ചേർത്തല: തണ്ണീർമുക്കം വാരനാട് സ്വദേശിയായ പത്തു വയസുകാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം.
29നാണ് രോഗം സ്ഥിരീകരിച്ചത്. മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനുശേഷം പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാരനാട്ടുള്ള വീട്ടിലുമായി മാറിമാറിയാണ് താമസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഉറവിടം വ്യക്തമാകാത്തത്. രോഗത്തിന്റെ ഉറവിടം വ്യക്തമാകാത്തതിനാൽ തണ്ണീർമുക്കത്തും പള്ളിപ്പുറത്തും ജാഗ്രതാ നിർദ്ദേശം നൽകി. റിസോർട്ടിലെ നീന്തൽ കുളത്തിൽ നിന്നാണോയെന്നും പരിശോധിക്കുന്നുണ്ട്. ഇതിനായി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.
അവശതയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോള്‍ രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
അമീബിക് മസ്തിഷ്കജ്വരം:
ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്
ആലപ്പുഴ: തണ്ണീര്‍മുക്കം സ്വദേശിയായ പത്തു വയസുകാരന് അമീബിക് മെനിന്‍ജോ എന്‍സഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) അറിയിച്ചു.
നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നതുവഴി അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറില്‍ എത്തി തലച്ചോറിനെ ഗുരുതരമായി ബാധികുന്ന എന്‍സഫലിറ്റിസ് ഉണ്ടാക്കാനിടയാക്കുന്നു.
മലിനമായ വെള്ളക്കെട്ടുകളിലും മറ്റു ജലസ്രോതസുകളിലും രോഗകാരിയായ നെഗ്ലേറിയ ഫൗളേരി അക്കാന്തമീബ ഉണ്ടാകാനിടയുണ്ട്. മൂക്കില്‍നിന്ന് നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികള്‍ വഴി തലച്ചോറില്‍ എത്തുന്ന രോഗാണു തലച്ചോറിന് ചുറ്റുമുള്ള ആവരണത്തെ ആക്രമിക്കുകയും തലച്ചോറില്‍ നീര്‍വീക്കം ഉണ്ടാക്കുകയും തലച്ചോറിലെ കല കളെ നശിപ്പിക്കുകയും ചെയ്യുന്നു.
ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞ് അഞ്ചു മുതല്‍ 12 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നു. സാധാരണ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കില്‍ അസുഖം പെട്ടെന്ന് മൂര്‍ച്ഛിക്കുകയും ലക്ഷണങ്ങള്‍ തീവ്രമാകാനും മരണത്തിന് കാരണമാകാനും ഇടയുണ്ട്. പനി, തലവേദന, ഓക്കാനം, ഛര്‍ദി, അപസ്മാരം, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് /വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് പരസ്പര ബന്ധമില്ലാത്ത സംസാരിക്കുക, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
Tags : amoebic encephalitis nattuvisesham local news