തൃശൂർ: മോട്ടോർ വാഹന നിയമലംഘനങ്ങൾ പിഴത്തുകയുടെ പകുതിമാത്രം അടച്ചുതീർപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ് തൃശൂർ ജില്ലയിൽ നടത്തിയ അദാലത്തിലൂടെ സർക്കാരിലേക്കു മുതൽക്കൂട്ടിയത് 3,24,96,738 രൂപ. ഇതോടെ കഴിഞ്ഞവർഷം ഡിസംബർ 31 വരെയുള്ള 34 ശതമാനം ഇ ചലാൻ കേസുകളും തീർപ്പായി. പിഴയിനത്തിൽ ലഭിക്കേണ്ട തുകയുടെ 15 ശതമാനവും ഈടാക്കാനായി.
ഡിസംബർ 31 വരെ 1,16,814 വാഹനങ്ങളിൽനിന്നായി മൊത്തം 1,38,002 ഇ ചലാൻ കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽനിന്ന് മൊത്തം 21,53,28,849 രൂപയാണു ലഭിക്കേണ്ടിയിരുന്നത്. അദാലത്തിന്റെ പരിഗണനയ്ക്കുവന്ന 46,886 കേസുകളിൽനിന്നാണ് 3.24 കോടിയിലധികം ഈടാക്കിയത്. ഇനിയും 18,28,32,111 രൂപ ഈടാക്കാൻ ബാക്കിയാണ്.
എൻഫോഴ്സ്മെന്റ് തൃശൂർ, ആർടിഒ തൃശൂർ, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, തൃപ്രയാർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലെ ഇ ചലാൻ കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്.
എൻഫോഴ്സ്മെന്റ് തൃശൂരിന്റെ പരിധിയിൽ 93,995 വാഹനങ്ങൾക്കായി 1,13,675 ഇ ചലാനുകളാണ് ഉണ്ടായിരുന്നത്. ഇതിൽനിന്നായി മൊത്തം 18,08,91,990 രൂപ ഈടാക്കാനുണ്ടായിരുന്നു. 39 ശതമാനം ചലാനുകൾ തീർപ്പാക്കിയപ്പോൾ ലഭിച്ചത് 2,86,97,277 രൂപയാണ്. ഇനി 15,21,94,713 രൂപ പിഴയിനത്തിൽ ലഭിക്കാനുണ്ട്.
ആർടിഒ തൃശൂരിൽ 6316 ഇചലാൻ കേസുകളിൽനിന്ന് 92,24,350 രൂപ സർക്കാരിനു ലഭിക്കാനുള്ളതിൽ 94,6,625 രൂപ അദാലത്തിലൂടെ ഈടാക്കാനായി. 82,77,725 രൂപ ഇനിയും ലഭിക്കേണ്ടതുണ്ട്. ഗുരുവായൂർ 86,66,550 രൂപ, കൊടുങ്ങല്ലൂർ 47,72,500 രൂപ, ചാലക്കുടി 41,16,250 രൂപ, വടക്കാഞ്ചേരി 38,26,209 രൂപ, ഇരിങ്ങാലക്കുട 34,21,750 രൂപ, തൃപ്രയാർ 4,09,250 രൂപ എന്നിങ്ങനെ ഈടാക്കാനുള്ളതിൽ യഥാക്രമം 6,82,775 രൂപ, 3,39,000 രൂപ, 6,07,250 രൂപ, വടക്കാഞ്ചേരി 3,54,001 രൂപ, ഇരിങ്ങാലക്കുട 3,50,310 രൂപ, തൃപ്രയാർ 5,19,500 രൂപ എന്നിങ്ങനെയാണ് ഈടാക്കാനുള്ളത്.
ഇ ചലാൻ പിഴ അടയ്ക്കാനുള്ളവർക്ക് അന്പതു ശതമാനം ഇളവിൽ പിഴ അടയ്ക്കാനുള്ള അവസരമാണ് ഏപ്രിൽ മുപ്പതോടെ നഷ്ടപ്പെട്ടത്. ഇനി ഒറ്റത്തവണ തീർപ്പാക്കലിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കില്ല. വിവിധ പരിവാഹൻ സേവനങ്ങൾ ലഭിക്കുന്നതിൽനിന്നു പൗരന്മാരെ തടയുന്ന വലിയ ചലാനുകൾ തീർപ്പാക്കാനാണ് കേരള എംവിഡി ആംനസ്റ്റി സ്കീം 2026 പദ്ധതി പ്രഖ്യാപിച്ചിരുന്നത്.
Tags : 18.28 crores nattuvishesham local news