ന്യൂഡൽഹി: ഭക്ഷണസാധങ്ങളുടെ വിലയിലുണ്ടായ വർധനയെത്തുടർന്ന് രാജ്യത്തെ ചില്ലറ പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ ഉയർന്നു. കഴിഞ്ഞ മാസം 3.48 ശതമാനമായാണ് പണപ്പെരുപ്പം നേരിയതോതിൽ ഉയർന്നത്. തൊട്ടു മുൻ മാസം മാർച്ചിൽ ഇത് 3.40 ശതമാനമായിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ആശങ്കയുയർത്തുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ 3.16 ആയിരുന്നു പണപ്പെരുപ്പ നിരക്ക്.
ഭക്ഷണസാധനങ്ങളിലുണ്ടായ വില വർധനയാണ് പണപ്പെരുപ്പം ഉയരാൻ കാരണമായത്. ഗ്രാമീണ പണപ്പെരുപ്പം മുൻമാസം 3.74 ശതമാനത്തിലെത്തി. മാർച്ചിൽ 3.63 ശതമാനമായിരുന്നു.
നഗരങ്ങളിലെ പണപ്പെരുപ്പം മാർച്ചിലെ 3.11 ശതമാനത്തിൽനിന്ന് 3.16 ശതമാനമായി വർധിച്ചു. റീട്ടെയിൽ പണപ്പെരുപ്പ സൂചികയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലിൽ 4.20 ശതമാനത്തിലേക്ക് ഉയർന്നു.
മാർച്ചിലിത് 3.87 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ-നഗരമേഖലയിലെ ഭക്ഷ്യപണപ്പെരുപ്പം ഗണ്യമായി ഉയർന്നു. ഗ്രാമീണ മേഖലയിൽ 4.26 ശതമാനവും നഗരമേഖലയിൽ 4.10 ശതമാനവുമാണ്.
മാർച്ചിൽ യഥാക്രമം 3.95 ശതമാനവും 3.71 ശതമാനവുമായിരുന്നു. പ്രധാന ഭക്ഷ്യവസ്തുക്കളിൽ, ഉരുളക്കിഴങ്ങ് വിലയിൽ വലിയ തോതിലുള്ള കുറവ് തുടരുകയാണ്. ഉള്ളി, പയർ, കടല എന്നിവയുടെ വില കുറഞ്ഞു നിൽക്കുകയാണ്.
എന്നാൽ, ഇതിനു വിപരീതമായി തക്കാളി, കോളിഫ്ളവർ എന്നിവയുടെ വില ഉയർന്നു നില്ക്കുന്നത് ഭക്ഷ്യസാധനങ്ങളുടെ മൊത്തത്തിനുള്ള പണപ്പെരുപ്പം വർധിക്കാൻ കാരണമായി. സ്വർണം, വെള്ളി, പ്ലാറ്റിനം, വജ്രാഭരണങ്ങൾ, കൊപ്ര എന്നിവയുടെ ഉയർന്ന വിലയും പണപ്പെരുപ്പത്തിനു കാരണമായി.