പരവൂര്‍: രാജ്യത്തെ സഹകരണ ബാങ്കിംഗ് മേഖലയില്‍ സമാനതകളില്ലാത്ത മുന്നേറ്റവുമായി കേരള ബാങ്ക് (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്). 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,700 കോടി യായി ഉയര്‍ന്നു.
മുന്‍ വര്‍ഷത്തെ 1,21,106 കോടിയില്‍നിന്ന് 5.9 ശതമാനം വളര്‍ച്ചയാണു ബാങ്ക് കൈവരിച്ചത്. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കെന്ന പദവി ഒന്നുകൂടി ഉറപ്പിക്കാന്‍ കേരള ബാങ്കിനായി. നിക്ഷേപങ്ങളിലും വായ്പകളിലും ഒരേപോലെ ഉണ്ടായ വര്‍ധനവാണു നേട്ടത്തിന് ആധാരമായത്.
ബാങ്കിന്റെ നിക്ഷേപ സമാഹരണത്തില്‍ 6.69 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 70,763 കോടിയില്‍നിന്ന് 75,500 കോടിയായാണു നിക്ഷേപം ഉയര്‍ന്നത്. ഇത് ബാങ്കിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
വായ്പാരംഗത്തും ചരിത്രപരമായ മുന്നേറ്റമാണു ബാങ്ക് നടത്തിയത്. വായ്പാ ബിസിനസ് 50,000 കോടി കടക്കുന്ന രാജ്യത്തെ ആദ്യത്തെ സഹകരണ ബാങ്കായി കേരള ബാങ്ക് മാറി. നിലവില്‍ 53,249 കോടിയാണു ബാങ്കിന്റെ വായ്പ. വരും വര്‍ഷത്തില്‍ 1.38 ലക്ഷം കോടിയുടെ സഞ്ചിത ബിസിനസ് ലക്ഷ്യമിടുന്നതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ ഏറ്റവും വലിയ പ്രത്യേകത സ്വര്‍ണ വായ്പാ രംഗത്തെ അസാധാരണ കുതിച്ചുചാട്ടമാണ്. സ്വര്‍ണവായ്പാ വിതരണത്തില്‍ 78.32 ശതമാനത്തിന്റെ വന്‍ വര്‍ധനവാണു രേഖപ്പെടുത്തിയത്.
6,505 കോടിയില്‍നിന്ന് 11,600 കോടിയായാണു സ്വര്‍ണ വായ്പാ വിഹിതം ഉയര്‍ന്നത്. കേരളത്തിലെ ബാങ്കുകള്‍ക്കിടയില്‍ സ്വര്‍ണവായ്പയുടെ കാര്യത്തില്‍ നാലാം സ്ഥാനത്തെത്താന്‍ ഇതോടെ കേരള ബാങ്കിന് സാധിച്ചു. സ്വകാര്യ-പൊതുമേഖലാ ബാങ്കുകളുമായി കിടപിടിക്കുന്ന തരത്തില്‍ സ്വര്‍ണവായ്പാ രംഗത്തു മത്സരിക്കാന്‍ ബാങ്കിന് കഴിയുന്നുണ്ട്.
സഹകരണ തത്വങ്ങളില്‍ ഉറച്ചുനിന്ന് കാര്‍ഷിക വായ്പകള്‍ക്കും ബാങ്ക് വലിയ മുന്‍ഗണന നല്കി. 3,744 കോടിയാണ് ഈ വര്‍ഷം കാര്‍ഷിക വായ്പയായി വിതരണം ചെയ്തത്. ബാങ്കിന്റെ ആകെ വായ്പാ പോര്‍ട്ട്ഫോളിയോയുടെ 23.06 ശതമാനവും കാര്‍ഷിക വായ്പകളാണ്.
പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തിലും ബാങ്ക് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ബാങ്കിന്റെ 823 ശാഖകളുടെയും ശരാശരി ബിസിനസ് 148.17 കോടിയില്‍നിന്ന് 157.37 കോടിയായി ഉയര്‍ന്നു. നിഷ്ക്രിയ ആസ്തികള്‍ (എന്‍പിഎ) ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതും ബാങ്കിന്റെ സാമ്പത്തികഭദ്രത വര്‍ധിപ്പിക്കുന്നു. ജീവനക്കാരുടെ കഠിനാധ്വാനവും സമര്‍പ്പണവുമാണ് ഈ നേട്ടങ്ങള്‍ക്കു പിന്നിലെന്ന് ബാങ്ക് പ്രസിഡന്റ് പി. മോഹനനും സിഇഒ ജോര്‍ട്ടി എം. ചാക്കോയും അറിയിച്ചു.
Tags : Kerala Bank record profit Business crosses