ഡിസിഎൽ ലോഗോ
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ഒരിക്കൽ നമ്മുടെ മഹാകവി, ഒ.എൻ.വി. കുറുപ്പ്, നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു സുഹൃത്തിന്റെ വീട്ടിൽ സന്ദർശനം നടത്തി. വിഭവസമൃദ്ധമായ ഭക്ഷണത്തിനിടയിൽ സുഹൃത്തിന്റെ ഇളയ മകൾ ഒരു പാട്ടു പാടി.
"ആരോരുമില്ലാത്ത കുട്ടി, ഞാനാരുമില്ലാത്തൊരു കുട്ടി'' എന്ന ഗാനമാണ് ആ കുട്ടി പാടിയത്. വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കവിക്ക്, പക്ഷേ, കരളുരുക്കുന്ന ഒരു പട്ടിണിക്കുട്ടിയുടെ കദനകഥ കേട്ടിട്ട് വലിയ സങ്കടം വന്നു! പാട്ടുകഴിഞ്ഞിട്ടും ഒരു വാക്കുപോലും ഉരിയാടാതെയിരുന്ന കവിയോട് കുട്ടി ചോദിച്ചു:"" ഇഷ്ടമായില്ലേയങ്കിൾ?'' ആ മിടുക്കിയെ അഭിനന്ദിച്ച്, അന്തിയുറങ്ങാൻ കിടന്ന കവി, കണ്ണടയ്ക്കുന്പോഴെല്ലാം ആ കവിതയിലെ കുട്ടി കവിയെ നോക്കിനിൽക്കുന്നപോലെ കവിക്കു തോന്നി!
കവിയുടെ ‘വിരുന്ന് ’ എന്ന കവിതയിലെ ഭാവോജ്വലമായ ആ ഭാഗം കൂട്ടുകാർ മനഃപാഠമാക്കണം കേട്ടോ. അതിങ്ങനെയാണ്: "" കൺതുറിച്ചെന്നെത്തന്നെ, നോക്കുമാക്കിടാവിനെ / കണ്ടിട്ടുണ്ടു ഞാനെന്റെ നാട്ടിടവഴികളിൽ, / നഗരങ്ങളിൽ നടപ്പാതയി, ലെച്ചിൽ വീപ്പ / യ്ക്കരികിൽ ആദിവാസിപ്പാടിയിൽ, വരണ്ടുപോം / നദിതൻ തടങ്ങളിൽ, ഭീകര മഹായുദ്ധ ചുടലക്കളങ്ങളിൽ കണ്ടിട്ടുണ്ടീക്കുഞ്ഞിനെ!''
തുടർന്നു കവി തന്റെ വിഖ്യാതമായ വരികൾ കുറിച്ചത് ഇങ്ങനെയാണ്:
"എന്നുയിർത്തീയിൽ സ്വയം പൊരിഞ്ഞു ഞാനാക്കുഞ്ഞിന്,
മുന്നിലിന്നൊരു റൊട്ടി, ത്തുണ്ടമായ് പതിച്ചെങ്കിൽ!''
കൂട്ടുകാർക്കു കവിതയുടെ പൊരുൾ മനസിലായോ? വിശക്കുന്ന സഹജന് മുന്നിൽ, സ്വയം ഒരു റൊട്ടിത്തുണ്ടമായി മാറാൻ കൊതിക്കുന്ന കവി മനസിന് കാവ്യഭംഗി മാത്രമല്ല, കാലികമായ സാംഗത്യവുമുണ്ട്.
ഒക്ടോബർ 17ന് ഐക്യരാഷ്ട്രസംഘടന, ‘ലോക ദാരിദ്ര്യനിർമാർജനദിനം’ ആചരിക്കുകയാണ്. സൗകര്യമുള്ള അടുത്ത ദിവസം നിങ്ങളും സ്കൂളിൽ ഈ ദിനാചരണം നടത്തണം. വിശക്കുന്ന വയറുകാണുന്പോൾ, ഒഎൻവിയെപ്പോലെ ലോകം മുഴുവനും ഉള്ളുപൊള്ളിയിരുന്നെങ്കിൽ, ഇന്ന്, ലോകത്തിൽ മനുഷ്യനിർമിതമായ ഈ ഭീകര ദുരിതം ഉണ്ടാവില്ലായിരുന്നു.
ഒരു നേരം പോലും ഭക്ഷണം കിട്ടാതെ വിശന്നു മരിക്കുന്നുണ്ട് കൂട്ടുകാരേ, നിങ്ങളുടെ പ്രായത്തിലുള്ള കോടി ബാല്യങ്ങൾ!
1987 ഒക്ടോബർ 17-ന് ഫ്രാൻസിലെ പാരീസിലുള്ള ട്രൊക്കാഡെറോ ചത്വരത്തിൽ, ദാരിദ്ര്യത്തിനും വിശപ്പിനുമെതിരേ, ജോസഫ് റെസിൻസ്കി എന്ന സാമൂഹിക പ്രവർത്തകന്റെ നേതൃത്വത്തിൽ ഒരുലക്ഷത്തോളം ജനങ്ങൾ ചേർന്നു നടത്തിയ സമരമാണ്, 1992-ൽ ഐക്യരാഷ്ട്രസഭയെക്കൊണ്ട്, ഈ ദിനപ്രഖ്യാപനം നടത്തിച്ചത്!
പ്രിയ കൂട്ടുകാരേ, ലോകമാകമാനമുള്ള 110 കോടി അതിദരിദ്രരുടെ ദാരിദ്ര്യവും വിശപ്പും മാറ്റാൻ നിങ്ങൾക്ക് കഴിയണമെന്നില്ല. എന്നാൽ, നിങ്ങളുടെ ഭക്ഷണപാത്രത്തിൽനിന്നും ഒരിറ്റുഭക്ഷണംപോലും വേസ്റ്റുബോക്സിലേക്കു കളയില്ല എന്ന് നിങ്ങൾക്കു തീരുമാനമെടുക്കാമല്ലോ.
ആവശ്യമുള്ളതു മാത്രം ഭക്ഷിച്ചിട്ട്, അധികമുള്ളത് പങ്കുവയ്ക്കാൻ, വിശക്കുന്ന സോദരാ, നീ എന്റെ ഭക്ഷണമേശയുടെ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാം. വലുതാകുന്പോൾ വിശക്കുന്ന വയറുകൾ തേടി, യാത്രചെയ്യാം. "ദാരിദ്ര്യനിർമാർജനം എന്നത്, ജീവകാരുണ്യമല്ല, നീതി നടപ്പാക്കലാണ്'' എന്ന നെൽസൺ മണ്ടേലയുടെ വാക്കുകൾ എന്നുമോർക്കാം.
യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്
വ്യക്തമാക്കുന്നതുപോലെ, ദാരിദ്ര്യം സാന്പത്തികമായ പരാജയമല്ല, അത് നമ്മുടെ രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥകളുടെ പരാജയമാണ് എന്നു മനസിലാക്കാം.
വിശക്കുന്നവന്റെ മുന്പിൽ, ഗാന്ധിജി പറഞ്ഞതുപോലെ, അപ്പമായി പ്രത്യക്ഷപ്പെടുന്ന ദൈവമാകാം...
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
Tags : DCL KochettentsLetter Deepika