താമരശേരി: കേന്ദ്ര പരിസ്ഥിതി- വനം- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 ജൂലൈ 27ന് പുറത്തിറക്കിയ പരിസ്ഥിതി സംവേദക പ്രദേശം സംബന്ധിച്ച കരട് വിജ്ഞാപനത്തിനെതിരേ പ്രതിഷേധവും തുടര്‍നടപടികളും ആസൂത്രണം ചെയ്യുന്നതിനായി കോഴിക്കോട് ജില്ലയിലെ ജനപ്രതിനിധികളുടെ സംയുക്ത അടിയന്തര യോഗം ചേരുന്നു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് തിരുത്തലുകളും ജനകീയ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 25 ആണ്.
ഈ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളെയും സാധാരണക്കാരെയും ബാധിക്കുന്ന വിഷയത്തില്‍ ഉചിതമായ തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിജ്ഞാപനം നേരിട്ട് ബാധിക്കുന്ന തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കാവിലുംപാറ, കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, നരിപ്പറ്റ, വാണിമേല്‍ പഞ്ചായത്തുകളിലെ ഭരണസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിജു താന്നിക്കക്കുഴി അറിയിച്ചു.
Tags : Nattuvishesham Districtnews Deepikanews A joint meeting