തിരുവല്ല: പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ നാളെ വിവിധ വിഷയങ്ങളിൽ സംവാദം നടക്കും. 2024-25 വർഷത്തെ യുഗ കോളജ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ടെഡക്സ് ടോക്കാണിത്. കേരളത്തിലെ മെഡിക്കൽ കോളജുകളിൽ നടക്കുന്ന ആദ്യ സംവാദവുമാണിത്.
രാവിലെ ഒന്പതിന് റിട്ടയേഡ് ഡിജിപി ജേക്കബ് പൊന്നൂസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് രണ്ട് സെഷനുകളിലായി വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന ഒൻപത് പ്രമുഖ വ്യക്തികളുമായി സംവാദം നടക്കും. ആദ്യ സെഷൻ രാവിലെ ഒന്പതു മുതൽ ഒന്നുവരെയും രണ്ടാമത്തെ സെഷൻ രണ്ടു മുതൽ വൈകുന്നേരം 5.30 വരെയും നടക്കും.
ഐഎഎസ് ഓഫീസർ പി.ബി. നൂഹ്, ഐഎസ്എൽ കമന്റേറ്റർ ഷൈജു ദാമോദരൻ, ചലച്ചിത്ര താരം രഞ്ജിത് സജീവ്, ന്യൂറോ സർജൻ ഡോ. എ. മാർത്താണ്ഡ പിള്ള, ബിസിനസ് സംരംഭകൻ ജോയൽ ജേക്കബ്, ചലച്ചിത്ര നടി ഫറ ഫിബ്ല, റേഡിയോ ജോക്കി ആർ.ജെ. രേണു, വ്ലോഗർ എബിൻ തുടങ്ങിയവരാണ് സംവാദത്തിൽ പങ്കെടുക്കുന്നത്.
പരിപാടിയുടെ മുഖ്യ ഓർഗനൈസറായ ഡോ. സന്തോഷ് ആർ പിള്ള, മെഡിക്കൽ കോളജ് ഡയറക്ടർ ഫാ.ജോർജ് വലിയപറമ്പിൽ, ഫാക്കൽറ്റി ഇൻ ചാർജ് ഡോ. ഡോണ, ഡോ. മിഥുൻ, കോ-ഓർഗനൈസറായ ജെ.എസ്. ആര്യ, ക്യൂറേറ്റർമാരായ ബോനു കെ.ബേബി, സൂര്യ ശങ്കർ, അമൽ ജോൺസൺ, ലക്ഷ് മി ബിജു, ജോയൽ ജോയ് എന്നിവർ നേതൃത്വം നൽകും.