വടക്കാഞ്ചേരി: അത്താണിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് (എസ്ഐഎഫ്എൽ) 2025 - 26 സാമ്പത്തികവർഷം 86 കോടി രൂപയുടെ വിറ്റുവരവ് നേടിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 10.12 കോടി രൂപയുടെ പ്രവർത്തനലാഭവും 2.8 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചതായും ഭാരവാഹികൾ അറിയിച്ചു.
വിറ്റുവരവിൽ കഴിഞ്ഞ സാമ്പത്തികവർഷത്തേക്കാൾ 12 ശതമാനം വളർച്ചയാണു കമ്പനി കൈവരിച്ചത്.
2020 കാലഘട്ടത്തിൽ 45 കോടി രൂപയായിരുന്നു വിറ്റുവരവ്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷംകൊണ്ടാണ് ഇത് ഇരട്ടിയായത്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 25 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ കമ്പനിയിൽ നടത്തി. അടുത്ത സാമ്പത്തികവർഷം 110 കോടിയുടെ വിറ്റുവരവ് നേടാനാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
രാജ്യത്തിന്റെ പ്രതിരോധമേഖലയ്ക്ക് കരുത്തേകുന്ന സാന്നിധ്യമാണ് എസ്ഐഎഫ്എൽ. 1986ലാണ് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിച്ചത്. പൂർണമായും സംസ്ഥാന സർക്കാരിനു കീഴിലാണ് കമ്പനിയുടെ പ്രവർത്തനം.
ഇന്ത്യൻ ബഹിരാകാശ രംഗത്തെ അഭിമാനമായ ഐഎസ്ആർഒയിലേക്കും ഡിആർഡിഒ, ഡിഎംഡി ഇ, ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡ്, ഇന്ത്യൻ നേവി, എച്ച്ഐഎൽ തുടങ്ങിയ സ്ഥാപനങ്ങളിലേക്കു വേണ്ട വിവിധ ഘടകഭാഗങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചുനൽകാൻ കഴിയുന്ന തരത്തിലേക്ക് 2006ൽത്തന്നെ എസ്ഐഎഫ്എൽ എത്തി.
350 പേർക്കു പ്രത്യക്ഷമായും 300 പേർക്കു പരോക്ഷമായും തൊഴിൽ നൽകുന്നു. കമ്പനിയിൽനിന്ന് യുഎസ്എ, ഖത്തർ, തുർക്കി, യുഎഇ, കെഎസ്എ, പോളണ്ട് എന്നീരാജ്യങ്ങളിലേക്ക് കയറ്റുമതി നടക്കുന്നുണ്ട്.
പത്രസമ്മേളനത്തിൽ കമ്പനി ചെയർമാൻ അഡ്വ. ഷെരീഫ് മരയ്ക്കാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡയറക്ടറുമായ മേരി തോമസ്, കമ്പനി എംഡി കമാൻഡർ പി. സുരേഷ്, ജനറൽ മാനേജർമാരായ പി.കെ. മൺസൂർ, എ. അനിൽബോസ്, യൂണിയൻ നേതാക്കളായ യു.കെ. വാസു, ടി.ഡി. പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.