തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന ഗോത്രസമൂഹം.
മറയൂർ: മൊബൈൽ നെറ്റ്വർക്ക് സൗകര്യമില്ലാത്ത മറയൂർ, ഇടമലക്കുടി പഞ്ചായത്തുകളിലെ ഗോത്ര ഉന്നതികളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ത തൊഴിലാളികൾക്ക് 75 ലക്ഷം രൂപയോളം വേതനം കുടിശിക. വേതനം ലഭിക്കാതെ തൊഴിലാളികൾ ദുരിതത്തിലായി.
2026 ഫെബ്രുവരി മുതൽ നടന്ന പ്രവൃത്തികളുടെ വേതനമാണ് കുടിശികയായിരിക്കുന്നത്. ദേശീയ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ തൊഴിലാളികളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ സാധിക്കാത്തതാണ് പ്രശ്നം. ഈ മേഖലകളിൽ മൊബൈൽ നെറ്റ്വർക്ക് സൗകര്യം തീരെ ഇല്ലാത്തതിനാൽ ഓൺലൈൻ അറ്റൻഡൻസ് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല.
മേലധികാരികളുടെ അനുമതിയോടെ മാനുവൽ മസ്റ്റർ റോൾ വഴി ജോലി നൽകിയിരുന്നു. ആധാർ കാർഡ് സ്കാൻ ചെയ്ത് ജോബ് കാർഡ് ലിങ്ക് ചെയ്ത ശേഷമായിരുന്നു ജോലി നൽകിയത്. എന്നിട്ടും സിസ്റ്റത്തിൽ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയാത്തതിനാൽ വേതനം തടസപ്പെട്ടു.
മറയൂർ പഞ്ചായത്തിൽ 25 പ്രവൃത്തികളിലായി 1720 തൊഴിലാളികൾക്ക് ഏകദേശം 70 ലക്ഷം രൂപയും ഇടമലക്കുടി പഞ്ചായത്തിൽ നാല് മസ്റ്റർ റോളുകളിലായി 262 തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കാനുള്ളത്. കടുത്ത വേനലിൽ കൃഷി ചെയ്യാൻ കഴിയാതെ വന്ന ഗോത്രസമൂഹത്തിന്റെ ഏക വരുമാന മാർഗമാണ് തൊഴിലുറപ്പ് പദ്ധതി.
നിലവിൽ ഓഫ്ലൈൻ ആപ്പ് ഉപയോഗിച്ച് വേതനം വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇത് എത്രയും വേഗം പൂർത്തിയാക്കി തൊഴിലാളികൾക്ക് വേതനം ലഭ്യമാക്കണമെന്ന് മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസ് ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham 75 lakh wage arrears tribal workers Marayoor and Edamalakkudy