ഇംഗ്ലണ്ട് ടീം
ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഹാരി കെയ്ന്റെ നേതൃത്വത്തില്‍ ഇറങ്ങിയ, തോമസ് ടൂഹെല്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് കളത്തില്‍ ശ്വാസംകിട്ടാതെ പിടഞ്ഞത് 68 മിനിറ്റ്.
വലത് വിംഗ് ബാക്കായ സ്പെന്‍സിന്റെ അശ്രദ്ധ മുതലാക്കിയ കോംഗോ ഇംഗ്ലീഷ് വലയില്‍ പന്ത് എത്തിച്ചു. റൗണ്ട് ഓഫ് 32ല്‍ ലോക നാലാം റാങ്കുകാരായ ഇംഗ്ലണ്ടിനെ 68 മിനിറ്റ് കോംഗോ 1-0നു പിന്നിലാക്കി നിര്‍ത്തി. ഫിഫ ലോക റാങ്കിംഗില്‍ 46-ാം സ്ഥാനക്കാരാണ് കോംഗോ എന്നതാണ് ശ്രദ്ധേയം.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ഇംഗ്ലീഷ് ഡിഫെന്‍സിന്റെ കണ്ണുവെട്ടിച്ച് കോംഗോയുടെ ബ്രിയാന്‍ സിപെങ്ക ഗോള്‍ സ്വന്തമാക്കി. ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്ഡന് പിക്ഫോഡിന്റെ നീട്ടിയ കരങ്ങള്‍ക്കും അപ്പുറത്തുകൂടി ആയിരുന്നു സിപെങ്കയുടെ ഫിനിഷിംഗ്. തുടര്‍ന്ന് ഇംഗ്ലീഷുകാരെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു കോംഗോ താരങ്ങള്‍ ഒന്നടങ്കം നടത്തിയത്.
ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗമിന്റെയും ഹാരി കെയ്ന്റെയുമെല്ലാം ഗോള്‍ എന്നുറച്ച ഹെഡറും ഷോട്ടുകളും കോംഗോ ഗോള്‍കീപ്പര്‍ ലിയോണല്‍ എംപാസിയും പ്രതിരോധവും ചേര്‍ന്നു തടഞ്ഞിട്ടു. ഗാലറിയില്‍ നിറഞ്ഞ 68,239 ആരാധകരില്‍ മഹാഭൂരിപക്ഷംവരുന്ന ഇംഗ്ലീഷുകാര്‍ നിശബ്ദമായി. മിനിറ്റുകള്‍ ഇഴഞ്ഞുനീങ്ങിയതോടെ ഇംഗ്ലണ്ട് വിറച്ചു.
ആ വിറമാറ്റിയത് 75-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ നേടിയ ഗോളായിരുന്നു. കെയ്ന്റെ ഹെഡര്‍ കോംഗോ വലയില്‍. ഇംഗ്ലണ്ടിന്റെ ആശ്വാസം. 86-ാം മിനിറ്റില്‍ അസാധ്യ ആംഗിളില്‍നിന്നു തൊടുത്ത ബുള്ളറ്റ് ഷോട്ടില്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു. ഗോള്‍ പോസ്റ്റ് മനസില്‍കണ്ടുള്ള വോളിയായിരുന്നു ഹാരി കെയ്ന്‍ തൊടുത്തതെന്നതാണ് ശ്രദ്ധേയം.
ഫോണ്ടെയ്നൊപ്പം കെയ്ന്‍
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഹാരി കെയ്ന്റെ ഗോള്‍ സമ്പാദ്യം 13 ആയി. ഇതോടെ ബ്രസീല്‍ ഇതിഹാസം പെലെയെ മറികടന്നു. 12 ഗോളാണ് പെലെയ്ക്കുള്ളത്. ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്നൊപ്പമാണ് കെയ്ന്‍. ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ മാത്രം ഈ ഇംഗ്ലീഷ് സ്ട്രൈക്കര്‍ അഞ്ച് ഗോള്‍ നേടി എന്നതും ശ്രദ്ധേയം.
ആന്റണി ഗോര്‍ഡന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ട് ഗോളിനുമുള്ള അസിസ്റ്റ്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലെത്തിയശേഷം രണ്ട് ഗോളിന് അസിസ്റ്റ് നടത്തുന്ന ആദ്യ കളിക്കാരനാണ് ആന്റണി ഗോര്‍ഡന്‍.
ഫിഫ ലോകകപ്പിന്റെ രണ്ട് എഡിഷനില്‍ അഞ്ച് ഗോള്‍ വീതം നേടുന്ന ആറാമനാണ് ഹാരി കെയ്ന്‍. തിയോഫിലൊ കുബിയസ്, മിറോസ്ലാവ് ക്ലോസെ, തോമസ് മ്യുള്ളര്‍, ലയണല്‍ മെസി, കിലിയന്‍ എംബപ്പെ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. കോംഗോയ്ക്ക് എതിരായ ഇരട്ടഗോളോടെ 2026 ലോകകപ്പില്‍ ഇംഗ്ലീഷ് താരത്തിന്റെ ഗോള്‍ സമ്പാദ്യം അഞ്ച് ആയി.
Tags : England FIFA World Cup Football