ഇരിട്ടി: പടിയൂർ പഞ്ചായത്തിലെ കല്യാട് നിർമാണം പുരോഗമിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ആദ്യഘട്ടം നവംബറിൽ ഉദ്ഘാടനം ചെയ്യും. കേന്ദ്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എംഎൽഎയുടെയും ആയുസ് ഡയറക്ടർ സജിത്ത് ബാബുവിന്റെയും നേതൃത്വത്തിൽ ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഒക്ടോബറിനുള്ളിൽ എല്ലാ ഒന്നാംഘട്ട പ്രവർത്തനങ്ങളും പൂർത്തിയാക്കാനും നവംബർ ആദ്യവാരം ഉദ്ഘാടനം നടത്താനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായി അവലോകനയോഗത്തിനുശേഷം എംഎൽഎ പറഞ്ഞു. ഒന്നാംഘട്ടത്തിൽ 100 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി ബ്ലോക്ക്, വൈദ്യശാസ്ത്ര അറിവുകളുമായി ബന്ധപ്പെട്ട താളിയോലകളും കൈയെഴുത്ത് കൃതികളും സംരക്ഷിക്കുന്നതിനുള്ള മാനുസ്ക്രിപ്റ്റ് സെന്റർ, ഔഷധ സസ്യങ്ങളുടെ നഴ്സറി ബ്ലോക്ക്, ചുറ്റുമതിൽ, പ്രവേശന കവാടം എന്നിവയാണ് പൂർത്തിയാക്കുന്നത്. ഇതോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ലാബും സജ്ജമാക്കും.
ആശുപത്രി ബ്ലോക്കിന്റെ മൂന്നുനിലകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. മാനുസ്ക്രിപ്റ്റ് സ്റ്റഡി സെന്റർ നിർമാണവും പുരോഗമിക്കുന്നു. 36.5 ഏക്കറിൽ കിഫ്ബി ഫണ്ടിൽനിന്നും 120 കോടിയോളം ചെലവഴിച്ചാണ് ഒന്നാംഘട്ടം പൂർത്തിയാക്കുന്നത്. 250 ഏക്കർ സ്ഥലമാണ് ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി ഏറ്റെടുത്തിരിക്കുന്നത്.
ആദ്യഘട്ട പ്രവർത്തനത്തിന് വേണ്ടിവരുന്ന 132 തസ്തികകൾ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കാനും യോഗം തീരുമാനിച്ചു. 135 ശാസ്ത്രജ്ഞന്മാരുടെ തസ്തിക ഉൾപ്പെടെ 432 പ്രധാന തസ്തികകളിലേക്കാണ് നിയമനം നടത്തേണ്ടത്. രണ്ട്, മൂന്ന് ഘട്ടങ്ങളിൽ ഗവേഷണ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ആയിരത്തിലധികം തസ്തികകൾ സൃഷ്ടിക്കപ്പെടും. കേന്ദ്രത്തിന്റെ നടത്തിപ്പിനായുള്ള ഗവേണിംഗ് കൗൺസിൽ ഉൾപ്പെടെ രൂപവത്ക്കരിക്കുന്നതിനുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
താളിയോലഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്യും
ആയുർവേദവുമായി ബന്ധപ്പട്ട ഇരുനൂറോളം താളിയോല ഗ്രന്ഥങ്ങളും രണ്ടായിരത്തോളം കൈയെഴുത്ത് പ്രതികളും ലഭിച്ചതായും ഒന്നാംഘട്ടം പൂർത്തിയാകുന്നതോടെ ഇതൊക്കെ ഡിജിറ്റൈസ് ചെയ്യുമെന്നും ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. രണ്ടാംഘട്ടത്തിൽ അന്താരാഷ്ട്ര ആയുർവേദ മ്യൂസിയം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞന്മാർക്കും വിദ്യാർഥികൾക്കും ഉള്ള താമസ സൗകര്യം, ഹെർബൽ ഗാർഡൻ, ആയുർവേദവുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസം സാധ്യതകൾ എന്നിവ പൂർത്തിയാക്കും.
ഇതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചതായും വിദേശത്തുനിന്നും സ്വദേശത്തുനിന്നും ആയുർവേദ ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനുള്ള കേന്ദ്രമായി വളർത്തുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ആയുഷ് സ്പെഷൽ ഓഫീസർ ഡോ. രാജ് മോഹൻ, ഔഷധി എംഡി ഡോ. ഹൃദിക്ക്, മാനുസ്ക്രിപ്റ്റ് വിഭാഗം മേധാവി ഡോ.ആർ. സത്യജിത്ത്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, കിറ്റ്കോ പ്രതിനിധികളായ ബൈജു ജോൺ, സി. അനൂപ് , കെ.എസ്. അമൽ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.