പുൽപ്പള്ളി: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാടിച്ചിറ റോമിയോ ബേബി(28)യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തു വച്ചാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് നടപടി.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പ നടപ്പാക്കാൻ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആറു മാസത്തേക്കാണ് തടവ്.
2023 ൽ കാട്ടിക്കുളത്ത് കരുണ ഭവൻ വൃദ്ധ സദനത്തിൽ നിന്ന് 22,000 രൂപ വില മതിക്കുന്ന കാപ്പിക്കുരു മോഷണം നടത്തിയ കേസിലും പാടിച്ചിറ ക്ഷേത്രത്തിലെ ഭണ്ഡാരവും മേശവലിപ്പും കുത്തിത്തുറന്ന് 4,000 രൂപയോളം കവർന്ന കേസിലും കാട്ടിക്കുളം സെന്റ് പീറ്റേഴ്സ് മലങ്കര പള്ളിയിൽ കയറി സിസിടിവിയുടെ ഡിവിആർ മോഷ്ടിച്ച കേസിലും ഇരിട്ടി നിത്യ സഹായ മാതാ പള്ളിയിലെ ഭണ്ഡാരം പൊളിച്ച് 55000 രൂപയോളം കവർന്ന കേസിലും ഇയാൾ പ്രതിയാണ്.
പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.വി. മഹേഷിന്റെ നേതൃത്വത്തിൽ എസ്സിപിഒ ഫിറോസ് ഖാൻ സിപിഒ റോബിൻ പൗലോസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരംതിരിച്ച് കൂടുതൽ പേർക്കെതിരേ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി അറിയിച്ചു.
Tags : nattu vishesham habitual offender jailed