കുലകുത്തി കായ്ച്ചുകിടക്കുന്ന മാന്തോട്ടം, തൊട്ടടുത്ത് പപ്പായത്തോട്ടം, മൂന്നു കിലോമീറ്റർ മാറി വീടിനോടു ചേർന്ന് തെങ്ങും മാവും കമുകും പച്ചക്കറികൃഷിയും.
ഇത് പാലക്കാട് മുതലമട പെരിയപതിക്കാട് ജോസ് പി. ജേക്കബ് എന്ന അനിമോന്റെ കൃഷി വിശേഷമാണ്. മുപ്പതേക്കറോളം മാന്തോട്ടം ലീസിനെടുത്തും അനിമോൻ കൃഷി നടത്തുന്നുണ്ട്. മാന്തോട്ടത്തിനോടു ചേർന്നാണ് പപ്പായകൃഷി നടത്തുന്നത്.
കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത്തവണ മാങ്ങ കുറവാണ്. കൂടാതെ വന്യമൃഗശല്യവുണ്ട്. തോട്ടത്തിൽ എത്തുന്ന മാനും മയിലും ശല്യമുണ്ടാക്കുന്നുണ്ടെന്ന് അനിമോൻ പറഞ്ഞു.
സിന്ദൂരം, അൽഫോണ്സ, ബംഗനപ്പള്ളി, ഹിമാപസന്ത്, മല്ലിക, നീലൻ, കാലാപ്പാടി തുടങ്ങി 18 വെറൈറ്റി മാവുകൾ തോട്ടത്തിൽ ഉണ്ട്. മാവ് കായ്ക്കുന്നതിന് മുന്പുതന്നെ തോട്ടം ലീസിന് എടുക്കുകയാണ് ചെയ്യുന്നത്.
ലീസ് തുക മൂന്നു ഗഡുക്കളായി ഉടമസ്ഥന് നൽകും. മാവിന് ആവശ്യമായ വളവും ജലസേചനവും തോട്ടം എടുക്കുന്നവരാണ് നൽകുന്നത്. മാവിന് പ്രധാനമായും കവാത്ത് (പ്രൂണിംഗ്) നടത്തണം.
ചാണകം, കോഴിവളം എന്നിവയും ബോറോണും മൈക്രോ ന്യൂട്രിയന്റുകളും നൽകും. മാവ് പൂക്കുന്നതിന് മരുന്ന് അടിക്കും. മാങ്ങാ വിളവെടുപ്പ് ആരംഭിക്കുന്നത് മുതലമടയിലാണ്.
ഇന്ത്യൻ മാർക്കറ്റിലും വിദേശത്തേക്കും മാങ്ങ കയറി പോകുന്നുണ്ട്. ഓരോ ഇനത്തിനും പ്രത്യേകമായാണ് വിളവ് എടുക്കുന്നത്. കിളിമൂക്ക്, മൂവാണ്ടൻ മാവുകൾ ആദ്യം കായ്ച്ചാൽ മികച്ച വില ലഭിക്കും. വൈകിയാൽ വില കുറവായിരിക്കും.
പപ്പായ കൃഷി
റെഡ്ലേഡി, ഡബ്ല്യുഎസ് 41 എന്നീ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. രണ്ടായിരത്തോളം തൈകളാണ് നട്ടിരിക്കുന്നത്. പപ്പായ കൃഷിയിലും വന്യമൃഗശല്യം ഉണ്ട്.
പപ്പായ കൃഷിക്കായി ആദ്യം തടമെടുത്ത് ചാണകം, കോഴിക്കാഷ്ഠം, ജൈവവളം എന്നിവയിട്ട് മൂടും. തടത്തിനു മുകളിൽ മൾച്ചിംഗ് ഷീറ്റ് വിരച്ച ശേഷമാണ് പപ്പായ നട്ടിരിക്കുന്നത്.
ആറാം മാസം തൊട്ട് വിളവ് എടുക്കാൻ സാധിക്കും. വിഎഫ്പിസികെ വഴിയാണ് പപ്പായ വിൽക്കുന്നത്. ജലസേചനത്തിനായി തോട്ടത്തിൽ കുഴൽ കിണറുകൾ ഉണ്ട്.
തുള്ളിനന സംവിധാനത്തിലാണ് ജലസേചനം ക്രമീകരിച്ചിരിക്കുന്നത്. മാന്തോട്ടത്തിൽ നേരിട്ട് പൈപ്പിൽനിന്നാണ് നനയ്ക്കുന്നത്.
പുരയിടത്തിൽ തെങ്ങും കുരുമുളകും
വീടിനോടു ചേർന്ന് മൂന്നരയേക്കർ സ്ഥലത്ത് തെങ്ങ്, കമുക്, കൊക്കോ, മാവ്, കുരുമുളക് കൃഷികളും പച്ചക്കറി കൃഷിയുമുണ്ട്. സീസണ് അനുസരിച്ചാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. തോട്ടത്തിൽ ഇരുനൂറിൽ മേലേ തെങ്ങുകൾ ഉണ്ട്.
തെങ്ങിന്റെ ഇടവിളയായി കൊക്കോയും കമുകും നട്ടിട്ടുണ്ട്.സമ്മിശ്രകൃഷി ആയതിനാൽ, ഒന്നിൽ ഉത്പാദനം കുറഞ്ഞാലും മറ്റൊന്നിൽനിന്നു കൂടുതൽ ലഭിക്കുന്നതിനാൽ നഷ്ടമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് അനിമോൻ പറഞ്ഞു.
