തൊടുപുഴ അമ്പലം റോഡില്‍ ഓണത്തോടനുബന്ധിച്ച് വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്ന ഓണത്തപ്പന്റെയും മാവേലിയുടെയും രൂപങ്ങള്‍.
തൊടുപുഴ: ഒരുമയുടെയും ഐശ്വര്യത്തിന്റെയും സന്ദേശവുമായി ഇന്ന് തിരുവോണപ്പുലരി. അത്തം മുതല്‍ ഓണം കളര്ഫുളാക്കാനുള്ള തയാറെടുപ്പിലായിരുന്നു നാടും നഗരവും. ഓണം ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി ജനങ്ങള്‍ ഇന്നലെ കൂട്ടത്തോടെ എത്തിയതോടെ ഉത്രാടപ്പാച്ചില്‍ തിരക്കിലമര്‍ന്നു. ജില്ലയിലെങ്ങും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന ഓണാഘോഷ പരിപാടികള്‍ പൊടിപൊടിച്ചു.
വസ്ത്ര, ഗൃഹോപകരണ വിപണികള്‍, പച്ചക്കറി, ഓണം വിപണന മേളകള്‍, ഓണച്ചന്തകള്‍, ചിപ്സ് കടകള്‍, പൂവിപണി എന്നിവിടങ്ങളിലായിരുന്നു ഏറെ തിരക്കനുഭവപ്പെട്ടത്. ഓണക്കോടിയും അവശ്യസാധനങ്ങളും വാങ്ങാനെത്തിയവരുടെ തിരക്ക് ഇന്നലെ ഏറെ വൈകിയും തുടര്‍ന്നു. വഴിയോര പച്ചക്കറി കടകളിലും വില്‍പ്പന തകൃതിയായിരുന്നു. ഓണത്തപ്പന്റെയും മാവേലിയുടെയും വില്‍പ്പനയും നടന്നു.
ഓണക്കച്ചവടം പ്രതീക്ഷിച്ച് പല വ്യാപാരസ്ഥാപനങ്ങളും കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിച്ചു. ഓണാവധിക്കാലമായതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലയും ഉണര്‍ന്നു.
ഓണസദ്യ ബുക്ക് ചെയ്യാനും തിരക്കനുഭവപ്പെട്ടു. സദ്യ വീട്ടിലൊരുക്കാന്‍ സമയമില്ലാത്തവര്‍ക്ക് പല ഹോട്ടലുകളും കേറ്ററിംഗ് സര്‍വീസുകളും ഓണസദ്യ തയാറാക്കി നല്‍കുന്നുണ്ട്. ഇന്നും സദ്യ ലഭ്യമാകും. പായസമേളകള്‍ ദിവസങ്ങളായി സജീവമാണ്. പാലട, അടപ്രഥമന്‍, പരിപ്പ്, ഗോതമ്പ് തുടങ്ങി പായസങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. നഗര പ്രദേശങ്ങളിലാണ് പാഴ്സല്‍ ഓണസദ്യക്ക് ആവശ്യക്കാര്‍ കൂടുതല്‍. സിനിമാ തിയറ്ററുകളിലും ഓണത്തോടനുബന്ധിച്ച് വലിയ തിരക്കാണുണ്ടായത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളാണ് ഓണത്തോടനുബന്ധിച്ച് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
എന്നാല്‍ രണ്ടു ദിവസമായി തുടരുന്ന മഴ ഓണവിപണിയെ സാരമായി ബാധിച്ചു. മഴമൂലം സാധാരണ കണ്ടുവരാറുള്ള തിരക്ക് പല ടൗണുകളിലും ദൃശ്യമായില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. ഉത്രാടദിനത്തില്‍ മാനം തെളിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇടവിട്ട് മഴ പെയ്തതാണ് തിരിച്ചടിയായത്. ഇതോടെ ഓണവും മഴയില്‍ മുങ്ങുമോ എന്നാണ് ആശങ്ക.
ഇതിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ സെപ്റ്റംബറിലെ ശമ്പളം ഓണത്തിനു മുമ്പ് ലഭിക്കാതിരുന്നതും വിപണിയെ ബാധിച്ചതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. സാധാരണ മാസത്തിന്റെ അവസാന നാളുകളില്‍ ഓണം എത്തിയാല്‍ ശമ്പളം മുന്‍കൂറായി നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ ബോണസും അഡ്വാന്‍സും നേരത്തേ നല്‍കിയെങ്കിലും ശമ്പളം നല്‍കാതിരുന്നത് വിപണിയെ പ്രതികൂലമായി ബാധിച്ചു.
ഉത്രാടപ്പാച്ചിൽ അടിമാലിയും
അടിമാലി: ഓണം പിറന്നതോടെ ഉത്രാടപ്പാച്ചിലിന്റെ ത്രില്ലിലമർന്ന് അടിമാലിയും. ഓണക്കോടിയുടെ നിറച്ചാർത്തും സദ്യവട്ടങ്ങളുടെ രുചിമേളവും സ്വന്തമാക്കാൻ അടിമാലിയിലെ വ്യാപാരസ്ഥാപനങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഓണനാളിലെ ഐശ്വര്യവും സമൃദ്ധിയും വരവേൽക്കാൻ അടിമാലിയിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം സജീവമാണ്.
സാധാരണ പ്രവൃത്തിദിനമായിരുന്നിട്ടും ദേവികുളം താലൂക്കിലെ അടിമാലി, കുഞ്ചിത്തണ്ണി, മൂന്നാർ, ആനച്ചാൽ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
സായാഹ്നത്തോടെ ഓഫീസുകളിൽനിന്നും ജോലിസ്ഥലങ്ങളിൽനിന്നും ഇറങ്ങിയവരും കുടുംബസമേതം എത്തിയവരും ചേർന്നതോടെ ടൗണുകൾ ജനനിബിഡമായി.
സദ്യക്കുള്ള പച്ചക്കറികൾ, പായസക്കൂട്ടുകൾ, പൂക്കൾ, ബേക്കറി ഉത്പന്നങ്ങൾ എന്നിവ വാങ്ങാനാണ് കടകളിൽ നീണ്ട നിര കാണുന്നത്. ചിപ്സ് കടകൾക്കു മുന്നിലും നാടൻ വിഭവങ്ങൾ ലഭിക്കുന്ന പച്ചക്കറി വിപണികളിലും ആളുകളുടെ തിരക്ക് ഏറെയാണ്. സാധനങ്ങളുടെ വില കേട്ടാൽ തലകറങ്ങും! എങ്കിലും വർഷത്തിലൊരിക്കൽ വരുന്ന ഓണമല്ലേ... ഒഴിവാക്കാൻ കഴിയില്ലല്ലോ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പച്ചക്കറികൾക്കും പൂക്കൾക്കും വൻ വിലവർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയൽ സ്ഥാനങ്ങളിൽനിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതും തിരിച്ചടിയായി.