എസ്ബിഐ പലിശനിരക്ക് കുറച്ചു
Tuesday, June 17, 2025 2:33 AM IST
ന്യൂഡൽഹി: റിസർവ് ബാങ്ക് റിപ്പോനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് 50 ബേസിക് പോയിന്റ് കുറച്ചു. അതിനിടെ എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കും കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ജൂണ്‍ 15 മുതൽ പ്രാബല്യത്തിലായി.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഉൾപ്പെടെയുള്ളവയും സമാനമായ കുറവ് വരുത്തിയിരുന്നു. ജൂണ്‍ 6ന് ആർബിഐ റിപ്പോനിരക്കിൽ 50 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്. കൂടാതെ കരുതൽ ധനാനുപാതവും ആർബിഐ കുറച്ചിട്ടുണ്ട്.
പലിശ നിരക്ക് കുറച്ചതോടെ, എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് വായ്പാ നിരക്ക് (ആർഎൽഎൽആർ) 50 ബേസിസ് പോയിന്റ് കുറഞ്ഞ് 7.75 ശതമാനമായി. ബാഹ്യ ബെഞ്ച്മാർക്ക് അധിഷ്ഠിത വായ്പാ നിരക്കും (ഇബിഎൽആർ) സമാനമായ നിലയിൽ കുറച്ചിട്ടുണ്ട്. അര ശതമാനം കുറഞ്ഞതോടെ പലിശനിരക്ക് 8.15 ശതമാനമായി.
എഫ്ഡി റേറ്റ്സ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ എഫ്ഡി കാലാവധികളിലുമുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചു.
മൂന്ന് കോടി രൂപ വരെയുള്ള, വിവിധ കാലാവധികളിലുള്ള എല്ലാ സ്ഥിര നിക്ഷേപങ്ങളുടെയും പലിശനിരക്കിൽ 25 ബേസിസ് പോയിന്റിന്റെ കുറവും വരുത്തി. സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ നൽകുന്ന പലിശ 3.05 ശതമാനം മുതൽ 6.45 ശതമാനംവരെയായി. മുതിർന്ന പൗരന്മാരുടെ നിരക്ക് 3.55 ശതമാനം മുതൽ 7.05 ശതമാനവും.
പലിശ നിരക്ക് പുതുക്കിയതോടെ, 1-2 വർഷത്തെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറഞ്ഞ് 6.50 ശതമാനമായി. രണ്ട് വർഷം മുതൽ 3 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.70 ശതമാനത്തിൽ നിന്ന് 6.45 ശതമാനമായി പലിശ കുറച്ചു.
3-5 വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.30 ശതമാനമായും 5 മുതൽ 10 വർഷത്തേക്കുള്ള പലിശനിരക്ക് 6.05 ശതമാനമായും കുറഞ്ഞു.
സേവിംഗ് ബാങ്ക് അക്കൗണ്ട് റേറ്റ്
എല്ലാ സേവിംഗ് ബാങ്ക് അക്കൗണ്ടുകളുടെയും പലിശ 2.50 ശതമാനമായി ഏകീകരിച്ചു. പത്ത് കോടി രൂപയ്ക്ക് താഴെ ബാലൻസ് ഉണ്ടെങ്കിൽ 2.70 ശതമാനവും അതിന് മുകളിലാണെങ്കിൽ മൂന്ന് ശതമാനവുമായിരുന്നു നേരത്തേ പലിശ നൽകിയിരുന്നത്.
അമൃത് വൃഷ്ടി
444 ദിവസത്തെ കാലാവധിയുള്ള പ്രത്യേക നിക്ഷേപ പദ്ധതിയായ ‘അമൃത് വൃഷ്ടി’ പദ്ധതിയുടെ പലിശ നിരക്കും കുറച്ചിട്ടുണ്ട്. 6.85 ശതമാനത്തിൽ നിന്ന് 6.60 ആയാണ് പരിഷ്കരിച്ചത്.
ഈ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്കും (60 വയസും അതിൽ കൂടുതലും) സൂപ്പർ സീനിയർ സിറ്റിസണ്‍സിനും (80 വയസും അതിൽ കൂടുതലും) ഈ പുതുക്കിയ നിരക്കിന് പുറമേ അധിക പലിശ തുടർന്നും ലഭിക്കും.