തൃശൂർ: യുപിഐ സൗകര്യമുള്ള രണ്ടു റുപേ ക്രെഡിറ്റ് കാർഡ് വകഭേദങ്ങൾ അവതരിപ്പിച്ച് ധനലക്ഷ്മി ബാങ്ക്. ധൻസമൃദ്ധി, ധൻവൃദ്ധി എന്നീ പേരുകളിലാണ് ക്രെഡിറ്റ് കാർഡുകൾ ഇറക്കിയത്.
ബാങ്കിന്റെ ഉന്നത നേതൃത്വത്തിന്റെയും നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ധൻസമൃദ്ധി റുപേ സെലക്ട് ക്രെഡിറ്റ് കാർഡ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.കെ. അജിത് കുമാർ പ്രകാശനം ചെയ്തു. ധൻവൃദ്ധി റുപേ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. സൂര്യരാജാണ് പ്രകാശനം ചെയ്തത്.
റുപേ ക്രെഡിറ്റ് കാർഡിന്റെ ആദ്യ കാർഡ് ചീഫ് ക്രെഡിറ്റ് ഓഫീസറും ജനറൽ മാനേജരുമായ സന്തോഷ് കുമാറിനു കൈമാറി. എൻപിസിഐ ചീഫ് റിലേഷൻഷിപ്പ് മാനേജർ രജീത് പിള്ള സന്നിഹിതനായി.
ഉപഭോക്താക്കൾക്കു സൗജന്യ വിമാനത്താവള ലോഞ്ച് പ്രവേശനം ഉൾപ്പെടെ നിരവധി മൂല്യവർധിത ആനുകൂല്യങ്ങളാണ് ഈ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നത്.
Tags : Dhana Lakshmi Bank Dhansamridhi Dhanvridhi credit cards