മഞ്ചേരി: കേസുകളുടെ ആധിക്യം മൂലം വീർപ്പുമുട്ടുന്ന മഞ്ചേരി എസ്സി-എസ്ടി കോടതിക്ക് ആശ്വാസമായി എൻഡിപിഎസ് കേസുകൾ മാത്രം പരിഗണിക്കുന്ന കോടതി അനുവദിക്കാൻ സർക്കാർ ഉത്തരവ്. 2013ലാണ് പട്ടികജാതി-വർഗ വിഭാഗങ്ങളുടെ കേസുകൾ പരിഗണിക്കുന്നതിനായി പ്രത്യേക കോടതി മഞ്ചേരിയിൽ ആരംഭിക്കുന്നത്.
മഞ്ചേരി -കോഴിക്കോട് റോഡിൽ കെഎസ്ഇബിയുടെ ഉടമസ്ഥതതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു കോടതി പ്രവർത്തനമാരംഭിച്ചത്. 2019 ഡിസംബറിൽ മയക്കുമരുന്നു കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മഞ്ചേരിക്ക് പുതിയ എൻഡിപിഎസ് കോടതി അനുവദിക്കുകയും ഇതിന്റെ ചുമതല എസ്സി-എസ്ടി കോടതിക്ക് നൽകുകയും ചെയ്തിരുന്നു.
പുതിയ കോടതിയുടെ ചുമതല നൽകിയതോടെ കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായത്. എന്നാൽ കോടതിയിൽ പ്രാരംഭ കാലത്തെ സ്റ്റാഫ് പാറ്റേണ് തന്നെയാണ് തുടർന്നുവന്നത്. ഇത് ജീവനക്കാരുടെ ജോലിഭാരം പതിൻമടങ്ങാക്കി. നിലവിൽ കോടതിയിൽ 122 എസ്സി-എസ്ടി കേസുകളുള്ളപ്പോൾ എൻഡിപിഎസ് കേസുകളുടെ എണ്ണം 985 ആണ്. കുറ്റപത്രം സമർപ്പിച്ച കേസുകൾ മാത്രമാണിത്. എഫ്ഐആർ സ്റ്റേജിലുള്ള കേസുകൾ ഇതിനു പുറമേയാണ്.
ജില്ലയിൽ നാർക്കോട്ടിക് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ എസ്സി-എസ്ടി കോടതിയിൽനിന്ന് ഡീമെർജ് ചെയ്ത് എൻഡിപിഎസ് കോടതിക്ക് എക്സ്ക്ലൂസീവ് സംവിധാനമൊരുക്കാനുള്ള മന്ത്രിസഭാ തീരുമാനം കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ അവസരമൊരുക്കും.
പുതിയ കോടതിയിലേക്ക് പ്രത്യേക ജഡ്ജിയെയും ജീവനക്കാരെയും നിയമിക്കും. തെരഞ്ഞെടുക്കപ്പെട്ട ജുഡീഷ്യൽ ജില്ലകളിൽ എൻഡിപിഎസ് കോടതികൾ ആരംഭിക്കാൻ ഹൈക്കോടതി നേരത്തേ സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം മഞ്ചേരിയിൽ എൻഡിപിഎസ് കോടതി ആവശ്യപ്പെട്ട് എം. റഹ്മത്തുള്ള എംഎൽഎ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകിയിരുന്നു.
പുതിയ കോടതി സ്ഥാപിക്കുന്നതോടെ ലഹരിക്കേസുകളിൽ പെട്ടെന്നുള്ള വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കാനാകും.
Tags : Nattuvishesham Districtnews Deepikanews A court