രാസവളവും ജൈവവളവും നൽകുന്നുണ്ട്. ചാണകവും കോഴിവളവുമാണ് ജൈവവളമായി നൽകുന്നത്. തേങ്ങായ്ക്കു വിലയുള്ളതുകൊണ്ട് തെങ്ങുകൃഷി ലാഭകരമാണ്. മണ്ഡരിരോഗം തോട്ടത്തിൽ ഉണ്ടെങ്കിലും കാര്യമായ പ്രശ്നമില്ല. വെള്ളീച്ചശല്യമാണ് പ്രധാനപ്രതിസന്ധി. തോട്ടി ഉപയോഗിച്ചാണ് തേങ്ങ ഇടുന്നത്.
തെങ്ങിൽ കയറാത്തതിനാൽ, എല്ലാ തെങ്ങിലും കുരുമുളക് പടർത്തിയിട്ടുണ്ട്. കുതിരവാലി, പന്നിയൂർ, കരിമുണ്ട, നീലമുടി ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്.
തെങ്ങിന്റെ ഇടവിളയായി ചെയ്യുന്ന കൊക്കോ കൃഷി നിലവിൽ ലാഭകരമാണ്. കൊക്കോ തൊണ്ടോടുകൂടിയും ഉണക്കിയുമാണ് വിൽക്കുന്നത്. തോട്ടത്തിൽ കാട്ടുപന്നി, മാൻ, മലയണ്ണാൻ, മരപ്പട്ടി ശല്യമുണ്ട്.
തോട്ടത്തിനു ചുറ്റും വേലി തീർത്തിട്ടുണ്ടെങ്കിലും നുഴഞ്ഞുകയറ്റ ഭീഷണിയുണ്ട്.

കാലാവസ്ഥ നോക്കി പച്ചക്കറികൃഷി
കാലാവസ്ഥയെ ആശ്രയിച്ചാണ് പച്ചക്കറികൃഷിചെയ്യുന്നത്. തക്കാളി, പാവൽ, പയർ, മുളക് എന്നിവയാണ് പ്രധാന കൃഷി. വിഎഫ്പിസികെ സമിതി മുഖേനയാണ് പച്ചക്കറി വിപണനം ചെയ്യുന്നത്. പച്ചക്കറി കൃഷിയിലൂടെ കുറച്ചു സ്ഥലത്തുനിന്ന് കൂടുതൽ ആദായം ലഭിക്കും.
വിലക്കുറവോ കൃഷി നാശമോ ഉണ്ടായാൽ തിരിച്ചടിയും അതുപോലെതന്നെ. നിലവിൽ കൃഷിഭവന്റെ ഭാഗത്തുനിന്ന് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. തെങ്ങിനും മാവിനുമുള്ള വളം മാത്രമാണ് സബ്സിഡി നിരക്കിൽ ലഭിക്കുന്നത്.
സർക്കാരിനു ഫണ്ട് ഇല്ലാത്തതിനാൽ, പുതിയ പദ്ധതികൾ നടപ്പിലാക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നതെന്നും അനിമോൻ പറഞ്ഞു. അനിമോന്റെ കൃഷിക്കു പൂർണപിന്തുണയുമായി ഭാര്യ സിൽവി ജോസും മക്കളായ അലനും ലിയയും ആരോണും കൂടെയുണ്ട്.
ആദി ഡ്വാർഫ് സ്വന്തം തെങ്ങിൻ തൈ
ആദി ഡ്വാർഫ് എന്ന പേരിൽ അനിമോൻ സ്വന്തമായി തെങ്ങിൻ തൈ വികസിപ്പിച്ചിട്ടുണ്ട്. ഡ്വാർഫും ടോളും ക്രോസ് ചെയ്താണ് തൈ വികസിപ്പിച്ചെടുത്തത്. നാളികേര വികസന ബോർഡിന്റെ അംഗീകാരത്തോടെയാണ് പുതിയ ഇനം ഉത്പാദിപ്പിച്ചത്. തമിഴ്നാട്ടിലെ തോട്ടത്തിൽ വച്ചാണ് മാതൃവൃക്ഷത്തിൽ പരാഗണം നടത്തിയത്.
പാലക്കാട്ടുതന്നെയുള്ള മൈത്രി എന്ന തെങ്ങ് ഗവേഷണ സ്ഥാപനത്തിൽ ജോലി ചെയ്തുവരവേയാണ് തൈ ഉദ്പാദനത്തിലേക്ക് കടന്നത്. സ്വകാര്യ നഴ്സറിയുടെ സഹകരണത്തോടെ ഒരു ലക്ഷത്തോളം തൈ വിതരണം ചെയ്തിട്ടുണ്ട്.
സ്വന്തമായി വികസിപ്പിച്ചെടുത്ത തെങ്ങിൻ തൈകൾ സ്വന്തം തോട്ടത്തിൽ ഫലം ചൂടിനിൽക്കുന്നതും ഈ കർഷകന് കൂടുതൽ സന്തോഷം നൽകുന്നു.
ഫോണ്: 9495726612
Tags : Karshakan Agriculture