികൾ, സ്കൂൾ വിദ്യാർഥികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.
തെരഞ്ഞെടുക്കുന്ന ഡിസൈനുകൾ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കും. ഒന്നാം സമ്മാനത്തിന് പുറമേ മൂന്ന് വിഭാഗത്തിലും പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. മേയ് 31ന് മുമ്പ് ഡിസൈനുകൾ സമർപ്പിക്കണം. പങ്കെടുക്കുന്നവർക്ക് ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാം.എല്ലാ ഡിസൈനിലും അതിന്റെ ആശയം പ്രതിപാദിക്കുന്ന ഹ്രസ്വമായ കുറിപ്പുകൂടി സമർപ്പിക്കണം.
എല്ലാ ഡിസൈനുകളും സ്വന്തം സൃഷ്ടികൾ ആയിരിക്കണം. മത്സരത്തിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ രേഖകളും നൽകണം. വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിന്റെ സാധുവായ ഐഡി കാർഡ് ആണ് നൽകേണ്ടത്.
രാജ്യത്ത് 8000ത്തിലധികം റെയിൽവേ സ്റ്റേഷനുകൾ ഉണ്ട്. ഇവയിൽ ഭൂരിഭാഗത്തിലും പഴയ പരമ്പരാഗത ക്ലോക്ക് ആണ് ഉപയോഗിക്കുന്നത്. ചില സ്റ്റേഷനുകളിൽ ഡിജിറ്റൽ ക്ലോക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ അടിമുടി മാറ്റം വരുത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. അതിനായാണ് മത്സരം സംഘടിപ്പിക്കുന്നത്.
അമൃത് ഭാരത് സ്റ്റേഷനുകളായി വികസിപ്പിക്കുന്ന സ്റ്റേഷനുകളിലായിരിക്കും അത്യന്താധുനിക ഡിജിറ്റൽ ക്ലോക്കുകൾ ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുക.