പരവൂര്‍: ഭാരതീയ തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി യതായി കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. ബാങ്ക് ആരംഭിച്ച ആകെ അക്കൗണ്ടുകളില്‍ 58 ശതമാനവും രണ്ട് വര്‍ഷത്തിനുള്ളില്‍ നിഷ്ക്രിയമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകെ തുറന്ന 5.13 കോടി അക്കൗണ്ടുകളില്‍ 2.98 കോടിയും നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വലിയ അപാകതകള്‍ നടന്നതായും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
1.22 കോടി അക്കൗണ്ടുകളില്‍ ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകളിലും നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പല അക്കൗണ്ടുകളും വ്യാജമോ നിലവിലില്ലാത്തതോ ആയ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ആരംഭിച്ചിരിക്കുന്നത്.
ബാങ്കിന്റെ യുപിഐ ഇടപാടുകളിലെ പരാജയനിരക്ക് വര്‍ധിക്കുന്നതായും സിഎജി ചൂണ്ടിക്കാട്ടി. 2022 സാമ്പത്തികവര്‍ഷത്തില്‍ 3.29 ശതമാനമായിരുന്ന പരാജയ നിരക്ക് 2023-ല്‍ 7.82 ശതമാനമായി ഉയര്‍ന്നു.
ഇത് നിശ്ചിത മാനദണ്ഡങ്ങളേക്കാള്‍ വളരെ കൂടുതലാണ്. കൂടാതെ, 2024 സാമ്പത്തികവര്‍ഷത്തില്‍ 362 മണിക്കൂര്‍ ബാങ്കിന്റെ സെര്‍വര്‍ തകരാറിലായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ മേഖലകളില്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിനായി ലക്ഷ്യമിട്ട ബിസിനസ് കറസ്പോണ്ടന്റുകളുടെ നിയമനത്തിലും വലിയ കുറവുണ്ട്.
നിശ്ചയിച്ച ലക്ഷ്യത്തിന്റെ 16 ശതമാനം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വീട്ടുപടിക്കല്‍ ബാങ്കിംഗ് സേവനം എത്തിക്കുന്ന ഡോര്‍സ്റ്റെപ്പ് ബാങ്കിംഗ് പദ്ധതിയും വലിയ പരാജയമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ ലഭിച്ച അപേക്ഷകളില്‍ പകുതിയിലധികവും അവഗണിക്കപ്പെടുകയോ വൈകുകയോ ചെയ്തു.
തപാല്‍ വകുപ്പിന്റെ സേവിംഗ്സ് ബാങ്ക് സംവിധാനവുമായി ഐപിപിബി കൃത്യമായി ബന്ധിപ്പിക്കാത്തത് കാരണം കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ പരാജയപ്പെട്ടതായും സുരക്ഷാ സംവിധാനങ്ങളില്‍ വലിയ വിടവുകളുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
Tags : India Post Payments Bank accounts inactive More than