കോർട്ട് ഓഫ് ജസ്റ്റീസ് ഓഫ് ദി യൂറോപ്യൻ യൂണിയൻ
ലക്സംബർഗ് സിറ്റി: ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് വിപണിയിൽ മത്സരം ഇല്ലാതാക്കാൻ ശ്രമിച്ചതിന് ഗൂഗിളിന് ചുമത്തിയ കനത്ത പിഴ ശരിവച്ച് യൂറോപ്പിലെ പരമോന്നത കോടതി.
4.1 ബില്യണ്‍ യൂറോ പിഴയൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. എട്ടു വർഷം മുന്‍പ് യൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് റെഗുലേറ്റർമാർ ചുമത്തിയ റിക്കാർഡ് പിഴയ്ക്കെതിരേയുള്ള നിയമപോരാട്ടത്തിനു ശേഷമാണ് കോടതി വിധി.
യൂറോപ്യൻ കമ്മീഷൻ 2018ൽ ആദ്യം 4.34 ബില്യണ്‍ യൂറോയാണ് ഗൂഗിളിന് പിഴ ചുമത്തിയത്. ആൻഡ്രോയിഡ് ഫോണ്‍ നിർമാതാക്കൾ അവരുടെ ഫോണുകളിൽ ഗൂഗിൾ സെർച്ച്, ക്രോം ബ്രൗസർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നും, മറ്റ് എതിരാളികളുടെ ആൻഡ്രോയിഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും വ്യവസ്ഥ ചെയ്യുന്ന കരാറുകളിൽ ഒപ്പുവച്ചതിനാണ് യൂറോപ്യൻ കമ്മീഷൻ ആദ്യം പിഴ ചുമത്തിയത്.
യൂറോപ്യൻ യൂണിയന്റെ പിഴ ശിക്ഷയെ ചോദ്യം ചെയ്തതിനെത്തുടർന്ന് 2022ൽ ഒരു കീഴ്കോടതി ഈ പിഴ തുക 4.1 ബില്യണ്‍ യൂറോയായി കുറച്ചിരുന്നു. ഇതിനെതിരേയാണ് ഗൂഗിൾ ലക്സംബർഗ് ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതിയായ കോർട്ട് ഓഫ് ജസ്റ്റീസ് ഓഫ് ദി യൂറോപ്യൻ യൂണിയനിൽ അപ്പീൽ നല്‍കിയത്. ഈ അപ്പീൽ തള്ളിയ കോടതി യൂറോപ്യൻ യൂണിയന്റെ ആന്റിട്രസ്റ്റ് റെഗുലേറ്റർമാർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. ഗൂഗിളും അതിന്റെ മാതൃകന്പനിയായ ആൽഫബെറ്റും നൽകിയ അപ്പീൽ തള്ളിക്കളയുകയാണെന്ന് കോടതി വ്യക്തമാക്കി.
2018-ലെ തീരുമാനപ്രകാരം തങ്ങൾ കരാറുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കി. കഴിഞ്ഞ പതിറ്റാണ്ടുകളിൽ വിവിധ ആന്റി-ട്രസ്റ്റ് നിയമലംഘനങ്ങളുടെ പേരിൽ ഏകദേശം 11 ബില്യണ്‍ യൂറോയോളം പിഴയാണ് ഗൂഗിളിന് യൂറോപ്യൻ യൂണിയനിൽനിന്ന് ലഭിച്ചത്.
Tags : European Supreme Court Google pay fine